ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ സസ്യങ്ങളില്‍ ഒന്നാണ് മോസ് അഥവാ പായല്‍. പല പഴയ സംസ്കാരങ്ങളിലും ഇത് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നതായി കാണാം. ജപ്പാനിലെ ഏറ്റവും പ്രശസ്തവും, ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നതുമായ കാഴ്ചയാണ് ക്യോട്ടോയിലെ സൈഹോ-ജി അല്ലെങ്കിൽ മോസ് ടെമ്പിള്‍. ഇന്നുവരെ ആരും കാണാത്തത്ര വെറൈറ്റി പായലുകള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 

 

എന്നാല്‍ ശരിക്കുമുള്ള ഒരു മോസ് ഗാര്‍ഡന്‍ കാണണമെങ്കില്‍ ഇനി ജപ്പാന്‍ ജപ്പാൻ സന്ദർശിക്കാൻ കാത്തിരിക്കേണ്ടതില്ല. AMPA സ്കീമിന് കീഴിൽ സംസ്ഥാന വനം വകുപ്പിന്‍റെ ഗവേഷണ ഉപദേശക സമിതി വികസിപ്പിച്ച മോസ് ഗാര്‍ഡന്‍ ഈ വര്‍ഷം,

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ഖുർപതാൽ പ്രദേശത്തുള്ള ലിംഗാധർ ഗ്രാമത്തില്‍ തുറന്നു.

 

ആവാസവ്യവസ്ഥയോടും കാലാവസ്ഥാ വ്യതിയാനങ്ങളോടും കൂടുതൽ സെൻസിറ്റീവ് ആയതിനാൽ, ആവാസവ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകളുടെ ഏറ്റവും പ്രധാനപ്പെട്ട സൂചകമായി കണക്കാക്കപ്പെടുന്ന മോസ് സ്പീഷീസുകളെ പഠിക്കുന്നതിനുള്ള ഗവേഷണ പദ്ധതികൾക്ക് കഴിഞ്ഞ വർഷം സംസ്ഥാന വനം വകുപ്പ് അംഗീകാരം നൽകിയിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ 2,300 മോസ് സ്പീഷീസുകൾ ഇന്ത്യയിൽ കാണപ്പെടുന്നു അതിൽ 339 എണ്ണം ഉത്തരാഖണ്ഡിലാണ്.

 

ലിംഗാധറിലെ, 10 ഹെക്ടറിൽ പരന്നുകിടക്കുന്ന ഗാര്‍ഡനില്‍, ഒരു കിലോമീറ്ററിലധികം നീളമുള്ള നടപ്പാതയുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ(IUCN) റെഡ് ലിസ്റ്റിൽ ഉള്‍പ്പെടുന്ന സിമൻറ് മോസ്, ബ്രാക്കിത്തീസിയം ബുക്കാനാനി എന്നീ രണ്ടു അപൂര്‍വ്വ പായല്‍ച്ചെടികള്‍ അടക്കം, 30 ഇനം ബ്രയോഫൈറ്റുകൾ ഇവിടെയുണ്ട്.

 

പായലിന് വളരെയധികം പേരുകേട്ട ഭാഗമാണ് പടിഞ്ഞാറൻ ഹിമാലയം. മൺസൂൺ കാലത്ത് എപ്പോഴെങ്കിലും ഈ മലനിരകളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ പാറകളിലും കോൺക്രീറ്റ് ബെഞ്ചുകളിലും കുന്നിൻചെരിവുകളിലും ആഡംബരത്തോടെ വളരുന്ന പായലിന്‍റെ പുതപ്പ് കാണാം. പ്രാദേശികമായി വളരുന്ന പായലുകളും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. 

 

എന്നാല്‍ ഇവിടുത്തെ പ്രധാന ഹൈലൈറ്റ് അതൊന്നുമല്ല, ഒന്നാം ലോക മഹായുദ്ധത്തില്‍, തങ്ങള്‍ക്കേറ്റ മുറിവുകൾ ഉണക്കാൻ സൈനികര്‍ ഉപയോഗിച്ച സ്പാഗ്നം മോസ് ആണ് ഈ ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണം. ഏറെ ഫലപ്രദമായ ഒരു ആന്റിസെപ്റ്റിക് എന്നതിന് പുറമേ, പരുത്തിയെക്കാൾ വളരെ വേഗത്തിൽ ഈർപ്പം ആഗിരണം ചെയ്യാനും ഇതിനു കഴിയും. 

 

ബ്രയോഫൈറ്റിന്‍റെ ചരിത്രാതീത കാലത്തെ പൂർവ്വികരെ അനുസ്മരിപ്പിക്കുന്ന ഒരു ദിനോസർ ഇൻസ്റ്റാളേഷനും ഈ ഗാര്‍ഡനിലുണ്ട്. കൂടാതെ പായലുകളുടെ ആവാസവ്യവസ്ഥ പ്രദര്‍ശിപ്പിക്കുന്ന ഒരു മോസ് ടെറേറിയം, ജപ്പാൻകാർക്കിടയിൽ ട്രെന്‍ഡായ മോസ് ആഭരണങ്ങൾ,താപനില നിയന്ത്രിക്കാനും ബാക്ടീരിയകളെ അകറ്റി നിർത്താനും കഴിയുന്ന പായല്‍ കൊണ്ട് നിര്‍മ്മിച്ച പക്ഷിക്കൂടുകള്‍ എന്നിവയും ഇവിടുത്തെ കാഴ്ചകളാണ്.

 

മാർച്ച്, മേയ്, ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളാണ്  നൈനിറ്റാൾ മോസ് ഗാർഡൻ സന്ദർശിക്കാൻ പറ്റിയ സമയം.

 

Content Summary : Uttarakhand forest department has dedicated the newly-built Moss Garden to the people in Nainital district. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com