അവധിക്കാലം ആഘോഷിക്കാനുള്ള യാത്രകൾ സാധാരണ തുടങ്ങുന്നത് ബുക്ക് ചെയ്ത റിസോട്ട് അല്ലെങ്കിൽ ഹോട്ടലിന്റെ മുൻപിൽ വണ്ടിയിൽ നിന്ന് ഇറങ്ങുന്നു. നേരേ ലോബിയിലെത്തി ചെക്ക് ഇൻ ചെയ്ത് റൂമിൽ പോകുന്നു... എന്നാൽ ചില താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശേനം തന്നെ അത്യധികം സാഹസീകമാണെങ്കിലോ. അതായത് ഈ ഹോട്ടലുകളിലേക്കു പ്രവേശിക്കണമെങ്കിൽ ഒന്നുകിൽ പാരാഗ്ലൈഡിങ് ചെയ്യണം, അല്ലെങ്കിൽ സിപ് ലൈനിലൂടെ തൂങ്ങിചെല്ലണം, അതുമല്ലെങ്കിൽ ചുണ്ണാമ്പുമൈനിനുള്ളിലൂടെ ട്രക്ക് ചെയ്യണം. ശരിക്കും അവിസ്മരണീയമായ അനുഭവം നൽകുന്ന എട്ട് രസകരമായ ഹോട്ടൽ എൻട്രൻസുകൾ ഇതാ.
സിപ് ലൈൻ വഴി തൂങ്ങിയാടി വേണം റിസോർട്ടിലെത്താൻ
400 മീറ്റർ നീളമുള്ള സിപ്‌ലൈൻ, ഭൂമിയിൽ നിന്ന് 21 മീറ്റർ ഉയരത്തിലായി സ്ഥാപിച്ചിരിക്കുന്നു. ഒരു വന മേലാപ്പിന്റെ പക്ഷി - കാഴ്ചയോടെ അതിസാഹസീകമായി കംബോഡിയയിലെ ഷിന്റാ മണി വൈൽഡ് റിസോട്ടിലേക്കു പ്രവേശിക്കാം. ഒരു സ്വിംഗ് ബ്രിജിനു മുകളിലൂടെയുള്ള ചെറിയ നടത്തവും ഈ യാത്രയുടെ രണ്ടാം ഘട്ടത്തിലുണ്ട്. ഒരു നദിക്ക് മുകളിലൂടെ 20 മീറ്റർ നീളമുള്ള സിപ് ലൈൻ നയിക്കുന്നത് നേരെ ലാൻഡിങ് സോണായ ബാറിലേക്കാണ്. ഇവിടെയാണ് നിങ്ങളെ സ്വാഗതം ചെയ്യാൻ ഉന്മേഷദായകമായ പാനീയവുമായി ഹോട്ടൽ ജീവനക്കാർ കാത്തിരിക്കുന്നത്. ഇതേസമയം പോർട്ടർമാർ ലഗേജുമായി ജീപ്പിൽ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മാതാപിതാക്കളുടെ സമ്മതത്തോടെ ഈ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇത്ര സാഹസീകത ആവശ്യമില്ലാത്തവർക്ക് നേരിട്ട് റിസോർട്ടിലേക്കു വാഹനസൗകര്യമുണ്ട്.
ആകാശപാതയിലൂടെ നടത്തം, ബാലിയിലെ അതിഗംഭീര റിസോർട്ട്
വിശാലമായ താഴ്‌വരക്കു കുറുകെയുള്ള ഒരു സ്കൈ - ബ്രിജിലൂടെ നടന്നുവേണം അതിഥികൾക്ക് സയാനിലെ ഫോർ സീസൺസ് റിസോർട്ട് ബാലിയിലേക്ക് എത്തിച്ചേരേണ്ടത്. ബാലിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചുള്ള നടത്തമായിരിക്കും അത്. സാധാരണ റിസോർട്ടിലെത്തിയിട്ടാണല്ലോ കറങ്ങാനും സാഹസീക പ്രവർത്തനങ്ങൾ ചെയ്യാനുമെല്ലാം പോകുന്നത്. എന്നാൽ ഈ റിസോർട്ടിലേക്ക് എത്തുന്നതു തന്നെ ഒരു സാഹസീകതയാണ്. പർവ്വതങ്ങളും വനങ്ങളും കണ്ട് ഈന്തപ്പനകൾക്കും ബോഗൻവില്ലയ്ക്കും ഗോതമ്പ് വിളകൾക്കുമിടയിലൂടെ ഒരു സ്കൈ വാക്ക് വേ. അതിലൂടെ ദൂരെ ക്ഷേത്രങ്ങളുടെയും ചുറ്റുമുളള ടെറസ് വയലുകളുടേയും കാഴ്ചൾ കണ്ടുള്ള നടത്തം തന്നെ അതിഗംഭീരം. ഇവിടുത്തെ മറ്റൊരു ആകർഷണം റിവർ റാഫ്റ്റിങാണ്. റിസോർട്ടിലെത്തുന്ന അതിഥികൾക്കായി പല ഗ്രേഡിലുള്ള റാഫ്റ്റിങ് ആക്റ്റിവിറ്റീസ് ഒരുക്കിയിരിക്കുന്നു.
