ADVERTISEMENT

ഓണാവധി എന്നുപറഞ്ഞാൽ യാത്രകളുടെ കൂടി ദിവസങ്ങളാണല്ലോ, നമ്മൾ മലയാളികൾ കുടുംബത്തോടൊപ്പം ഒത്തുകൂടുന്ന ഓണാവധിക്കാലത്ത് ഒരു വിദേശയാത്ര ആയാലോ. ഇന്ത്യയിൽ നിന്നും നേരിട്ട് ഫ്ലൈറ്റുള്ള രാജ്യങ്ങളിലൊന്ന് തെരഞ്ഞെടുത്ത് ഇത്തവണത്തെ അവധിക്കാലം അടിപൊളിയാക്കാം. മിനിമം 2-3 മണിക്കൂറുകൾ കൊണ്ട് എത്തിച്ചേരാവുന്ന ഡയറക്റ്റ് ഫ്ലൈറ്റുകളിലൂടെ ഒരു വിദേശയാത്രയാകട്ടെ ഈ ഓണാവധിക്ക്.

 

സിംഗപ്പൂർ 

 

ഇന്ത്യയോട് ഏറ്റവും അടുത്തുള്ള രാജ്യങ്ങളിലൊന്നും ബജറ്റ് ഫ്രണ്ട്​ലി യാത്ര ചെയ്യാൻ പറ്റുന്നതുമായ രാജ്യമാണ് സിംഗപ്പൂർ. ആധുനിക ഏഷ്യയുടെ ഒരു മൈക്രോകോസ്‌മായി മികച്ച രീതിയിൽ വിശേഷിപ്പിക്കപ്പെടുന്ന സിംഗപ്പൂർ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും സംഗമഭൂമിയാണ്. കൂടാതെ രുചിഭേദങ്ങളുടെ കലവറയും. ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ എന്നറിയപ്പെടുന്ന ഇത് തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരവും രാജ്യവുമാണ്. ഏഷ്യയിലെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന  രാജ്യം കൂടിയാണിത്. സിംഗപ്പൂരുകാരുടെ ദേശീയ വിനോദം ഭക്ഷണം കഴിക്കലാണ്, പിന്നെ ഷോപ്പിങ്. അവിശ്വസനീയമായ ഷോപ്പിങ് മാളുകൾ, ക്ലാസി ബോട്ടിക്കുകൾ, ഓർച്ചാർഡ് റോഡിലെ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ, ചൈന ടൗണിലെയും ലിറ്റിൽ ഇന്ത്യയുടെയും കാഴ്ചകൾ, ലോകോത്തര രാത്രിജീവിതം എന്നിവ സിംഗപ്പൂരിനെ വേറിട്ടതാക്കുന്നു. 

 

തായ്​ലൻഡ്

 

ലോകപ്രശസ്ത ഹണിമൂൺ ഡെസ്റ്റിനേഷനായിട്ടാണ് തായ്​ലൻഡിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യയിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു മികച്ച ഡെസ്റ്റിനേഷനാണ് ഇത്. ബജറ്റ് ട്രിപ്പാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ തായ്​ലൻഡ് തെരഞ്ഞെടുക്കാം. കേരളവുമായി പ്രകൃതിയിൽ ഏറെ സാമ്യമുള്ള തായ്​ലൻഡ് കാഴ്ചകളുടെ കലവറയാണ്. പല കുപ്രസിദ്ധ കാര്യങ്ങൾക്കും ഇവിടം പ്രശസ്തമാണെങ്കിലും സഞ്ചാരികളെ സംബന്ധിച്ച് എല്ലാമുണ്ടിവിടെ. തായ്​ലൻഡിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകളും പൊതുവെ കുറവാണ്. ഇന്ത്യയിൽ എവിടെ നിന്നും നേരിട്ട് വിമാനം ഉള്ളതിനാൽ അനായാസം പോയിവരാവുന്ന ഒരു വിദേശയാത്ര കൂടിയാണ് തായ്​ലൻഡിലേയ്ക്കുള്ളത്. 

 

ബംഗ്ലാദേശ്

 

ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. ഇന്ത്യയുടെ തൊട്ടപ്പുറത്ത് കിടക്കുന്ന ബംഗ്ലാദേശ് അധികമാരും സന്ദർശിക്കാത്തൊരു നാടാണ് എന്നത് വാസ്തവമാണ്. എന്നാൽ നിരവധി ചരിത്രസ്മാരകങ്ങളും പ്രകൃതിദൃശ്യങ്ങളുമുള്ള ഇവിടേക്കു നേരിട്ടു പറക്കാം. 2-3 ദിവസത്തെ യാത്ര പ്ലാൻ ചെയ്താൽ സുഖമായി പോയിവരാവുന്നതാണ് ബംഗ്ലാദേശ്. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് ഏറ്റവും എളുപ്പത്തിലും ചിലവു കുറഞ്ഞും പോയി വരാൻ പറ്റുന്ന രാജ്യവുമാണ് ബംഗ്ലാദേശ്. 

 

മാലിദ്വീപ് 

 

എല്ലാ യാത്രാപ്രേമികളുടെയും ഡ്രീം ഡെസ്റ്റിനേഷനാണ് മാലിദ്വീപ്. ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വിരളമായിരിക്കും. വളരെ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബര സൗകര്യങ്ങള്‍ അടങ്ങുന്ന മുന്തിയ റിസോര്‍ട്ടുകളുമുള്ള ഇവിടെ കാണാനുള്ള കാഴ്ചകൾ അനവധിയാണ്. 26 അറ്റോളുകൾ (ഒരു ലഗൂണിനെ വലയം ചെയ്യുന്ന വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ) ഉൾപ്പെടുന്ന മാലിദ്വീപ്, അവിശ്വസനീയമായ ഡൈവിങ് അവസരങ്ങൾക്ക് പേരുകേട്ടതാണ്. 4 ദിവസത്തെ പെർഫെക്റ്റ് ട്രിപ്പ് പ്ലാൻ ചെയ്ത് നേരേ മാലിദ്വീപിലേക്കു പറക്കാം. 

