ADVERTISEMENT

ട്രക്കിങ് സ്വപ്‌നം കാണുന്നവരുടെ സ്വര്‍ഗമാണ് ഹിമാലയം. ചെറുതും വലുതുമായ പല ട്രക്കിങുകളും ഹിമാലയത്തിന്റെ ഇന്ത്യന്‍ പ്രദേശത്തുണ്ട്. ആകെ 560 കിലോമീറ്റര്‍ നീളമുള്ള കേരളത്തില്‍ ഇരുന്നുകൊണ്ട് 2,400 കിലോമീറ്ററിലേറെ നീളത്തിലുള്ള ഹിമാലയത്തെക്കുറിച്ച് കാണുന്ന സ്വപ്‌നങ്ങളാവില്ല ഒരിക്കലും നേരിട്ടുള്ള അനുഭവങ്ങളാവുക. ദിവസങ്ങള്‍ നീളുന്ന മലകയറ്റത്തിനിടെ പുഴകളും പുല്‍മേടുകളും ആപ്പിള്‍ തോട്ടങ്ങളും പൈന്‍ മരക്കാടുകളും പാറക്കൂട്ടങ്ങളുമെല്ലാം കടന്നു മഞ്ഞു മലകളിലേക്കെത്തും. ആദ്യമായി ഹിമാലയത്തില്‍ ട്രക്കിങ് നടത്തുന്നവര്‍ താരതമ്യേന എളുപ്പമുള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. തുടക്കക്കാര്‍ക്ക് യോജിച്ച പരമാവധി ഒരു ദിവസം വരെ മാത്രം നീളുന്ന അഞ്ച് ഹിമാലയന്‍ ട്രക്കിങുകളെ അറിയാം. 

 

1. വസിഷ്ഠ് ജോഗിനി വെള്ളച്ചാട്ടം

 

ഹിമാലയത്തില്‍ ട്രക്കിങിനെത്തുന്നവരുടെ ഒരു കേന്ദ്രമാണ് മണാലി. ഇവിടെ നിന്നും ആരംഭിക്കുന്ന ഒരുപാട് ട്രക്കിങുകളുണ്ട്. ഇതിനുള്ള സൗകര്യമൊരുക്കുന്ന സ്വകാര്യ കമ്പനികളും യൂത്ത് ഹോസ്റ്റല്‍ പോലെ കുറഞ്ഞ ചെലവില്‍ യാത്രയ്ക്ക് സഹായിക്കുന്ന സംവിധാനങ്ങളുമുണ്ട്. മണാലിയില്‍ നിന്നും നാലു കിലോമീറ്റര്‍ മാത്രം അകലെയാണു വസിഷ്ഠ് ക്ഷേത്രമുള്ളത്. ദിവസങ്ങള്‍ നീളുന്ന ട്രക്കിങിനെത്തുന്നവര്‍ ആദ്യത്തെ രണ്ടു മൂന്നു ദിവസം കാലാവസ്ഥയുമായി യോജിക്കാന്‍ ചെലവിടാറുണ്ട്. ഇത്തരം സമയങ്ങളില്‍ ഒരു ദിവസം വസിഷ്ഠ് ജോഗിനി വെള്ളച്ചാട്ടം കാണാനും ഉപയോഗിക്കാം. 

 

2. ജോര്‍ജ് എവറസ്റ്റ് ട്രക്ക്

 

ഹിമാലയത്തില്‍ നിന്നുള്ള ഉയരക്കാഴ്ച ഏറ്റവും മനോഹരമായി ആസ്വദിക്കാവുന്ന ചെറിയ മലകയറ്റങ്ങളില്‍ മുന്നിലാണ് ജോര്‍ജ് എവറസ്റ്റ് ട്രക്ക്. ഹിമാലയത്തിലെ ഹില്‍ സ്‌റ്റേഷനായ മുസോറിയില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ ഈ മനോഹര കേന്ദ്രത്തിലേക്ക്. മഞ്ഞു മലകളും താഴ്‌വാരവും തെളിഞ്ഞ ദിവസങ്ങളില്‍ അങ്ങകലെ ചക്രവാളം വരെയും ഇവിടെ നിന്നും കാണാനാവും. ഡിസംബറാണ് യാത്രക്ക് യോജിച്ച മാസം. 

 

3. ടോഷ് ട്രക്ക്

 

ഹിമാലയത്തിലെ വണ്‍ ഡേ ട്രിപ്പിനു യോജിച്ച മറ്റൊരു മലകയറ്റമാണ് ടോഷ് ട്രക്ക്. കസോളിന്റെ മനോഹര ദൃശ്യങ്ങള്‍ ഇവിടെ നിന്നും ആസ്വദിക്കാനാവും. ബര്‍ഷേനിയില്‍ നിന്നാണ് ഈ ട്രക്കിങ് ആരംഭിക്കുക. അഞ്ചു കിലോമീറ്ററിനുള്ളിലുള്ള ദൂരമാണ് ആകെ നടക്കേണ്ടി വരിക. ഹിമാലയന്‍ ഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ സഹായിക്കുന്ന ട്രക്കിങുകളിലൊന്നാണിത്. 

 

4. ഷാലി ടിബ ട്രക്ക്

 

മൂടല്‍ മഞ്ഞു നിറഞ്ഞ ആത്മീയഭാവമുള്ള പ്രകൃതിയെ ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ക്കു യോജിച്ച സ്ഥലമാണിത്. ഷിംലയില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരെയാണ് ഷാലി ടിബ. ഒരു ദിവസം കൊണ്ട് തീരുന്ന എളുപ്പമുള്ള ട്രക്കിങാണിത്. 

 

5. കരേരി തടാകം

 

ഹിമാചല്‍ പ്രദേശിലെ കന്‍ഗാര ജില്ലയിലാണ് ഈ ട്രക്കിങ്. യാത്രക്കാരില്‍ ആത്മീയത നിറക്കുന്ന മനോഹര ഭൂപ്രദേശങ്ങളുണ്ട് ഇത്തരം ഹിമാലയന്‍ ട്രക്കിങുകളില്‍. ബുദ്ധ മതവിശ്വാസികളുടെ ആത്മീയ കേന്ദ്രമായ ധര്‍മശാലയില്‍ നിന്നും തുടങ്ങുകയും അവിടെ തന്നെ അവസാനിക്കുകയും ചെയ്യുന്നു. കരേരി തടാകത്തില്‍ നിന്നും ആറു കിലോമീറ്റര്‍ കൂടി മലകയറാന്‍ തയാറായാല്‍ ലിയോട്ടി ഗ്രാമത്തിലെത്തും. മനോഹരമായ കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. 

 

Content Summary : 5 Beginner friendly treks in Himalaya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com