ADVERTISEMENT

മണ്‍സൂണ്‍ കനക്കുന്നതോടെ ആയിരത്തിലേറെ അടി മുകളില്‍ നിന്നും താഴേക്കു ചാടി പല കൈവഴികളായി പിരിഞ്ഞ് വീണ്ടും ഒന്നിച്ച് പാലു പോലെ പതഞ്ഞൊഴുകും ദൂത് സാഗര്‍. കൊങ്കണിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ദൂത് സാഗര്‍. കാടിന്റെ പശ്ചാത്തലത്തില്‍ തൂവെള്ള വെള്ളച്ചാട്ടവും ഇതിനിടയിലൂടെ പോകുന്ന ട്രെയിനും കൂടിയായാല്‍ ദൂത് സാഗറിന്റെ പകരം വയ്ക്കാനാവാത്ത ചിത്രമായി. ഈ മനോഹാരിതയില്‍ വശംവദരായി ഇപ്പോള്‍ തന്നെ ദൂത് സാഗറിലേക്ക് പോവാനിറങ്ങിയാല്‍ നിങ്ങള്‍ക്ക് അധികൃതരുടെ ശിക്ഷയും ഏറ്റുവാങ്ങി മടങ്ങേണ്ടി വന്നേക്കാം. 

കർണാടക–ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം
കർണാടക–ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം

 

ദൂത് സാഗര്‍ കാണാന്‍ പോയ നൂറുകണക്കിന് പേരെ റെയില്‍വേ ട്രാക്കില്‍ ആര്‍.പി.എഫ് തടഞ്ഞതിന്റെ വിഡിയോ വൈറലായിട്ടുണ്ട്. അധികൃതരുടെ വിലക്ക് ലംഘിച്ച് തടിച്ചു കൂടിയ ഈ ആള്‍ക്കൂട്ടം ഉത്തരവാദിത്വമില്ലാത്ത വിനോദ സഞ്ചാരത്തിന്റെ ഉദാഹരണമായാണ് മാറിയിരിക്കുന്നത്. വിലക്കു വകവയ്ക്കാതെ ദൂത് സാഗറിലേക്ക് റെയില്‍വേ ട്രാക്കിലൂടെ നടന്നുപോയവരെ ആര്‍.പി.എഫ് പിടികൂടി ശിക്ഷിക്കുന്നുവെന്ന രീതിയിലുള്ള ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ഈ വിഡിയോയിലുള്ളത് ആര്‍.പി.എഫുകാരോ റെയില്‍വേ പൊലിസോ അല്ലെന്ന് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ട്വീറ്റു ചെയ്തിട്ടുണ്ട്. 

 

തെക്കന്‍ ഗോവയില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭഗവന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് ദൂത് സാഗര്‍ വെള്ളച്ചാട്ടമുള്ളത്. മണ്ഡോവി നദി വലിയൊരു പാറക്കെട്ടില്‍ നിന്നും താഴേക്കു വീഴുമ്പോള്‍ വെള്ളം പാല്‍ക്കടലായി മാറുന്ന മനോഹരമായ കാഴ്ച ഇവിടെ കാണാനാവും. നാലു തട്ടുകളുള്ള ദൂത് സാഗര്‍ ഏറ്റവും മനോഹരമായി ആസ്വദിക്കാനാവുന്നതു മഴക്കാലത്താണ്. എന്നാല്‍ ഈ മനോഹര കാഴ്ചയിലേക്കുള്ള യാത്രകളില്‍ അപകടം പതിയിരിക്കുന്നുണ്ട്. 

 

റെയില്‍വേ ട്രാക്കില്‍ ദൂത് സാഗര്‍ കാണാനെത്തിയവരുടെ ആള്‍ക്കൂട്ടം ശ്രദ്ധയില്‍ പെട്ട സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. 'ട്രെയിനില്‍ ഇരുന്നുകൊണ്ടു മാത്രം ദൂത് സാഗര്‍ വെള്ളച്ചാട്ടം ആസ്വദിക്കണമെന്ന് നിര്‍ദേശിക്കുന്നു. റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നത് നിങ്ങളുടേയും ട്രെയിന്റേയും സുരക്ഷയെ ബാധിക്കും. ഇത് റെയില്‍വേ നിയമത്തിലെ 147, 159 വകുപ്പുകള്‍ പ്രകാരം അത് കുറ്റകരമാണ്' എന്നാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ട്വീറ്റു ചെയ്തത്. 

 

ജൂലൈ 11ന് തന്നെ ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംങിന് ഗോവ വനവകുപ്പ് അനുമതി നിഷേധിച്ചിരുന്നു. മഴ കനത്തതിനെ തുടര്‍ന്ന് അപകട സാധ്യത വര്‍ധിച്ചതു കൊണ്ടാണിത്. പ്രധാനമായും രണ്ട് ട്രക്കിങ് പാതകളാണ് ദൂത് സാഗറിലേക്കുള്ളത്. കാസില്‍ റോക്ക് റൂട്ടും കുല്ലേം റൂട്ടുമാണിത്. ആറു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനാവുന്ന റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നുള്ള 14 കിലോമീറ്റര്‍ ട്രക്കാണ് കാസില്‍ റോക്ക്. കുല്ലേം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 11 കിലോമീറ്റര്‍ നടന്നാല്‍ ദൂത് സാഗറിലേക്കെത്താം. അഞ്ചു മണിക്കൂറെടുക്കുന്ന ഈ പാതയിലൂടെ പോയാലാണ് ദൂത് സാഗറിന് സമീപത്തു കൂടെ ട്രെയിന്‍ പോകുന്നതിന്റെ പ്രശസ്തമായ ചിത്രം എടുക്കാന്‍ സാധിക്കുക. 

 

ദൂത് സാഗര്‍ മനോഹരമായ യാത്രയും ദൃശ്യവുമൊക്കെയാണെങ്കിലും യാത്രയില്‍ ഏറ്റവും പ്രധാനം സുരക്ഷിതരായിരിക്കുക എന്നതാണ്. ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ ദൂത് സാഗര്‍ ട്രക്കിങിന് അധികൃതര്‍ അനുമതി നല്‍കും. ഇതിനു ശേഷം മാത്രം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് ദൂത് സാഗര്‍ കാണാന്‍ പോകുന്നതാവും ഉചിതം. ഒക്ടോബര്‍ ആദ്യം വരെ ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്ചകള്‍ ആസ്വദിക്കാനാവും.

 

Content Summary : Dudh Sagar waterfall is a four-tiered waterfall located on the Mandovi River in the Indian state of Goa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com