ADVERTISEMENT

അതിഥികളെ സന്തോഷിപ്പിക്കുകയും അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്നതിലാണ് ഓരോ അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടേയും വിജയം. അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ പോവുന്നവരില്‍ ഭൂരിഭാഗവും റോളര്‍ കോസ്റ്റര്‍ റൈഡുകള്‍ ഒഴിവാക്കാറില്ല. അപൂര്‍വ്വമായെങ്കിലും റോളര്‍കോസ്റ്ററിലെ യാത്രകള്‍ ദുരന്തത്തില്‍ അവസാനിക്കാറുണ്ട്. സ്വീഡനിലെ ഗ്രോണ ലുണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും കുട്ടികളടക്കം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

റോളര്‍ കോസ്റ്റര്‍ റൈഡിനിടെ ജെറ്റ്‌ലൈന്‍ പാളം തെറ്റിയതാണ് സ്വീഡനിലെ അപകടകാരണം. ഇതുപോലുള്ള യന്ത്രതകരാറുകളോ സാങ്കേതിക പിഴവുകളോ മാത്രമല്ല റോളര്‍കോസ്റ്റര്‍ അപകടങ്ങള്‍ക്ക് കാരണമാവാറ്. യാത്രികര്‍ വരുത്തുന്ന ചില പിഴവുകളും ശ്രദ്ധക്കുറവുമെല്ലാം വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം. റോളര്‍ കോസ്റ്ററുകളില്‍ സുരക്ഷ ഉറപ്പിക്കാന്‍ യാത്രകരുടെ ഭാഗത്തു നിന്നും കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ നോക്കാം. 'റോളര്‍കോസ്റ്ററില്‍ യാത്ര തീരും വരെ ഇരിക്കണം. കയ്യും കാലും തലയും പുറത്തിടരുത്'എന്നത് ഏറ്റവും അടിസ്ഥാനപരമായ മുന്‍കരുതലാണ്. ഇതു പറഞ്ഞുകൊണ്ടാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്‌മെന്റ് പാര്‍ക്‌സ് ആന്‍ഡ് അട്രാക്ഷന്‍സ് അഥവാ IAAPA മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത്.

ഫോട്ടോ വേണ്ട

ഒരു കാരണവശാലും റോളര്‍കോസ്റ്റര്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോട്ടോ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. ഇത്തരം ശ്രമങ്ങള്‍ നിങ്ങളുടെ മാത്രമല്ല സഹയാത്രികരുടേയും സുരക്ഷയെ ബാധിക്കും. കയ്യില്‍ നിന്നും ഫോണോ ക്യാമറയോ തെറിച്ചുപോയാല്‍ മറ്റുള്ളവരുടെ ദേഹത്താവാം വന്നു വീഴുന്നത്.

പോയാല്‍ പോയി

റോളര്‍ കോസ്റ്റില്‍ സഞ്ചരിക്കുന്നതിനിടെ കയ്യിലുള്ള പേഴ്‌സോ ഫോണോ മറ്റെന്തെങ്കിലുമോ താഴേക്കു പോയാല്‍ അതിനു പിന്നാലെ പോവാന്‍ ശ്രമിക്കരുത്. ഇത്തരം എടുത്തുചാട്ടങ്ങള്‍ വലിയ അപകടങ്ങളില്‍ കലാശിക്കും.

നിയന്ത്രണങ്ങള്‍ പാലിക്കുക

കുഞ്ഞുങ്ങളെ റോളര്‍ കോസ്റ്റര്‍ പോലുള്ള റൈഡുകളില്‍ കയറ്റുമ്പോഴാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത്. അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉറപ്പായും പാലിക്കണം. നിങ്ങളുടെ കുഞ്ഞിന് റോളര്‍ കോസ്റ്ററില്‍ കയറാന്‍ മാത്രം ഉയരമോ ഭാരമോ ഇല്ലെങ്കില്‍ പിന്നെ അങ്ങനെയൊരു സാഹസത്തിനു നില്‍ക്കരുത്. 

ശരിക്ക് ഇരിക്ക്

പലപ്പോഴും റോളര്‍കോസ്റ്ററില്‍ അപകടങ്ങള്‍ സംഭവിക്കാറ് പെട്ടെന്ന് വേഗം കൂടുകയോ വളവുകളില്‍ വെച്ചോ ഒക്കെയാണ്. നമ്മള്‍ ഇരിക്കുന്നത് ശരിയായ നിലയിലല്ലെങ്കില്‍ പുറം ഭാഗത്തിനും കഴുത്തിനുമൊക്കെ കൂടുതല്‍ ക്ഷതമേല്‍ക്കാന്‍ സാധ്യതയേറെയാണ്. എപ്പോഴും മുന്നോട്ട് നോക്കി തന്നെ ഇരിക്കുക, കുനിഞ്ഞിരിക്കാതെ നിവര്‍ന്നു തന്നെ ഇരിക്കുക, ഒപ്പം സുരക്ഷാ പരിശോധന ഒന്നിലേറെ തവണ നടത്തുക. 

പിടി വിടല്ലേ

റോളര്‍ കോസ്റ്റര്‍ റൈഡിനിടെ അതിവേഗത്തില്‍ പല ഭാഗങ്ങളിലേക്കും ശരീരം ചലിക്കാനിടയുണ്ട്. ഇതിനിടെ നിങ്ങളുടെ കൈകള്‍ പിടി വിട്ട് സ്വതന്ത്രമായി പോവാനും സാധ്യത ഏറെയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ കൈ പലയിടത്തും തട്ടാന്‍ പോലും സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ പിടിച്ചുകൊണ്ടിരിക്കുന്നതാണ് ഏറ്റവും നല്ലത്.

Content Summary :  A roller coaster accident occurred at the Gröna Lund amusement park in Stockholm, Sweden.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com