ADVERTISEMENT

വാഗമണ്ണിലെ കോലാഹലമേട്ടിലുള്ള അഡ്വഞ്ചർ പാർക്കിൽ തുറന്ന ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡി ലിവർ കണ്ണാടിപ്പാലത്തിലേക്കുള്ള പ്രവേശനത്തിരക്ക് നിയന്ത്രിക്കാൻ ടിക്കറ്റിൽ പ്രവേശന സമയം ഉൾപ്പടെ രേഖപ്പെടുത്തിയ പരിഷ്കാരവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). 

ചില്ലിടിപ്പ്... വാഗമൺ കോലാഹലമേട്ടിൽ നിർമിച്ച ഗ്ലാസ് പാലത്തിലൂടെ താഴേക്കു നോക്കുന്നയാൾ.  
   ചിത്രം: റെജു അർനോൾഡ് ∙ മനോരമ
ചില്ലിടിപ്പ്... വാഗമൺ കോലാഹലമേട്ടിൽ നിർമിച്ച ഗ്ലാസ് പാലത്തിലൂടെ താഴേക്കു നോക്കുന്നയാൾ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

 

രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന കണ്ണാടിപ്പാലത്തിലേക്ക് പ്രത്യേക സമയം ടിക്കറ്റിൽ രേഖപ്പെടുത്തിയായിരിക്കും ഇനി പ്രവേശനം. കഴിഞ്ഞ ഞായറാഴ്ച അയ്യായിരത്തിലധികം ആളുകളാണ് പാലം കാണാനെത്തിയത്. ഇതോടെ പൊലീസ് എത്തിയാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. തുടർ‌ന്നാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്.

 

ടിക്കറ്റിൽ സമയം

 

നിലവിൽ കണ്ണാടിപ്പാലത്തിനു സമീപമായിരുന്ന ടിക്കറ്റ് കൗണ്ടർ, മറ്റു സാഹസിക വിനോദങ്ങൾ നടക്കുന്ന സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. ഇവിടെ വന്ന് ടിക്കറ്റെടുത്ത്, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രം പാലത്തിന്റെ സമീപത്തേക്കു കയറ്റി വിടുന്ന രീതിയാണ് നടപ്പാക്കിയത്. ഒരു ദിവസം ഏകദേശം 1000 പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന വിധത്തിലാണു ടിക്കറ്റ് വിതരണം ചെയ്യുക. ആദ്യം വരുന്ന 1000 പേർക്ക് ടിക്കറ്റ് നൽകും. രാവിലെ 9 മുതലാണ് ടിക്കറ്റ് വിൽപന. ഒരു സഞ്ചാരിക്ക് 5 മുതൽ 7 മിനിറ്റ് വരെ ചെലവഴിക്കാം. ഒരു സമയം 15 പേർക്കാണ് പ്രവേശനം.

 

 

ഗ്ലാസ് ബ്രിഡ്ജ് സന്ദർശകർക്ക് പുതിയ പാക്കേജ് 

 

അഡ്വഞ്ചർ പാർക്കിൽ എത്തുന്നവർക്കായി പുതിയ പാക്കേജ് അവതരിപ്പിച്ച് ഡിടിപിസി. 999 രൂപയുടെ സിൽവർ പാക്കേജിലാണു തുടക്കം. കണ്ണാടിപ്പാലം, സ്കൈ സൈക്കിൾ, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിൾ എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 1499 രൂപയുടെ ഗോൾഡ് പാക്കേജിൽ റോക്കറ്റ് ഇജക്ടർ, ഫ്രീഫാൾ എന്നിവ അധികമായുണ്ട്. 1999 രൂപയുടെ പ്ലാറ്റിനം പാക്കേജിൽ അഡ്വഞ്ചർ പാർക്കിലെ എല്ലാ വിനോദങ്ങളും ആസ്വദിക്കാം.

 

പാലം കടന്നത് 11,159 പേർകണ്ണാടിപ്പാലം തുറന്ന നൽകിയതിനു ശേഷം ഇന്നലെ വരെ 11,159 പേരെത്തി. പ്രവേശന ഫീസ് 500 രൂപ ആയിരുന്നപ്പോൾ 3110 പേരാണ് കണ്ണാടിപ്പാലത്തിൽ കയറിയത്. 250 രൂപയാക്കി കുറച്ച 14 മുതൽ ഇന്നലെ വരെ 8049 പേർ എത്തി.

 

ആകെ 35,67,250 രൂപയാണ് ഇന്നലെ വരെ (22)വരുമാനം. 3 കോടി ചെലവിൽ നിർമിച്ച കണ്ണാടിപ്പാലത്തിന്റെ വരുമാനം 30 ശതമാനം ഡിടിപിസിക്കും 70 ശതമാനം സ്വകാര്യ കമ്പനിക്കുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT