പ്രകൃതി ഭംഗി ആസ്വദിക്കാനും കൂട്ടമായി ആഘോഷിക്കാനും മലകയറാനും ഒറ്റയ്ക്കിരിക്കാനുമൊക്കെ യാത്ര ചെയ്യുന്നവരുണ്ട്. ഇതൊന്നുമല്ലാതെ വിചിത്രവും ദുരന്തപൂര്‍ണവുമായ ഭൂതകാലം നിറഞ്ഞ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഡാര്‍ക്ക് ടൂറിസം എന്നാണ് ഇത്തരം യാത്രകള്‍ പൊതുവേ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഡാര്‍ക്ക് ടൂറിസത്തിന് യോജിച്ച കേന്ദ്രങ്ങളെ അറിയാം.
കുല്‍ദാര ഗ്രാമം, ജയ്‌സാല്‍മീര്‍
ജയ്‌സാല്‍മീറിലെ മനുഷ്യന്‍ ഉപേക്ഷിച്ച ഗ്രാമമാണ് കുല്‍ദാര. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഈ ഗ്രാമത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാര്‍. ജയ്‌സാല്‍മീര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് കുല്‍ദാര. ഈ ഗ്രാമങ്ങളില്‍ നിന്നും മനുഷ്യര്‍ ഒഴിഞ്ഞു പോയതിനെ ചൊല്ലി നിരവധി മിത്തുകളും കഥകളും പ്രചാരത്തിലുണ്ട്. യാത്ര കഴിഞ്ഞു തിരിച്ചെത്തിയാലും നിങ്ങളെ കുല്‍ദാരയിലെ ആളൊഴിഞ്ഞ വീടുകളും തെരുവുകളും അതേ ചൊല്ലിയുള്ള കഥകളും സ്വാധീനിച്ചേക്കാം.
സെല്ലുലാര്‍ ജയില്‍, പോര്‍ട്ട് ബ്ലെയര്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ പീഡിപ്പിക്കാനും വേണ്ടി വന്നാല്‍ കൊല്ലാനും പറ്റിയ ഇടം, അതായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ സെല്ലുലാര്‍ ജയില്‍. മലയാളത്തില്‍ കാലാപാനി അടക്കം നിരവധി സിനിമകള്‍ ഇവിടുത്തെ ക്രൂരതകളെ വിവരിച്ചുകൊണ്ട് പുറത്തിറങ്ങിയിട്ടുണ്ട്. നിര്‍മിതിയുടെ പ്രത്യേകതകൊണ്ട് അതിശയിപ്പിക്കും വിധം മനുഷ്യനെ ഒറ്റപ്പെടുത്തുന്ന തടവറയാണ് കാലാപാനിയെന്നു കൂടി വിളിപ്പേരുള്ള സെല്ലുലാര്‍ ജയില്‍. ഈ ക്രൂരമായ തടവറയുടെ ചരിത്രം പറയുന്ന മ്യൂസിയം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
രൂപ്കുണ്ഡ് തടാകം, ഉത്തരാഖണ്ഡ്
ഇന്നും തടാകത്തിലും പുറത്തുമായി കിടക്കുന്ന നിരവധി മനുഷ്യ അസ്ഥികൂടങ്ങളുടെ പേരിലാണ് രൂപ്കുണ്ഡ് തടാകത്തിന്റെ കുപ്രസിദ്ധി. സമുദ്ര നിരപ്പില്‍ നിന്നും 16,500 അടി ഉയരത്തിലുള്ള രൂപ്കുണ്ഡില്‍ എങ്ങനെ ഇത്രയേറെ മനുഷ്യരുടെ അസ്ഥികൂടങ്ങളെത്തിയെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. 1841ല്‍ ടിബറ്റിലെ ഒരു യുദ്ധത്തിനു ശേഷം മടങ്ങുകയായിരുന്ന കശ്മീരി പട്ടാളക്കാര്‍ വഴി തെറ്റി ഇവിടെ പെട്ടു പോയെന്നതാണ് ഒരു കഥ. പകര്‍ച്ചവ്യാധിയോ മഞ്ഞു വീഴ്ച്ചയോ കാരണം മരിച്ച ജാപ്പനീസ് സൈനികരോ സില്‍ക്ക് റോഡിലൂടെ പോയ ടിബറ്റന്‍ വ്യാപാരികളോ ആണിതെന്ന് വാദിക്കുന്നവരുമുണ്ട്. വാദങ്ങള്‍ പലതുണ്ടെങ്കിലും ഹിമാലയത്തിലെ മനുഷ്യ അസ്ഥികൂടങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഈ തടാകത്തിന്റെ ദുരൂഹതക്കു മാത്രം കുറവില്ല.
ദുമാസ് ബീച്ച്, സൂറത്ത്
ദുരൂഹതകളും കെട്ടുകഥകളും ചേര്‍ന്നു കിടക്കുന്ന മറ്റൊരു സ്ഥലമാണ് ഗുജറാത്തിലെ സൂറത്തിന് അടുത്തുള്ള ദുമാസ് ബീച്ച്. സൂറത്ത് നഗരത്തില്‍ നിന്നും 21 കിലോമീറ്റര്‍ മാത്രം അകലെയാണ് ദുമാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. കരിമണല്‍ നിറഞ്ഞ ബീച്ചിന്റെ പശ്ചാത്തലവും കഥകള്‍ക്കും ദുരൂഹതകള്‍ക്കും കൂടുതല്‍ നിറം പകരുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടം ശവശരീരങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്ന വിവരവും ദുമാസ് ബീച്ചിന്റെ ദുരൂഹത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
ബോണക്കാട് ബംഗ്ലാവ്, തിരുവനന്തപുരം
ഒന്നര നൂറ്റാണ്ടു മുമ്പ് വെള്ളക്കാര്‍ തേയിലകൃഷി ആരംഭിച്ച സ്ഥലമാണ് ബോണക്കാട്. വെള്ളക്കാരനായ എസ്‌റ്റേറ്റ് മാനേജരും കുടുംബവുമായിരുന്നു 25 GB എന്നു പേരിട്ട ഈ ബംഗ്ലാവില്‍ കഴിഞ്ഞിരുന്നത്. മാനേജരുടെ 13 കാരിയായ മകള്‍ ബംഗ്ലാവില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഇംഗ്ലീഷുകാരനും കുടുംബവും മടങ്ങിയെങ്കിലും കഥകള്‍ അവിടെ തീരുന്നില്ല. പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കരികിലും മറ്റും പെണ്‍കുട്ടിയുടെ രൂപം കണ്ടുവെന്നും അവളുടെ ചിരികള്‍ കേട്ടുവെന്നും പറയുന്നു. വിറകു പെറുക്കാനെത്തിയ നാട്ടുകാരി പെണ്‍കുട്ടി തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ബ്രിട്ടീഷ് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങിയെന്ന കഥക്കും ഏറെ പ്രചാരമുണ്ട്. തിരുവനന്തപുരത്തു നിന്നും വണ്‍ ഡേ ട്രിപ്പിനു യോജിച്ച മനോഹരമായ പ്രദേശമാണ് ബോണക്കാട് ബംഗ്ലാവും അനുബന്ധ പ്രദേശങ്ങളും.
Content Summary : Visit places in India that offer dark tourism.