കാറുകള്‍ക്ക് പ്രവേശനമില്ലാത്ത 6 ടൂറിസ്റ്റ് കേന്ദ്രങ്ങൾ

HIGHLIGHTS
  • കാല്‍നടയായി മാത്രമാണ് ഈ ഗ്രാമങ്ങളിലേക്ക് എത്താനാവുക
italy
A bridge, Civita di Bagnoregio, Italy. Image Credit: SimonSkafar/ istockphoto
SHARE

പ്രകൃതി ഭംഗി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കാറുകള്‍ക്ക് പ്രവേശനം ഇല്ലാത്ത ചില നഗരങ്ങളും ഗ്രാമങ്ങളും പരിചയപ്പെടാം.

ഹാലിബട്ട് കോവ്, അലാസ്‌ക
 

റോഡുമാര്‍ഗം എത്താനാവാത്ത അലാസ്‌കയിലെ ഒരു ഗ്രാമമാണ് ഹാലിബട്ട് കോവ്. ഇവിടുത്തെ പ്രകൃതിഭംഗി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കാറുകള്‍ക്ക് അനുമതിയില്ല. അമേരിക്കയിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസുള്ളത് ഈ ഗ്രാമത്തിലാണ്. പരമ്പരാഗത മത്സ്യബന്ധന ഗ്രാമമായ ഇവിടത്തുകാര്‍ പൊതുവേ യാത്രകള്‍ക്ക് ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. 

സെര്‍മാറ്റ്, സ്വിറ്റ്‌സര്‍ലന്‍ഡ്

ആല്‍പ്‌സ് പര്‍വത നിരയോടു ചേര്‍ന്നു കിടക്കുന്ന സ്വിസ് പട്ടണമാണ് സെര്‍മാറ്റ്. സ്‌കെയിങിനും മലകയറ്റത്തിനുമെല്ലാം പ്രസിദ്ധമാണ് ഇവിടം. പൊതുവില്‍ ജീവിത ചെലവു കൂടുതലുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ സെര്‍മാറ്റ് യൂറോപ്പിലെ ഏറ്റവും ചിലവേറിയ പട്ടണമാണ്. പിരമിഡിന്റെ രൂപത്തിലുള്ള മാറ്റര്‍ഹോണ്‍ കൊടുമുടി ഇവിടെയാണ്. വൈദ്യുത കാറുകള്‍ മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. 

സിയസ് ദ്വീപുകള്‍

സ്‌പെയിനിലെ സുന്ദരമായ ദ്വീപുകളാണ് സിയസ്. മൂന്നു ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹമാണിത്. വേലിയേറ്റ സമയത്ത് ദ്വീപുകള്‍ക്കിടയിലെ കരയെ കടലെടുക്കും. പിന്നീട് പിന്‍വാങ്ങുകയും ചെയ്യും. പൈന്‍ മരക്കാടുകള്‍ തണലുവിരിക്കുന്ന വെള്ളമണല്‍ ബീച്ചുകളാണ് സിയസിലെ സവിശേഷത. ബോട്ടുകളും വഞ്ചികളും വഴി മാത്രം എത്തിച്ചേരാവുന്ന സിയസില്‍ കാറുകള്‍ക്ക് പ്രവേശനമില്ല. ന്യൂയോര്‍ക് ടൈംസ് തെരഞ്ഞെടുത്ത പരിസ്ഥിതിയെ സംരക്ഷിക്കുന്ന അമിതമായി വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാത്ത 52 സ്ഥലങ്ങളില്‍ ഒന്നായി 2022 ല്‍ സിയസ് ദ്വീപുകളെ തെരഞ്ഞെടുത്തിരുന്നു. 

സിവിറ്റ ഡി ബാഗ്നോരെജിയോ, ഇറ്റലി

ഇറ്റലിയിലെ ഈ നാട് മരിച്ചുകൊണ്ടിരിക്കുന്ന നഗരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കാല്‍നടയായി മാത്രമാണ് ഈ ഗ്രാമത്തിലേക്ക് എത്താനാവുക. അതും നടപ്പാലം വഴി. റോമില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ മലമുകളിലാണ് ഈ ഗ്രാമം. 2500 വര്‍ഷം വരെ പിന്നിലേക്കു നീളുന്ന ചരിത്രമുള്ള നാടാണിത്. മധ്യകാലഘട്ടത്തിലെ കെട്ടിടങ്ങളും തെരുവുകളും നിര്‍മിതികളുമുള്ള സിവിറ്റ പതിയെ നശിച്ചുകൊണ്ടിരിക്കുന്ന ഗ്രാമം കൂടിയാണ്. കാറുകളുടെ അഭാവവും പൗരാണിക നിര്‍മിതികളും മൂലം നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള നാട്ടിലേക്ക് എത്തിപ്പെട്ട അനുഭവമാണ് ഇവിടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. 

ജീതോണ്‍, നെതര്‍ലാന്‍ഡ്

വടക്കിന്റെ വെനീസ് എന്നു വിളിപ്പേരുള്ള നാടാണ് നെതര്‍ലാന്‍ഡിലെ ഗീതോണ്‍. റോഡുകളേക്കാള്‍ തോടുകളും ജലാശയങ്ങളുമുള്ളതുകൊണ്ടാണ് ഗീതോണിന് ഇങ്ങനെയൊരു വിളിപ്പേരു ലഭിച്ചത്. ഇവിടുത്തെ പ്രധാന ഗതാഗത മാര്‍ഗം ബോട്ടുകളാണ്. കാറുകളില്ലാത്ത ഗീതോണിനെ പരസ്പരം ബന്ധിപ്പിക്കാനായി 176 പാലങ്ങളുണ്ട്. 

ലാമു, കെനിയ

സ്വാഹിലി സംസ്‌കാരത്തെ പിന്തുടരുന്ന സമ്പന്നമായ ചരിത്രവും ഇടുങ്ങിയ വഴികളുമുള്ള കെനിയയിലെ തീരദേശ ചെറു പട്ടണമാണ് ലാമു. 1370 വരെ പഴക്കമുള്ള ചരിത്രമുള്ള നാടാണിത്. അറബ് സ്വാധീനം ഏറെയുള്ള ഈ പട്ടണമാണിത്. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലാമുവില്‍ കാറുകളില്ല. കഴുതകളും വഞ്ചികളുമാണ് പ്രധാനായും സഞ്ചാരത്തിന് ഉപയോഗിക്കുന്നത്. കഴുതകള്‍ക്കുവേണ്ടി ഒരു സംരക്ഷണ കേന്ദ്രവും ഇവിടെയുണ്ട്. 

Content Summary : Here are 6 car-free places in the world.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS