ADVERTISEMENT

ചെരുപ്പിടാതെ നടക്കാൻ നമുക്ക് ചിലപ്പോൾ സാധിക്കുമായിരിക്കും. ഇന്റർനെറ്റ് ഇല്ലാതെ വേണമെങ്കിൽ കുറച്ച് മണിക്കൂറുകൾ ചെലവഴിക്കാനും പറ്റുമായിരിക്കും. എന്നാൽ ഇതൊക്കെ ഒരു സമയം കഴിഞ്ഞാൽ നമുക്ക് ആവശ്യമാണ്. എന്നാൽ ഫോൺ പോലുമില്ലാതെ ചെരിപ്പിടാതെ, വൈദ്യുതി ഉപയോഗിക്കാതെ, എന്തിന് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാതെ ജീവിക്കുന്ന ഒരു ജനതയുണ്ട്. വല്ല കാട്ടിലും താമസിക്കുന്നവരുടെ കാര്യമായിരിക്കും പറഞ്ഞുവരുന്നത് എന്നാണോ ചിന്തിക്കുന്നത് ? എങ്കിലല്ല, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും മൂന്ന് മണിക്കൂർ മാത്രം അകലെയുള്ള ഒരു സമൂഹത്തെക്കുറിച്ചാണ് ഈ പറഞ്ഞതെല്ലാം. ഇക്കാലത്ത്  ഇങ്ങനെയൊക്കെ ജീവിക്കാനാകുമോ എന്ന് ആശ്ചര്യപ്പെടാൻ വരട്ടെ. ഈ മനുഷ്യർക്ക് നിഷിധമായ മറ്റുകാര്യങ്ങൾ കൂടി കേട്ടിട്ട് മതി ആശ്ചര്യപ്പെടുന്നതൊക്കെ. 

∙ ദുരന്തങ്ങളെ തടുക്കാൻ പുറംലോകത്തോട് മുഖം തിരിക്കുന്നവർ 

ബദൂയി എന്നാണ് ഈ അപരിഷ്കൃത സമൂഹം അറിയപ്പെടുന്നത്. സ്വമേധയാ ഒറ്റപ്പെടലിൽ കഴിയുന്ന അവർ പുറത്തുനിന്നുള്ളവരെ അകറ്റുന്ന ഒരു രഹസ്യ ഗ്രൂപ്പാണ് ശരിക്കും. വാസ്തവത്തിൽ, ബദുയി ആളുകളെ കുറിച്ച് ആർക്കും മതിയായ വിവരങ്ങളൊന്നുമില്ല. അവരുടെ ഗ്രാമങ്ങളും ആളുകളും പ്രത്യേകിച്ച് അവരുടെ പുണ്യ ചടങ്ങുകൾപോലും  പുറത്തുനിന്നുള്ളവർക്ക് അടുത്തറിയാനുള്ള ഭാഗ്യമില്ല. ദുരന്തം തടയാൻ കർശനമായ നിയമങ്ങൾ പാലിക്കേണ്ട ഭൂമിയിലെ ആദ്യത്തെ ആളുകളാണ് തങ്ങളെന്ന് ബദുയി ആളുകൾ വിശ്വസിക്കുന്നു. ബദുയി ആളുകൾ പ്രകൃതിയോട് വളരെ സെൻസിറ്റീവ് ആയിട്ടുള്ളവരാണ്. പരിസ്ഥിതിക്കു തടസമാകുന്നതൊന്നും അവർ ചെയ്യില്ല. അതിനാലാണ് ഇന്ന് ആധുനിക ലോകം കൈകാര്യം ചെയ്യുന്ന ഒന്നുംതന്നെ അവർ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കാത്തത്. 

സ്കൂൾ വിദ്യാഭ്യാസം, ഗ്ലാസ്, മദ്യം, പാദരക്ഷകൾ, വെള്ളത്തിന്റെ ഗതി തിരിച്ചുവിടൽ, നാല് കാലുകളുള്ള മൃഗങ്ങളെ വളർത്തൽ എന്നിവ ബദുയികൾക്ക് വിലക്കപ്പെട്ട കാര്യങ്ങളുടെ നീണ്ട പട്ടികയിൽ ചിലതു മാത്രം. കൊല്ലുക, മോഷ്ടിക്കുക, കള്ളം പറയുക, വ്യഭിചാരം ചെയ്യുക, മദ്യപിക്കുക, രാത്രി ഭക്ഷണം കഴിക്കുക, ഏതെങ്കിലും തരത്തിലുള്ള വാഹനം സ്വന്തമാക്കുക, പുഷ്പങ്ങളോ സുഗന്ധദ്രവ്യങ്ങളോ ഉപയോഗിക്കുക സ്വർണ്ണമോ വെള്ളിയോ ധരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുക, പണം ഉപയോഗിക്കുക, മുടി വെട്ടുക എന്നിവയും ഈ സമൂഹത്തിന് നിഷിദ്ധമാണ്. മണ്ണൊലിപ്പ് തടയാൻ സഹായിക്കുന്ന ലോഹ ചൂളകൾ പോലും ഉപയോഗിക്കാൻ പാടില്ലത്രേ. വീടുകൾ ഒക്കെ ഇന്നും ഓല മേഞ്ഞതും കൈകൊണ്ട് നിർമ്മിച്ചവയുമാണ്. 

