ADVERTISEMENT

അപ്രതീക്ഷിത സംഭവങ്ങളിലാണ് യാത്രയുടെ സൗന്ദര്യമെങ്കിലും അപകടമില്ലാതെ തിരിച്ചുവരാന്‍ ആരാണ് ആഗ്രഹിക്കാത്തത്. യാത്രകള്‍ സാഹസികതയിലേക്കും അതിസാഹസികതയിലേക്കും അപകടത്തിലേക്കുമൊക്കെ വളരെ പെട്ടെന്ന് മാറിയേക്കാം. പല കാര്യങ്ങളും നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കില്ലെങ്കിലും ചിലതെങ്കിലും മുന്‍കൂട്ടിയുള്ള ആസൂത്രണത്തിലൂടെ നമുക്ക് വരുതിയില്‍ നിര്‍ത്താനാവും. യാത്ര സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന ഏഴു കാര്യങ്ങൾ ഇതാ...

 

1 പഠിക്കണം

 

പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും ആളുകളുടെ രീതികളെക്കുറിച്ചുമെല്ലാം പരമാവധി അറിഞ്ഞു വയ്ക്കുന്നതു നല്ലതാണ്. യാത്രികര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളും ഭക്ഷണം കഴിക്കുന്ന ഇടങ്ങളുമൊക്കെ അറിഞ്ഞുവയ്ക്കണം. വേറെ നാടുകളിലേക്കാണെങ്കില്‍ അവിടുത്തെ സര്‍ക്കാര്‍ വെബ് സൈറ്റുകളും വിനോദ സഞ്ചാര വെബ്‌സൈറ്റുകളും നോക്കണം. യാത്രയ്ക്കിടെ ഒരു അടിയന്തര സാഹചര്യം വന്നാല്‍ ആരെ ബന്ധപ്പെടണമെന്ന വ്യക്തമായ ധാരണയോടെ വേണം യാത്ര ആരംഭിക്കാന്‍. 

 

2 ആകര്‍ഷിക്കണ്ട

 

വേഷം കൊണ്ടും പെരുമാറ്റം കൊണ്ടും ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേരുന്നതാണ് യാത്രികര്‍ക്കു നല്ലത്. ഭാഷകൊണ്ടും വസ്ത്രം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാമാണ് അന്യ നാട്ടുകാരെ കുറ്റവാളികള്‍ വേഗത്തില്‍ തിരിച്ചറിയുന്നത്. വഴി ചോദിക്കാനും മറ്റും ആരുടെയെങ്കിലും സഹായം തേടുകയാണെങ്കില്‍ കരുതലോടെ മാത്രം ചെയ്യുക. എളുപ്പം പോക്കറ്റടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ പണവും രേഖകളും സൂക്ഷിക്കുക. കുറ്റവാളികള്‍ക്കുവേണ്ടി കുറച്ചു പണവും ഉപയോഗിക്കാത്ത കാര്‍ഡുകളുമൊക്കെയുള്ള ഒരു തട്ടിപ്പു പഴ്‌സ് കയ്യില്‍ കരുതുന്നതും നല്ലതാണ്. 

 

3 പകര്‍പ്പെടുത്തോ...

 

പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് പോലുള്ള പ്രധാനപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ എടുത്തു വയ്ക്കണം. ഓണ്‍ലൈനില്‍ ഇതിന്റെ ഡിജിറ്റല്‍ കോപ്പികള്‍ സൂക്ഷിക്കുന്നതും നന്നായിരിക്കും. യാത്രകള്‍ക്കിടെ അനാവശ്യ സമയനഷ്ടം ഒഴിവാക്കാന്‍ ഇതു സഹായിക്കും. 

 

4 കുടുംബവും കൂട്ടും 

 

ഒരു ദിവസത്തേക്കായാലും മാസങ്ങള്‍ നീളുന്നതാണെങ്കിലും നിങ്ങളുടെ യാത്രകള്‍ കുടുംബവും കൂട്ടുകാരും അറിഞ്ഞിരിക്കുന്നതാണ് നല്ലത്. യാത്രയുടെ വിശേഷങ്ങള്‍ മുറയ്ക്കു വിശ്വസ്തരെ അറിയിക്കണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പതിയെ ആയാലും മതിയാവും. 

 

5 പബ്ലിക് വൈ ഫൈ 

 

ഒരു കാരണവശാലും സൗജന്യ പബ്ലിക് വൈ ഫൈ ഉപയോഗിക്കാതിരിക്കുക. ഹാക്കര്‍മാരുടെ ഇഷ്ട കേന്ദ്രങ്ങളാണിത്. വളരെയെളുപ്പം അവര്‍ക്ക് നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. അപരിചിതമായ സ്ഥലത്തുവച്ച് ബാങ്ക് അക്കൗണ്ടിലെ പണം കൂടി നഷ്ടപ്പെട്ടാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം നിങ്ങള്‍ക്ക് ആസ്വദിക്കണമെങ്കില്‍ ഒരു വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) സംവിധാനത്തിലൂടെ മാത്രം സുരക്ഷിതമായി വയര്‍ലെസ് ഇന്റര്‍നെറ്റ് ആസ്വദിക്കൂ.

 

6 ഹോട്ടല്‍ മുറി

 

ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ നമുക്ക് സുരക്ഷിതരായെന്ന തോന്നലുണ്ടാവാമെങ്കിലും ഹോട്ടല്‍ മുറികളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വാതിലും ജനലുമെല്ലാം അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അപരിചിതരെ ഒരു കാരണവശാലും മുറിക്കുള്ളിലേക്ക് കൊണ്ടു വരരുത്. താമസിക്കുന്ന ഹോട്ടലില്‍ നിന്നുള്ളവരാണെന്നു പറഞ്ഞാല്‍ പോലും ഫ്രണ്ട് ഡസ്‌കില്‍ വിളിച്ച് ഉറപ്പുവരുത്തണം. 

 

7 കരുതലോടെ

 

സോഷ്യല്‍മീഡിയയില്‍ ഇടാന്‍ പറ്റിയ നല്ല ചിത്രങ്ങള്‍ തേടി പോകുമ്പോള്‍ മതിമറന്നു പോവരുത്. നിങ്ങളുടെ ബാഗുകളും മറ്റും സുരക്ഷിതമായിരിക്കുന്നുവെന്ന് എപ്പോഴും ശ്രദ്ധ വേണം. പുതിയ മനുഷ്യരെ പരിചയപ്പെടാനും അവരുടെ രീതികള്‍ അറിയാനും ബന്ധം സ്ഥാപിക്കാനും പറ്റിയ അവസരങ്ങളാണ് യാത്രകള്‍. എന്നാല്‍ കരുതലോടെ വേണം അപരിചിതരുമായി ബന്ധം സ്ഥാപിക്കാന്‍. അടുത്തുള്ള ആരുടെയെങ്കിലും പെരുമാറ്റം സംശയകരമായി തോന്നിയാൽ വേഗം സ്ഥലം കാലിയാക്കാന്‍ മടിക്കരുത്. 

 

Content Summary : Here are some essential travel tips.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com