ADVERTISEMENT

മഴക്കാലം തുടങ്ങിയാല്‍പ്പിന്നെ അതിമനോഹരമാണ് മൂന്നാര്‍. ചെടിത്തലപ്പുകളില്‍ പച്ചയുടെ പുതുനാമ്പുകള്‍ നിറയുകയും തേയിലത്തോട്ടങ്ങള്‍ ഹരിതനിബിഡമാവുകയും ചെയ്യുന്ന സമയം. കുളിരും കാറ്റും ചാറ്റല്‍മഴയും ആസ്വദിച്ച്, മൂന്നാര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി എത്തുകയാണ് കെ എസ് ആര്‍ ടി സി. വെറും 300 രൂപയ്ക്ക് മൂന്നാറും ചുറ്റുമുള്ള സുന്ദരപ്രദേശങ്ങളും കണ്ടുവരാം. 

 

മൂന്നാറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടില്ലാതെ ചുറ്റുമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ കണ്ടുവരാന്‍ ഈ സൈറ്റ്സീയിങ് ട്രിപ്പ് അവസരമൊരുക്കുന്നു. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളാണ് ട്രിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

 

രാവിലെ ഒന്‍പതിന്  മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് അഞ്ചോടെ തിരികെ മൂന്നാറില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു വണ്ടിയില്‍ 50 പേര്‍ക്ക് ഒരു സമയം യാത്ര ചെയ്യാം. ഒട്ടേറെ സ്ഥലങ്ങള്‍ ഒറ്റദിവസംകൊണ്ട് കാണാനും ഫോട്ടോ എടുക്കാനും ഓരോ ഇടങ്ങളിലും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയം ചെലവഴിക്കാനും സാധിക്കും.

 

കാന്തല്ലൂര്‍, ടോപ്‌ സ്റ്റേഷന്‍, ചതുരംഗപ്പാറ എന്നിങ്ങനെ മൂന്നു റൂട്ടുകളില്‍ ആണ് യാത്ര ഒരുക്കിയിരിക്കുന്നത്. കാന്തല്ലൂര്‍ റൂട്ടാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കാന്തല്ലൂര്‍, എട്ടാം മൈല്‍, തലയാര്‍, കന്നിമല വ്യൂപോയിന്‍റ്, ലക്കം വെള്ളച്ചാട്ടം, ചന്ദനത്തോട്ടം, മുനിയറകള്‍ എന്നിവയെല്ലാം കാണാം. ടോപ്‌സ്റ്റേഷന്‍ പോകുന്ന ബസില്‍ കയറിയാല്‍ മാട്ടുപ്പെട്ടി, ഫോട്ടോ പോയിന്‍റ് എക്കോപോയിന്‍റ്, കുണ്ടള ഡാം എന്നിവയെല്ലാം സന്ദര്‍ശിക്കാം.  

 

സിഗ്നല്‍ പോയിന്‍റ്, ലോക്ക് ഹാര്‍ട്ട്‌ ഗ്യാപ്പ്, ആനയിറങ്കല്‍, മലയിക്കള്ളന്‍ ഗുഹ, ഓറഞ്ച് തോട്ടം, സ്‌പൈസസ് ഫാം മുതലായ ഇടങ്ങളാണ് ചതുരംഗപ്പാറ റൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മൂന്നാര്‍ യാത്രയുടെ ഇന്‍ചാര്‍ജ് കെപി മുഹമ്മദ്‌ പറഞ്ഞു. സൈറ്റ് സീയിങ് ട്രിപ്പ് ബുക്ക് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9447331036, 9446929036, 9895086324 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. എല്ലാ ദിവസവും യാത്ര പുറപ്പെടുന്നുണ്ട്. തലേന്ന് തന്നെ വിളിച്ചു ബുക്ക് ചെയ്യണം. രാവിലെ എട്ടരയോടെ ടിക്കറ്റ് കൊടുത്തു തുടങ്ങും.

 

ട്രിപ്പിന്‍റെ ചാര്‍ജില്‍ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടില്ല. വഴിയില്‍ ഹോട്ടലില്‍ ഇറങ്ങി ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും.

 

Content Summary : The Kerala State Road Transport Corporation (KSRTC) offers a one-day sightseeing bus trip to Munnar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com