ജക്കാർത്തയ്ക്ക് പുറത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചേരാവുന്ന ബാന്റൻ പ്രവിശ്യയിൽ താമസിക്കുന്ന ഒരു പരമ്പരാഗത സുന്ദനീസ് വംശീയ വിഭാഗമാണ് ബദുയ്. ബദുയികളെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് ബദുയ് ലുവാർ എന്നറിയപ്പെടുന്ന പ്രദേശത്ത് താമസിക്കുന്ന കമ്മ്യൂണിറ്റികളാണ്. ബദുയ് ലുവാറിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന 22 ഗ്രാമങ്ങളുണ്ട്. ബദുയ് ദലം എന്നറിയപ്പെടുന്ന പ്രദേശത്ത് താമസിക്കുന്ന 40 കുടുംബങ്ങൾക്ക്  പുറംലോകത്തു നിന്നും സംരക്ഷണമേകുന്നത് ബദുയ് ലുവാർ രൂപീകരിക്കുന്ന കമ്മ്യൂണിറ്റികളാണ്.

ജക്കാർത്തയിൽ താമസിക്കുന്ന ആളുകൾക്ക് ഒരു വാരാന്ത്യ ഗേറ്റ്‌വേ എന്ന നിലയിൽ ഈ കമ്മ്യൂണിറ്റി വളരെ പ്രസിദ്ധമാണ്, എന്നാൽ ഇത് ബീച്ചുകളും കടലും അവധിക്കാല സ്‌നാപ്പ്ഷോട്ടുകളും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല. ഫോട്ടോ എടുക്കുന്നത് നിഷിദ്ധമാണെന്നും ആധുനിക സാങ്കേതിക വിദ്യയുമായി യാതൊരു ബന്ധവുമില്ലെന്നും ബദുയ് ദലം ആളുകൾ കരുതുന്നു. സന്ദർശകർക്ക് ബദുയ് ദലത്തിൽ രാത്രി തങ്ങുന്നത് മുമ്പ് നിരോധിച്ചിരുന്നു, എന്നാൽ ഇപ്പോൾ ചില ദിവസങ്ങളിൽ അത് സാധ്യമാണ്. ബദുയ് ദലം സിബിയോ, സികെർതവാന, സിക്യുസിക് എന്നീ മൂന്ന് ഗ്രാമങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പുറം ലോകവുമായി പരിമിതമായ സമ്പർക്കം മാത്രമേ ഉള്ളൂ, ആധുനിക സാങ്കേതികവിദ്യകളൊന്നും ഇവർ ഉപയോഗിക്കുന്നില്ല. നാട്ടിൻപുറങ്ങളിലൂടെയുള്ള ചെളി നിറഞ്ഞ പാതകളിലൂടെ മണിക്കൂറുകളോളം ട്രെക്കിങ് മാത്രമാണ് ഈ ഗ്രാമങ്ങളിലെത്താനുള്ള ഏക മാർഗം.

ബദുയി സെറ്റിൽമെന്റിനെ ചുറ്റിപ്പറ്റിയുള്ള സമ്പന്നമായ പ്രകൃതി അർത്ഥമാക്കുന്നത് ബദുയി ആളുകൾക്ക് അവരുടെ സ്വന്തം വസ്ത്രങ്ങൾ നിർമ്മിക്കാൻ കഴിയും എന്നാണ്. സ്കാർഫുകൾ, വളകൾ, സന്ദർശകർക്കുള്ള തുണിത്തരങ്ങൾ എന്നിവയും  ചില കരകൗശല വസ്തുക്കളും അവർ വിൽക്കുന്നുണ്ട്. വീട്ടിലുണ്ടാക്കുന്ന തേൻ പോലെയുള്ള ഭക്ഷണവും അവർ  അവിടെയെത്തുന്നവർക്കായി വിൽക്കുന്നു. യഥാർത്ഥ വിശ്രമ സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ വരാം, ആധുനിക സാങ്കേതികവിദ്യയിൽ നിന്നും മനുഷ്യനിർമിത വസ്തുക്കളിൽ നിന്നും മാറി സ്വസ്ഥമായി കഴിയാൻ പറ്റിയ സ്ഥലം. ബദുയിയിലെ ചില മതപരമായ വ്യക്തികൾക്ക് അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവർക്ക് മനസ്സ് വായിക്കാനും ഭാവി പ്രവചിക്കാനും ഭാഗ്യത്തെ സ്വാധീനിക്കാനും കഴിയുമെന്നു പറയപ്പെടുന്നു. അവരുടെ പുണ്യസ്ഥലത്ത് നടക്കുന്ന ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ പുറത്തുനിന്നുള്ള ആരെയും ഇന്നുവരെ അനുവദിച്ചിട്ടില്ല.

ബദുയ് ലുവാർ സന്ദർശിക്കുന്നത് കാലത്തിന്റെ പിന്നിലേയ്ക്കുള്ള ഒരു യാത്ര പോലെ തോന്നും. ഒന്ന് സങ്കൽപ്പിച്ചുനോക്കുക സമയം 7 മണി, ആകാശം ഇരുണ്ടു, നിങ്ങൾ അത്താഴം പൂർത്തിയാക്കി ഇരിക്കുന്നു, 3G സിഗ്നൽ ഇല്ല; വൈദ്യുതി ഇല്ല. എവിടെയും നിശബ്ദത മാത്രം. ഒരു പക്ഷേ, ധ്യാനിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന വികാരമെന്താണോ അതായിരിക്കും ഈ ഗ്രാമത്തിലെ അവസ്ഥ. 

Content Summary: Indonesia Baduy tribe rejects technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com