നീലാചല്‍ കുന്നിനു മുകളിലെ അമ്പുബാച്ചി മേള; വടക്കു കിഴക്കിന്റെ കുംഭമേള

HIGHLIGHTS
  • വടക്കു കിഴക്കിന്റെ കുംഭമേള എന്നറിയപ്പെടുന്ന അമ്പുബാച്ചി മേള ഈ വര്‍ഷം ജൂണ്‍ 22 മുതല്‍ 26 വരെയാണ്
ambubachi -mela
Image Credit : Shutterstock/Gautam Deka
SHARE

മുത്തശ്ശിക്കഥകളെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളുള്ള നാടുകളാണ് വടക്കു കിഴക്കേ ഇന്ത്യയില്‍ പലയിടത്തുമുള്ളത്. അത്തരം വിശ്വാസങ്ങളുടെ ഒരു കേന്ദ്രമാണ് അസമിലെ ഗുവാഹത്തിയില്‍ നിന്നു 11 കിലോമീറ്റര്‍ അകലെ നീലാചല്‍ കുന്നിന്‍ മുകളിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം. വടക്കു കിഴക്കിന്റെ കുംഭമേള എന്നറിയപ്പെടുന്ന അമ്പുബാച്ചി മേള ഈ വര്‍ഷം ജൂണ്‍ 22 മുതല്‍ 26 വരെ നടക്കുക ഈ കാമാഖ്യ ക്ഷേത്രത്തിലാണ്.

temple-ambachi
Image Credit : Saurav022/ Shutterstock

മതപരമായ ചടങ്ങ് എന്നതിനേക്കാള്‍ ഒരുനാടിന്റെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളേയുമെല്ലാം അടുത്തറിയാന്‍ സഹായിക്കുന്ന അവസരം കൂടിയാണ് എല്ലാവര്‍ഷവും നടക്കുന്ന അമ്പുബാച്ചി മേള. കാമാഖ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ യോനിയാണ്. വര്‍ഷത്തിലൊരിക്കല്‍ കാമാഖ്യ ദേവി രജസ്വലയാവുന്ന ദിനങ്ങളാണ് അമ്പുബാച്ചി മേളയായി ആഘോഷിക്കുന്നത്. 

അമ്പുബാച്ചിയുടെ മൂന്നു ദിവസങ്ങള്‍ പൊതുവേ നാട്ടുകാര്‍ക്ക് വ്രതാനുഷ്ഠാനങ്ങളുടെ കൂടി ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ കാമാഖ്യ ദേവി രജസ്വലയാവുന്നുവെന്നാണ് വിശ്വാസം. ദേവിയുടെ ആര്‍ത്തവത്തിന്റെ ആ മൂന്നു ദിവസങ്ങളിലും പൂജകളൊന്നും നടത്താതെ ക്ഷേത്രവാതിലുകള്‍ അടച്ചിടും. ഇതേ ദിവസങ്ങളില്‍ അടഞ്ഞു കിടക്കുന്ന ക്ഷേത്രത്തിനു പുറത്ത് അമ്പുബാച്ചി മേള അരങ്ങേറും. പല ദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും സഞ്ചാരികളുമെല്ലാം അമ്പുബാച്ചി മേളയില്‍ പങ്കെടുക്കാനായി നീലാചല്‍ കുന്നു കയറും. കുംഭമേളയിലേതുപോലെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും നിരവധി സന്ന്യാസിമാരും അമ്പുബാച്ചി മേളയിലേക്ക് എത്തിച്ചേരാറുണ്ട്. 

കാമാഖ്യ ദേവിയുടെ മൂന്ന് ആര്‍ത്തവ ദിനങ്ങള്‍ക്കൊടുവില്‍ നാലാം ദിവസത്തിലാണ് ക്ഷേത്രകവാടങ്ങള്‍ തുറക്കുക. ഇതിനു ശേഷമാണ് ഇവിടെ പതിവു പൂജകള്‍ ആരംഭിക്കുക. ചുവന്ന തുണിയാണ് ഇവിടുത്തെ പ്രസാദമായി കണക്കാക്കുന്നത്. കാമാഖ്യയുടെ ആര്‍ത്തവ രക്തത്തില്‍ പുരണ്ട ആ തുണിക്കഷണങ്ങള്‍ അഭിവൃദ്ധിയുടെ സൂചനകളായും കരുതപ്പെടുന്നു. 

അമ്പുബാച്ചി എന്നാല്‍ വെള്ളവുമായുള്ള സംസാരമെന്നും അര്‍ഥമുണ്ട്. ഗുവാഹത്തിയിലും അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം മഴ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ കൂടിയാണ് അമ്പുബാച്ചി മേള നടക്കുന്നത്. പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരു വിശ്വാസവും അമ്പുബാച്ചി മേളയുമായി ബന്ധപ്പെട്ടുണ്ട്. രജസ്വലയാവുന്നതോടെ പുതിയ സൃഷ്ടിക്കുള്ള കഴിവ് കാമാഖ്യ ദേവിക്ക് ലഭിക്കുന്നതുപോലെ മഴയുടെ വരവോടെ ഭൂമിയിലും പുതിയ കൃഷി ആരംഭിക്കാനാവുമെന്നും നാട്ടുകാര്‍ കരുതുന്നു.

എങ്ങനെ എത്തിച്ചേരാം

വടക്കു കിഴക്കേ ഇന്ത്യയുടെ പടിവാതിലായി അറിയപ്പെടുന്ന നഗരമായ ഗുവാഹത്തിയിലാണ് കാമാഖ്യ ക്ഷേത്രമുള്ളത്. പ്രധാന നഗരങ്ങളുമായി റോഡുമാര്‍ഗം ബന്ധമുള്ള ഗുവാഹത്തിയുടെ അടുത്തുള്ള മെട്രോ നഗരം കൊല്‍ക്കത്തയാണെങ്കിലും ഇവിടേക്ക് ആയിരം കിലോമീറ്ററിലേറെ ദൂരമുണ്ട്.

ട്രെയിന്‍ മാര്‍ഗം വരികയാണെങ്കില്‍ കാമാഖ്യ ജംങ്ഷനാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. കാമാഖ്യ ക്ഷേത്രം ഈ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ്. ഗുവാഹത്തി വിമാനത്താവളം തന്നെയാണ് അടുത്തുള്ള വിമാനത്താവളം. കാമാഖ്യ ക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ മാത്രമേ ഇവിടേയ്ക്കുള്ളൂ. 

Content Summary : Ambubachi Mela is a festival that is celebrated at the Kamakhya temple in Guwahati, Assam.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS