ADVERTISEMENT

ഡെൻമാർക്കിനു പുറത്തുള്ള ഏറ്റവും വലിയ ഡാനിഷ് അധിവാസകേന്ദ്രം എവിടെയാണെന്നറിയാമോ? നമ്മുടെ അയൽ സംസ്ഥാനത്തെ ഒരു കുഗ്രാമമാണത്. അതെ, ഇന്ത്യയിലെ ആദ്യത്തെ ഡാനിഷ് കച്ചവടകേന്ദ്രവും സെറ്റിൽമെന്റുമെല്ലാം ഒരു സ്ഥലത്തു തന്നെയാണ്. പേരിൽത്തന്നെ താളമുള്ള, തരംഗമ്പാടിയെന്ന ചെറിയ തമിഴ് ഗ്രാമം. 

പോർച്ചുഗീസുകാരെയും സ്പാനിഷുകാരെയും ഫ്രഞ്ചുകാരെയും ബ്രിട്ടിഷുകാരെയും പോലെ, ഡെൻമാർക്കുകാരും മികച്ച നാവികരും പര്യവേക്ഷകരും ആയിരുന്നു. ക്രിസ്ത്യൻ നാലാമൻ രാജാവ് ഇന്ത്യയും സിലോണുമായുള്ള വ്യാപാരം വികസിപ്പിക്കാനായി, ഇന്ത്യയുടെ തെക്കുകിഴക്കുള്ള കോറമാണ്ടൽ തീരത്തു വന്ന് കുരുമുളകും ഏലവും രാജ്യത്തേക്കു കയറ്റുമതി ചെയ്യാൻ തുടങ്ങി. പിന്നീട് ഡെൻമാർക്കുകാർ മയിലാടുതുറൈയിലെ തരംഗമ്പാടിയിൽ ഒരു താവളം നിർമിച്ചു. പ്രാദേശിക ഭരണാധികാരിയുടെ അനുമതിയോടെ സ്വന്തമായി വ്യാപാര കേന്ദ്രവും ആരംഭിച്ചു. അങ്ങനെ ഡെൻമാർക്കിനു പുറത്തുള്ള ഏറ്റവും വലിയ ഡാനിഷ് സെറ്റിൽമെന്റായി തരംഗമ്പാടി മാറി. 

കപ്പലിൽ വന്നിറങ്ങിയ ചരിത്രം 

1620-ൽ ഡാനിഷ് കപ്പലുകൾ തരംഗമ്പാടിയിൽ എത്തിത്തുടങ്ങി. അന്ന് വ്യാപാരത്തിനായി എത്തിയ സായിപ്പിന് ഇന്ത്യൻ ഭാഷകളറിയില്ല. നമ്മുടെ നാടുകളുടെ പേര് പോലും ഉച്ചരിക്കാൻ നാക്കുവളയുകയുമില്ല. അതുകൊണ്ട് തരംഗമ്പാടിയെന്ന പേരിനെ അവർ ട്രാങ്ക്വിബാർ എന്നു വിളിക്കാൻ തുടങ്ങി. തരംഗംമ്പാടിക്കൊപ്പം കൊൽക്കത്തിലെ സെറാംപുരിലും പ്രാദേശിക ഭരണാധികാരികളുടെ അനുമതിയോടെ അവർ കോളനികൾ സ്ഥാപിച്ചു. സെറാംപുരിലായിരുന്നു ഡാനിഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആസ്ഥാനം. തരംഗമ്പാടിയിലാണ് അവർ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത്.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള തരംഗമ്പാടി ഇന്ത്യയും ഡെന്മാർക്കും തമ്മിലുള്ള സാംസ്കാരിക സമന്വയത്തിന്റെ തെളിവായി ഇന്നും നിലകൊള്ളുന്നു. മനോഹരമായ തീരദേശ പട്ടണമാണ് തരംഗമ്പാടി. മത്സ്യബന്ധനവുമായി ജീവിക്കുന്ന കുറച്ചു ഗ്രാമവാസികളുള്ള തരംഗമ്പാടിയുടെ തീരത്ത് 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഡ്മിറൽ ഓവ് ഗെഡ്ഡെയുടെ നേതൃത്വത്തിൽ ഒരു ഡാനിഷ് കപ്പൽ എത്തിയതോടെയാണ് ആ ഗ്രാമവുമായുള്ള ഡാനിഷ് ബന്ധം ആരംഭിക്കുന്നത്. ഡെന്മാർക്ക് ഇവിടെ ഒരു വ്യാപാരകേന്ദ്രം സ്ഥാപിക്കുകയും ഒരു കോട്ട പണിയുകയും ചെയ്തു, അങ്ങനെ അത് ഇന്ത്യയിലെ ഡാനിഷ് സെറ്റിൽമെന്റിന്റെ തുടക്കമായി.

