ADVERTISEMENT

ബ്രാന്‍ഡ് യുഎസ്എ പ്രസിഡന്റും സിഇഒയുമായ ക്രിസ് തോംസണ്‍ സ്ഥാനമൊഴിയുന്നു. അടുത്ത വര്‍ഷം മേയ് 31ന് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ബ്രാന്‍ഡ് യുഎസ്എയില്‍ നിന്നും ക്രിസ് തോംസണ്‍ വിരമിക്കും. 2012 മുതല്‍ ബ്രാന്‍ഡ് യുഎസ്എയുടെ ഭാഗമായ ക്രിസ് ജോലിയേക്കാള്‍ സ്വകാര്യ ജീവിതം തെരഞ്ഞെടുത്തുകൊണ്ടാണ് വിരമിക്കുന്നതെന്നാണ് ബ്രാന്‍ഡ് യുഎസ്എ അറിയിച്ചു. 

 

'ബ്രാന്‍ഡ് യു.എസ്.എയുടെ പ്രസിഡന്റും സിഇഒയുമായി പ്രവര്‍ത്തിക്കാനായതില്‍ സന്തോഷിക്കുന്നു. നമ്മള്‍ ഒരുമിച്ചു നേടിയ ലക്ഷ്യങ്ങളില്‍ അഭിമാനമുണ്ട്. പുതിയ നേതൃത്വത്തിനു കീഴിലും ബ്രാന്‍ഡ് യുഎസ്എ കുതിപ്പു തുടരുമെന്നാണ് പ്രതീക്ഷ'  എന്നു വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ ക്രിസ് തോംസണ്‍ പ്രതികരിച്ചു. 

 

ക്രിസിനു കീഴില്‍ കൂടുതല്‍ സഞ്ചാരികളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാന്‍ ബ്രാന്‍ഡ് യുഎസ്എക്കു സാധിച്ചിരുന്നു. ക്രിസിന്റെ നേതൃത്വത്തിലുള്ള ബ്രാന്‍ഡ് യുഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ വിനോദസഞ്ചാര മേഖലക്കു പൊതുവില്‍ ഗുണം ചെയ്തുവെന്നാണ് ബ്രാന്‍ഡ് യു.എസ്.എ ബോര്‍ഡ് അധ്യക്ഷന്‍ ടോഡ് ഡേവിഡ്‌സണ്‍ പ്രതികരിച്ചത്. 

 

വിനോദ സഞ്ചാരികള്‍ക്കിടയില്‍ അമേരിക്കയെ മുന്‍നിര ലക്ഷ്യസ്ഥാനമാക്കി വയ്ക്കുന്നതില്‍ ബ്രാന്‍ഡ് യുഎസ്എ വലിയ പങ്കാണു വഹിക്കുന്നത്. അമേരിക്കയിലെ വിനോദ സഞ്ചാര രംഗത്തുളള കമ്പനികളുമായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടാണ് രാജ്യത്തെ വിനോദ സഞ്ചാര സാധ്യതകളെ ബ്രാന്‍ഡ് യുഎസ്എ വളര്‍ത്തുന്നത്. പുതിയ സിഇഒയെ ബ്രാന്‍ഡ് യുഎസ്എ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്രിസ് തോംസണ്‍ വിരമിക്കുന്ന കാലയളവിനുള്ളില്‍ പുതിയ സി.ഇ.ഒയെക്കുറിച്ചുള്ള പ്രഖ്യാപനം നടക്കും. 

 

ഒരു പ്രീമിയം ട്രാവല്‍ ഡെസ്റ്റിനേഷനാക്കി അമേരിക്കയെ മാറ്റുകയെന്ന ലക്ഷ്യത്തില്‍ 2011 മേയ് മുതലാണ് ബ്രാന്‍ഡ് യു എസ് എ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതു സ്വകാര്യ ഉടമസ്ഥതയിലാണ് ഈ കമ്പനിയുടെ പ്രവര്‍ത്തനം. രാജ്യാന്തര വിനോദ സഞ്ചാരം വഴി 18 ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ അമേരിക്കയില്‍ ജോലി ലഭിക്കുന്നുവെന്നാണ് കണക്ക്. ഓക്‌സ്‌ഫോഡ് എക്കണോമിക്‌സിന്റെ പഠനം അനുസരിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 54 ലക്ഷത്തോളം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അമേരിക്കയ്ക്കു സാധിച്ചിരുന്നു. 800 ലേറെ സ്ഥാപനങ്ങളുമായി ബന്ധമുള്ള ബ്രാന്‍ഡ് യു.എസ്.എയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

 

Content Summary : Brand USA President and CEO to step down next year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com