 

മ്യാൻമാർ

 

ഇന്ത്യയിൽ നിന്നും നേരിട്ട് ചെന്നെത്താവുന്ന മറ്റൊരു ബജറ്റ് ഫ്രണ്ട്​ലി രാജ്യമാണ് മ്യാൻമാർ. പ്രകൃതിഭംഗിക്കു പേരുകേട്ട മ്യാൻമാറിൽ എല്ലാ തരത്തിലുമുള്ള ബജറ്റ് സൗകര്യങ്ങളും ലഭ്യമാണ്. വിസ്തീർണ്ണം അനുസരിച്ചു തെക്കുകിഴക്കൻ ഏഷ്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുതാണ് ഈ രാജ്യം. ഇന്ത്യ, തായ്‌ലൻഡ്, ലാവോസ്, ബംഗ്ലാദേശ്, ചൈന, ബംഗാൾ ഉൾക്കടൽ എന്നിവയുമായി അതിർത്തി പങ്കിടുന്ന ഹിമാലയത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മ്യാൻമർ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സാഹസികതയുടെയും മനോഹരമായ യാത്ര വാഗ്ദാനം ചെയ്യുന്നു. യാത്ര ചെയ്യാൻ ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിലൊന്നായ മ്യാൻമറിന് അതിശയകരമായ പർവതനിരകൾ, പ്രകൃതിദത്ത പാതകൾ, മനോഹരമായ ബീച്ചുകൾ, മികച്ച നഗരങ്ങൾ എന്നിവയുണ്ട്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ചരിത്രമുള്ള മ്യാൻമറിൽ, സുവർണ്ണ ശ്വേദാഗോൺ മൊണാസ്ട്രി പോലുള്ള മനോഹരമായ പഗോഡകളും താഴ്‌വരകളിൽ മനോഹരമായ പർവത പശ്ചാത്തലത്തിൽ ബുദ്ധന്റെ കൂറ്റൻ പ്രതിമകളും കാണാം. 

 

ശ്രീലങ്ക

 

കേരളത്തിന് തൊട്ടടുത്തുള്ള രാജ്യമെന്ന നിലയിൽ വളരെ പെട്ടെന്ന് പ്ലാൻ ചെയ്ത് പോകാവുന്ന ഒരു ട്രിപ്പായിരിക്കും ശ്രീലങ്കയിലേയ്ക്ക്. അതിമനോഹരമായ ബീച്ചുകൾ, ആയിരക്കണക്കിന് വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രങ്ങൾ, വന്യജീവികളുടെ സമൃദ്ധി, സമ്പന്നമായ പുരാവസ്തു ചരിത്രം എന്നിവയ്ക്ക് പേരുകേട്ട ശ്രീലങ്ക വാട്ടർ സ്‌പോർട്‌സ്, അതിമനോഹരമായ സൂര്യാസ്തമയങ്ങൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, കൊതിയൂറും ശ്രീലങ്കൻ ഭക്ഷണം എന്നിവയ്ക്ക് പ്രശസ്തമാണ്. കൂടാതെ, ദ്വീപ് അതിന്റെ സമുദ്രജീവികൾക്ക് പേരുകേട്ടതാണ്. സന്ദർശകർക്ക് മിറിസ്സയിൽ തിമിംഗല നിരീക്ഷണം ആസ്വദിക്കാം അല്ലെങ്കിൽ അതിശയകരമായ പവിഴപ്പുറ്റുകളിൽ മുങ്ങുകയും സ്നോർക്കലിങ് നടത്തുകയും ചെയ്യാം. 

 

ഹോങ്കോങ്ങ്  

 

ഇത്രയും വൈബ്രന്റായ നഗരം വേറെയുണ്ടോ എന്നറിയില്ല. ലോകത്തിന്റെ എല്ലാ കാഴ്ചകളും ഒരുമിച്ച് സംഗമിക്കുന്ന നാടെന്നു വിളിക്കാം ഹോങ്കോങ്ങിനെ. 18 ജില്ലകൾ ഉൾക്കൊള്ളുന്ന ഹോങ്കോങ്ങ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് അതുപോലെ ലോകത്തിലെ ഏറ്റവും കൂടുതൽ അംബരചുംബികളായ കെട്ടിടങ്ങളുള്ള നഗരവും. ഒരു പ്രധാന തുറമുഖവും ഷോപ്പിങ് ഹബ്ബുമായ ഹോങ്കോങ്ങ് ഐക്കണിക് സ്കൈലൈനിന്റെയും രുചികരമായ പാചകരീതിയുടെയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെയും നാടാണ്. ഏറ്റവും വലിയ രണ്ടാമത്തെ ഇരിക്കുന്ന ബുദ്ധ പ്രതിമയായ, ടിയാൻ ടാൻ ബുദ്ധ ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഓഷ്യൻ പാർക്ക്, വിക്ടോറിയ പീക്ക്, വിക്ടോറിയ ഹാർബർ, ദി പീക്ക് ട്രാം എന്നിവ ഹോങ്കോങ്ങിലെ ചില മികച്ച സ്ഥലങ്ങളാണ്.

 

Content Summary : Onam vacation direct international flights from India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com