ADVERTISEMENT

തമാശ നിറഞ്ഞ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ പ്രസിദ്ധനാണ് നാഗാലാൻഡ് ടൂറിസം വകുപ്പ് മന്ത്രി ടെംജെന്‍ ഇംന അലോംഗ്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന് ഓണ്‍ലൈനില്‍ ധാരാളം ആരാധകരുണ്ട്. ഏറ്റവും പുതിയ പോസ്റ്റില്‍, ഡോങ് വാലിയുടെ മനോഹരമായ വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

 

ഒരു ഇമോജിക്കൊപ്പം, "ഗൂഗിൾ കർ കേ തോ ദേഖോ (ഗൂഗിൾ ചെയ്ത് നോക്കൂ)" എന്ന് അദ്ദേഹം ഈ ട്വീറ്റിന് അടിക്കുറിപ്പ് നൽകി.

 

പ്രകൃതിസുന്ദരമായ ഡോങ് വാലിയുടെ വിഡിയോ, "ഡോങ് വാലി: ഇന്ത്യയുടെ ആദ്യ സൂര്യോദയം" എന്ന ഒരു വാചകത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. അതിമനോഹരമായ പർവതപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡിലൂടെ ഒരു വാഹനം സഞ്ചരിക്കുന്നതിന്‍റെ ആകാശക്കാഴ്ച കാണാം. പച്ച പരവതാനി പോലെ നീണ്ടുകിടക്കുന്ന പ്രകൃതിസുന്ദരമായ താഴ്‌വരയും കാണാം. 

 

അരുണാചൽ പ്രദേശിലാണ് ഡോങ് താഴ്വര. ഇന്ത്യയും ചൈനയും മ്യാൻമറും സംഗമിക്കുന്ന സ്ഥലത്തിനടുത്തുള്ള, ഇന്ത്യയിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള ഗ്രാമങ്ങളില്‍ ഒന്നാണിത്. ഇന്ത്യയില്‍ ആദ്യം സൂര്യന്‍ ഉദിക്കുന്നത് ഇവിടെയാണെന്നു പറയപ്പെടുന്നു, അതിനാല്‍ ഇതിന്  'ഇന്ത്യയുടെ ഉദയസൂര്യന്‍റെ നാട്' എന്നൊരു വിളിപ്പേരുണ്ട്.

 

ലോഹിത് നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഡോങ്, മഞ്ഞുമൂടിയ മലനിരകളും മനോഹരമായ പൈൻ മരക്കാടുകളുമെല്ലാം നിറഞ്ഞു വളരെ ആകര്‍ഷകമാണ്. സൂര്യന്‍റെ ആദ്യ കിരണങ്ങൾ കാണാൻ ആഗ്രഹിക്കുന്നവര്‍ ഡോങ് ക്രോംഗ് എന്ന സ്ഥലത്തേയ്ക്കു പോകണം. ഗ്രാമത്തിൽ നിന്ന് അവിടെയെത്താനുള്ള ഒരേയൊരു മാർഗ്ഗം ട്രക്കിങാണ്. എല്ലാ ദിവസവും പുലർച്ചെ 4:30 ന്  ഉദിക്കുന്ന സൂര്യനെ കാണാൻ സഞ്ചാരികൾ 3 മണിക്കു തന്നെ ഡോങ് ക്രോങ്ങിലെ മൂടൽമഞ്ഞു നിറഞ്ഞ പുൽമേടുകളിലേക്കു പോകും.

 

ഡോങ് വളരെ വിദൂരമായതിനാല്‍ അവിടെ എത്തിച്ചേരുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. റോഡുകൾ, ഹോട്ടലുകൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇവിടെ വിനോദസഞ്ചാരികള്‍ വളരെ കുറവാണ്.

 

ഡോങ് ഗ്രാമത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ദിബ്രുഗഡിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അവിടെ നിന്ന് ബസിലോ ടാക്സിയിലോ തേസുവിലേക്ക് പോകണം. അവിടെ നിന്നും ടൂറിസ്റ്റുകള്‍ക്കായുള്ള പ്രത്യേക വാഹനങ്ങളില്‍ റോഡ്‌ വഴി ഡോംഗിൽ എത്താൻ കുറഞ്ഞത് 10 മണിക്കൂറെങ്കിലും എടുക്കും.

 

Content Summary : One of the most popular activities in Dong Valley is to witness the sunrise. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com