ADVERTISEMENT

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നു പറയാറുണ്ടെങ്കിലും ജീവിതം ഇങ്ങു ഭൂമിയില്‍ തന്നെയാണ്. ജീവിതത്തിലെ മറക്കാനാവാത്ത ആ ദിവസങ്ങളെ ഏറ്റവും മനോഹരമാക്കാന്‍ യോജിച്ച സ്ഥലങ്ങള്‍ ഇന്ത്യയിലുമുണ്ട്. പരസ്പരം മനസിലാക്കി തുടങ്ങാനും ഒന്നിച്ചുള്ള ജീവിതം ആഘോഷത്തോടെ തുടങ്ങാനും സഹായിക്കുന്ന ആ ആറു സ്ഥലങ്ങളില്‍ ആദ്യത്തേത് കേരളത്തില്‍ നിന്നുള്ളതാണ്. 

 

1 മൂന്നാര്‍, കേരളം

 Image Credit: SolStock/ istockphoto.com
Image Credit: SolStock/ istockphoto.com

എത്ര കണ്ടാലും മതിവരാത്ത സൗന്ദര്യമുള്ള നാടാണ് മൂന്നാര്‍. അതുകൊണ്ടു തന്നെ മൂന്നാറിലേക്കുള്ള ഒരു യാത്രയും പാഴാവില്ല. പ്രത്യേകിച്ച് ഹണിമൂണ്‍ യാത്രകള്‍. ലോകത്തെ തന്നെ ഏറ്റവും സുന്ദരമായി പരിപാലിക്കുന്ന തേയിലതോട്ടങ്ങള്‍ മൂന്നാറിലുണ്ട്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടു കിടക്കുന്നതാണ് സീസണ്‍. മൂന്നാറില്‍ നിന്നും പിന്നെയും ഉള്ളിലേക്ക് യാത്ര ചെയ്യാന്‍ തയാറായാല്‍ വേറെയും കാഴ്ചകള്‍ നിങ്ങളെ കാത്തിരിക്കുന്നു. കേരളത്തിലെ ശീതകാലപച്ചക്കറികളുടെ കേന്ദ്രങ്ങളായ വട്ടവടയും കാന്തല്ലൂരുമൊക്കെ വ്യത്യസ്തമായ അനുഭവമാവും. 

 

2 ഗോകര്‍ണ, കര്‍ണാടക

ഓം ബീച്ചിലെ അലസമായ നടത്തങ്ങളും നിലാവു പരക്കുന്ന മനോഹര രാത്രികളും ആകെ പുതഞ്ഞു നില്‍ക്കുന്ന ആത്മീയ ഭാവവും ഗോകര്‍ണയെ വ്യത്യസ്തമാക്കുന്നു. ഉപ്പുകാറ്റേറ്റ് പാരഡൈസ് ബീച്ചിലൂടെ നടക്കുമ്പോള്‍ തിരകള്‍ പതിയെ തീരത്തണയുന്ന ശബ്ദം കേള്‍ക്കാം. കാന്‍ഡില്‍ ലൈറ്റ് ഡിന്നറിലൂടെ രാവുകളെ കൂടുതല്‍ പ്രണയാതുരമാക്കാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഗോകര്‍ണയിലേക്കു പോകാന്‍ യോജിച്ചത്.

 

3 ശ്രീനഗര്‍, ജമ്മു ആന്‍ഡ് കശ്മീര്‍

ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണെന്ന് വെറുതേയല്ല ജമ്മു കശ്മീരിനെക്കുറിച്ച് പറയുന്നത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള മനോഹര തടാകങ്ങളും പച്ചപ്പും പൂന്തോട്ടങ്ങളുമെല്ലാം ചേര്‍ന്നു ശ്രീനഗറിനെ വ്യത്യസ്തമാക്കുന്നു. ജഹാംഗീര്‍ പ്രിയതമ നൂര്‍ജഹാനുവേണ്ടി പണികഴിപ്പിച്ച ഷാലിമാര്‍ ബാഗിലൂടെയുള്ള നടത്തം അവിസ്മരണീയ അനുഭവമായിരിക്കും. ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടവും സിറാജ് ബാഗും കാണാന്‍ പോവാം. ദാല്‍ തടാകത്തിലെ ശിക്കാര വള്ളത്തിലൂടെയുള്ള യാത്ര കൂടിയില്ലാതെ എങ്ങനെ ശ്രീനഗര്‍ യാത്ര പൂര്‍ണമാവും. 

 

4 ഉദയ്പൂര്‍, രാജസ്ഥാന്‍

കോട്ടകളും തടാകങ്ങളും നിറഞ്ഞ ഉദയ്പൂര്‍... രാജസ്ഥാന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച പട്ടണമാണ്. എന്തുകൊണ്ടാണ് ഉദയ്പൂരിനെ തടാകങ്ങളുടെ നഗരമെന്ന് വിളിക്കുന്നതെന്ന് ഇവിടെ വന്നു തന്നെ കാണണം. റിസോര്‍ട്ടുകളും ഹോട്ടലുകളുമായി മാറിയ കോട്ടകളില്‍ നിങ്ങള്‍ക്കു രാജാവും രാജ്ഞിയുമായി താമസിക്കാം. പിച്ചോല തടാകത്തിലെ ബോട്ടിങും സിറ്റി പാലസും അംബ്രായ് ഗട്ടിലെ രാത്രി താമസവും ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കും. 

 

5 ഹാവ്‌ലോക് ദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ 

ഗ്രേറ്റ് ആന്‍ഡമാന്റെ കിഴക്കേ ഭാഗത്തുള്ള ഹാവ്‌ലോക് ദ്വീപിന്റെ ഇപ്പോഴത്തെ പേര് സ്വരാജ് ദ്വീപ് എന്നാണ്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും 41 കിലോമീറ്റര്‍ അകലെയാണ് ഈ ഭൂമിയിലെ സ്വര്‍ഗം. 2004 ല്‍ ടൈം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചായി തിരഞ്ഞെടുത്തു. ഇത്രമേല്‍ പ്രകൃതി സുന്ദരമായ മാലിന്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത കടലും തീരവും ഇന്ത്യയില്‍ അപൂര്‍വം. 

 

6 ഊട്ടി, തമിഴ്‌നാട്

സ്‌കൂളിലോ കോളജിലോ പഠിക്കുന്ന കാലത്ത് ഊട്ടിയില്‍ പോയവരായിരിക്കും ദക്ഷിണേന്ത്യയിലുള്ളവരില്‍ ഭൂരിഭാഗവും. അത്രയും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഉദഗമണ്ഡലം എന്ന ഔദ്യോഗിക പേരുള്ള ഊട്ടി. സഞ്ചാരികള്‍ക്ക് വേണ്ട താമസ, ഭക്ഷണ സൗകര്യങ്ങളും ഷോപ്പിങ് സാധ്യതകളും ദിവസങ്ങളോളം കാണാനുള്ള കാഴ്ചകളും ഊട്ടിയിലുണ്ട്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ മേട്ടുപാളയം- ഊട്ടി നാരോഗേജ് തീവണ്ടിയിലെ യാത്രയും ബോട്ടാണിക്കല്‍ ഗാര്‍ഡനും തടാകത്തിലെ ബോട്ട് യാത്രയും സുന്ദരമായ കാലാവസ്ഥയും ഊട്ടിയിലുണ്ട്.

 

Content Summary : Indian honeymoon places that are perfect for couples looking to create unforgettable memories.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com