കൊളോണിയൽ ശൈലിയിലെ തമിഴ്ഗ്രാമം

തരംഗംമ്പാടിയുടെ മുഖച്ഛായ തന്നെ ഡാനിഷുകാർ മാറ്റിയെന്നുപറയാം. ആ നാടിന്റെ ഓരോ മുക്കും മൂലയും അവർ വരച്ച് നിർമിച്ചു. തരംഗമ്പാടിയിലെ ഏറ്റവും ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്നാണ് ഡാനിഷ് സെറ്റിൽമെന്റിന്റെ ഭരണ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഡാൻസ്‌ബോർഗ് കോട്ട. 1620-ൽ നിർമിച്ച ഈ വാസ്തുവിദ്യാ വിസ്മയം ഡാനിഷ്, ഇന്ത്യൻ ശൈലികളുടെ സമന്വയമാണ്. ശ്രദ്ധേയമായ മറ്റൊന്ന് സിയോൺ പള്ളിയാണ്. കടലിന്റെ പശ്ചാത്തലത്തിൽ ചക്രവാളത്തിലേക്കു തലയുയർത്തി നിൽക്കുന്ന ചുവപ്പും വെള്ളയും നിറത്തിലെ പള്ളിയുടെ ദൃശ്യം ഒരിക്കൽ പ്രതാപത്തോടെ വാണിരുന്ന കാലത്തിന്റെ പ്രൗഢിയുള്ള തെളിവായി നിൽക്കുന്നു. അതിന്റെ അകത്തളങ്ങളിൽ മനോഹരമായ തടി കൊത്തുപണികൾ, ഒരു വലിയ പ്രസംഗപീഠം, എന്നിവുണ്ട് സമ്പന്നമാണ്. സെഹിയോൻ എന്നും പറയപ്പെടുന്ന ചർച്ച് ഇപ്പോഴും സജീവമായ ആരാധനാലയമാണ്. 

മിനി ഗോവ എന്നുവേണമെങ്കിൽ തരംഗംമ്പാടിയെ വിളിക്കാം. തരംഗമ്പാടിയിലെ തെരുവുകളിൽ നന്നായി സംരക്ഷിച്ചിരിക്കുന്ന ഡാനിഷ് ശൈലിയിലുള്ള കൊളോണിയൽ വീടുകൾ പഴയ കാലത്തിന്റെ മനോഹാരിത ഇന്നും വിളിച്ചോതുന്നു. ചരിഞ്ഞ മേൽക്കൂരകൾ, മരത്തൂണുകൾ, സങ്കീർണ്ണമായ കൊത്തുപണികൾ എന്നിവ ഈ വീടുകളുടെ സവിശേഷതയാണ്. ഓരോ തിരിവിലും പട്ടണത്തിന്റെ ഡാനിഷ് ഭൂതകാലത്തിന്റെ നേർക്കാഴ്ചകളുണ്ട്. തെരുവുകളിലൂടെ നടക്കുമ്പോൾ പഴയ കാലത്തിലേക്കു തിരികെ പോകുന്നത് പോലെ തോന്നും. കടലൂരിനടുത്തുള്ള മുൻ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയിൽ നിന്ന് 120 കിലോമീറ്റർ ദൂരെയാണ് ഈ ഡാനിഷ് സെറ്റിൽമെന്റ്. 

പ്രതാപകാലത്തിന്റെ ബാക്കിപത്രമെന്നോണം ഇന്ന് ഡാനിഷ് കോട്ടയും ഗ്രാമവും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവും ഡാനിഷ് പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലുമായി മാറിയിരിക്കുന്നു. ഡാനിഷ് സ്വാധീനം വാസ്തുവിദ്യയിൽ മാത്രം ഒതുങ്ങുന്നില്ല. തരംഗമ്പാടിയുടെ സാംസ്കാരിക സമ്പ്രദായങ്ങളിലും അത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കൽ സംഘടിപ്പിക്കപ്പെടുന്ന 'ട്രാങ്ക്വിബാറിന്റെ സാംസ്കാരികോത്സവത്തിൽ ഡാനിഷ് പൈതൃകം ആഘോഷിക്കുന്നതിനൊപ്പം ഇന്ത്യൻ, ഡാനിഷ് കല, സംഗീതം, നൃത്തം, പാചകരീതി എന്നിവയുടെ കൂടിച്ചേരൽക്കൂടിയാവുകയാണ്. 

Content Summary : The old Danish era governor's bungalow in Fort Dansborg in the village of Tranquebar.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com