ഭൂമിക്കടിയിൽ താമസം, യാത്ര ഖനിക്കുള്ളിലൂടെ
ഭൂമിയിലെ ഏറ്റവും ആഴമേറിയ ഹോട്ടലിലേക്കു നിങ്ങൾ എങ്ങനെ എത്തിച്ചേരും? വെയിൽസിലെ സ്‌നോഡോണിയ നാഷണൽ പാർക്കിന്റെ പർവതനിരകളിൽ നിന്നു 1,375 അടി താഴെയുള്ള ഉപേക്ഷിക്കപ്പെട്ട വിക്ടോറിയൻ സ്ലേറ്റ് ഖനിയിൽ ഈ ഗ്രഹത്തിലെ ഏറ്റവും ആഴമേറിയ ഭൂഗർഭ ഹോട്ടൽ സ്ഥിതിചെയ്യുന്നു. അവിടെ താമസിക്കുന്നത് സാഹസീകമാണെങ്കിൽ അങ്ങോട്ടെയ്ക്കെത്തുന്നത് അതിനേക്കാൾ സാഹസീകമായ യാത്രയാണ്. അതിഥികൾ 14 വയസും അതിനുമുകളിലും പ്രായമുള്ളവർ ബ്ലെനൗ ഫെസ്റ്റിനിയോഗിനടുത്തുള്ള ടാനിഗ്രിസിയൗ ബേസിൽ നിന്ന് മലകളിലേക്കു 45 മിനിറ്റ് കുത്തനെയുള്ള പാതയിലൂടെ നടക്കണം. പ്രവേശന സ്ഥലത്ത് എത്തുമ്പോൾ, പുരാതന ഖനിത്തൊഴിലാളികൾ പതിവായി സഞ്ചരിച്ചിരുന്ന ഗോവണിപ്പാതകളിലൂടെയും ദ്രവിച്ചുകൊണ്ടിരിക്കുന്ന പാലങ്ങളിലൂടെയും ഹെൽമറ്റ്, ഹെഡ്‌ടോർച്ച്, ഹാർനെസ്, വെല്ലിംഗ്ടൺ ബൂട്ട് എന്നിവ ധരിച്ച് ഡീപ് സ്ലീപ്പിലേക്ക് ഇറങ്ങാൻ തുടങ്ങുന്നു. ഭൂഗർഭ ലോഡ്ജിലേക്ക് തുറക്കുന്ന ഒരു ഉരുക്കു വാതിലിലേക്ക് അതിഥികൾ എത്തുന്നതുവരെ ഖനിയെയും അതിന്റെ ചരിത്രത്തെയും കുറിച്ചുള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്ന ഒരു ട്രെക്ക് ലീഡറായിരിക്കും വഴി കാണിക്കുന്നത്.
ഇവിടെ താമസിക്കണമെങ്കിൽ സ്കൂബാ ഡൈവിങ് ചെയ്യണം
ഫ്ലോറിഡയിലെ ജൂൾസ് അണ്ടർസീ ലോഡ്ജ് ഒരുപക്ഷേ പൂർണ്ണമായും വെള്ളത്തിനടിയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഹോട്ടൽ ആയിരിക്കാം. ഇതിനർത്ഥം, രണ്ട് മുറികളുള്ള ഇവിടെ താമസിക്കാൻ അതിഥികൾ കടലിനടിയിലേയ്ക്ക് ഡൈവിങ് നടത്തണം. മത്സ്യങ്ങളെയും പവിഴപ്പുറ്റുകളേയും അടുത്തുകണ്ട് നീന്തിവേണം ഇവിടെയെത്താൻ. ഇറങ്ങുന്നതിനു മുൻപ് ടീം ഒരു സ്കൂബാ-ഡൈവിങ് സെഷൻ നിങ്ങൾക്കു നൽകും. സ്കൂബാ ഡൈവിങ് പോലോരു അഡ്വഞ്ചറസ് പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യാം, കടലിനടിൽ താമസിക്കാനും പറ്റും.
റോഡില്ലാത്ത ലോഡ്ജിലേയ്ക്ക് റിവർ റാഫ്റ്റിങിലൂടെ പോകാം
കോസ്റ്റാറിക്കയിലെ പാക്വാർ ലോഡ്ജിലേക്കു റോഡുകളൊന്നുമില്ല, അപ്പോൾ എങ്ങനെയെത്തും എന്നാണോ, അതിനുള്ള മികച്ച മാർഗ്ഗം റിവർ റാഫ്റ്റിംഗ് ആണ്. ഇതൊരു ജല ടർബൈൻ പവറിൽ പ്രവർത്തിക്കുന്ന ഇക്കോ ലോഡ്ജാണ്. കോസ്റ്റാറിക്കയിലെ പ്രശസ്തമായ പാക്വാർ നദിയുടെ ഗ്രേഡ് IV റാപ്പിഡുകളിലൂടെ ഒരു റാഫ്റ്റിംഗ് നടത്തിവേണം ഇവിടെ എത്തിച്ചേരാൻ. അതിഥികൾക്ക് പാറക്കെട്ടുകളിലൂടെ സഞ്ചരിക്കാനും മറഞ്ഞിരിക്കുന്ന കുളങ്ങളിൽ മുങ്ങിക്കുളിക്കാനും പ്രൊഫഷണൽ റാഫ്റ്ററുകളുടെ മേൽനോട്ടത്തിൽ വെള്ളച്ചാട്ടത്തിന് കീഴിൽ ഇറങ്ങാനും കഴിയും. എന്നാൽ ഈ യാത്ര റിസോർട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന സാഹസീകതയുടെ ചെറിയൊരു ട്രെയിലർ മാത്രമാണ്. ഹെയർപിൻ വളവുകളുള്ള ഭീകരമായ വനപാതയുണ്ടെങ്കിലും അതിലൂടെ സഞ്ചരിച്ച് റിസോർട്ടിലെത്താൻ മിനിമം രണ്ട് മണിക്കൂറെങ്കിലും വേണം. എന്നാൽ അതിനേക്കാൾ എളുപ്പവും അൽപ്പം രസകരവുമായ വഴി റിവർ റാഫ്റ്റിംഗ് തന്നെ.
പാരാഗ്ലൈഡിംഗ് നടത്തിവേണം ഒമാനിലെ ഈ ഹോട്ടലിലെത്താൻ
സിക്‌സ് സെൻസസ് സിഗി ബേയിൽ താമസം ബുക്ക് ചെയ്യുമ്പോൾ, വിമാനത്താവളത്തിൽ നിന്നുള്ള ഒരു സ്വകാര്യ ട്രാൻസ്ഫർ നിങ്ങളെ സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിലുള്ള സിഗി പർവതത്തിലെ ലോഞ്ച്‌പാഡിലേക്ക് കൊണ്ടുപോകുന്നു. ഒമാൻ ഉൾക്കടലും അൽ ഹജർ പർവതനിരകളും ചുറ്റുമുള്ള ഗ്രാമങ്ങളും ദൂരെ കാണാവുന്ന മനോഹരമായ മുസന്ദം ബേയ്‌ക്ക് മുകളിലൂടെ ഒരു ടാൻഡം പാരാഗ്ലൈഡിംഗിലൂടെ വേണം ഹോട്ടലിൽ എത്തിച്ചേരാൻ. അതായത് ഒമാനിലെ ഈ ഹോട്ടലിലേയ്ക്കുള്ള പ്രവേശനം പാരാഗ്ലൈഡിംഗ് വഴിയാണെന്ന്. രണ്ട് വയസ്സ് പ്രായമുള്ള കുട്ടികൾക്കായി പ്രത്യേക ഹാർനെസുകൾ ലഭ്യമാണ്.
താജ് ഫലക്നുമ രഥത്തിലേറി രാജാവിനെപ്പോലെ ചെന്നിറങ്ങാം

ഒരു രാജകുടുംബാംഗത്തെപ്പോലെ കുതിരകൾ വലിക്കുന്ന രാജകീയ രഥത്തിലായിരിക്കും നിങ്ങളെ താജ് ഫലക്നുമ വരവേൽക്കുക. നഗരത്തിന് അഭിമുഖമായി ഒരു കുന്നിൻ മുകളിൽ ഇരിക്കുന്ന വസ്തുവിന്റെ പ്രധാന ഗേറ്റുകൾക്കപ്പുറത്തേക്കു കാറുകളൊന്നും പോകില്ല. അവിടെയാണ് നിങ്ങളെ രഥം കാത്തിരിക്കുന്നത്. അത് അതിഥികളെ ഹോട്ടൽ ഗ്രൗണ്ടിലൂടെ പ്രധാന ലോബിയിലേക്കു കൊണ്ടുപോകുന്നു. റോയൽ ഗാർഡ് എന്ന് വിളിക്കപ്പെടുന്നവർ റോസാപ്പൂക്കളുമായി കാത്തിരിപ്പുണ്ടാകും. നിങ്ങൾ ഹോട്ടലിന്റെ വലിയ പടികൾ ചവിട്ടുമ്പോൾ രാജാവിന് പുഷ്പവൃഷ്ടി നടത്തുന്നതുപോലെ നിങ്ങളെ റോസാപ്പുക്കളാൽ വരവേൽക്കും. തുടർന്ന് മാലയണിയിച്ച് പനിനീർ തളിച്ച് അകത്തേക്ക് ആനയിക്കും. ശരിക്കും ഒരു രാജകീയ സ്വീകരണം.
Content Summary : Extreme hotel entries in the world around.