തടാകക്കരയിലെ യേർക്കാട്, കുന്നിൻമുകളിലെ തണുപ്പ് അറിയാം; ഓറഞ്ച് രുചിക്കാം

Mail This Article
നട്ടുച്ച നേരത്ത് സേലത്ത് ട്രെയിനിറങ്ങിയപ്പോൾ ചുട്ടുപൊള്ളുകയായിരുന്നു. സമീപമുള്ള യേർക്കാട് എന്ന കുന്നിൻമുകളിലേക്ക് പോകാൻ ബസ് തിരഞ്ഞു ചെന്നപ്പോൾ അരമണിക്കൂർ കഴിഞ്ഞേ ബസ് പുറപ്പെടുകയുള്ളുവെന്ന് കണ്ടക്ടർ. പുറത്തുകാത്തുനിന്ന ഞങ്ങളെ അദ്ദേഹം നിർബന്ധിച്ചു ബസിനകത്ത് കയറ്റിയിരുത്തി. നാട്ടുകാരായ ചില യാത്രക്കാർ ഷർട്ടൂരി സീറ്റിന്റെ കമ്പിയിൽ കൊളുത്തി കടല കൊറിച്ചിരിക്കുന്നു. അത്രയ്ക്ക് വേണ്ട എന്ന മട്ടിൽ, ചൂടുസഹിച്ച് ഞങ്ങൾ ബസ് വിടാൻ കാത്തിരുന്നു.
ബസ് പുറപ്പെട്ട് ഹെയർപിൻ വളവുകൾ കയറാൻ തുടങ്ങിയതോടെ ചൂടു കുറഞ്ഞുവന്നു. ഇരുപതാമത്തെ വളവും പിന്നിട്ടപ്പോൾ സ്ഥലമെത്തിയെന്നറിയിച്ച് യൂക്കാലി മരങ്ങളുടെ നേർത്ത സുഗന്ധം. ചെറുകാറ്റിലും കുന്നിൻ മുകളിലെ തണുപ്പ് ഞങ്ങളറിഞ്ഞു.

ബസ്സ്റ്റാൻഡിനു തൊട്ടടുത്തുള്ള തടാകക്കരയിലാണ് ബസ് ഇറങ്ങിയത്. ഈ തടാകത്തിനു ചുറ്റുമാണ് യേർക്കാട് എന്ന കൊച്ചുടൗൺ. ചുറ്റും അലങ്കാരച്ചെടികളും അപൂർവ മരങ്ങളും വളരുന്ന പാർക്കുകൾ. പൂക്കൾ കൊണ്ട് കമാനം തീർത്ത പാർക്കുകളിൽ ചിരിച്ചുല്ലസിച്ച് കുട്ടികൾ. വേണ്ടവർക്ക് ബോട്ട് യാത്രയാകാം. നടന്നെത്താവുന്ന ദൂരത്തിൽ വ്യൂ പോയിന്റുകളുണ്ട്. ഇവിടെ താഴ്വാരം കണ്ടും കാറ്റേറ്റും സമയം പോക്കാം.

സഞ്ചാരികൾക്ക് അപരിചിതമായ സ്ഥലമൊന്നുമല്ല യേർക്കാട്. മിനി ഊട്ടിയെന്നാണ് ചെല്ലപ്പേര്. ഇപ്പോൾ ബംഗ്ളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നുമെല്ലാം കൂടുതൽ സഞ്ചാരികളെത്തുന്നു. മുൻപ് താമസസൗകര്യം നാമമാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഹോംസ്റ്റേകളും റിസോർട്ടുകളും യഥേഷ്ടം.
ഷോപ്പിങ് കേന്ദ്രങ്ങളും തീം പാർക്കുകളും അന്വേഷിച്ചെത്തുന്നവർ നിരാശരായേക്കാം. സഞ്ചാരികളുടെ വലിയ തിരക്കോ കച്ചവടക്കാരുടെ ബഹളമോ ഇല്ല. ധ്യാനനിമഗ്നരായ യൂക്കാലി മരങ്ങളുടെ തണൽ പറ്റി, അതിരുകളിൽ ഓറഞ്ചുമരങ്ങൾ വളരുന്ന കാപ്പിത്തോട്ടങ്ങൾക്ക് നടുവിലൂടെ നിങ്ങൾക്ക് ശാന്തമായി നടക്കാം. കാട്ടുചെടികൾ പോലും കുലകുത്തി പൂത്തുകിടക്കുന്ന വഴിയോരത്ത് ഓറഞ്ച് വിൽക്കാനിരിക്കുന്നവരുണ്ട്. കാഴ്ചയിൽ പുളിനാരങ്ങ എന്നു തോന്നുമെങ്കിലും കഴിച്ചുനോക്കിയാൽ അവിടെ തന്നെ വിളയുന്ന ഓറഞ്ചിന്റെ മാധുര്യമറിയാം.
ലേഡീസ് സീറ്റ് വ്യൂപോയിന്റിൽ നിർബന്ധമായി പോകണം. താഴ്വരയിൽ സേലം നഗരവും മേട്ടൂർ ഡാമും. വീരപ്പൻ വിളയാട്ടകേന്ദ്രങ്ങളായിരുന്ന നിബിഡ വനങ്ങൾ അങ്ങകലെ. തെളിഞ്ഞും മറഞ്ഞും വാഹനങ്ങൾ ചുരം കയറിവരുന്നത് കൗതുകത്തോടെ നോക്കിയിരിക്കാം. ടൗൺ ചുറ്റിവരുന്ന ലൂപ്പ് റോഡിലൂടെയുള്ള സവാരിയും ആഹ്ലാദകരം. ഏകദേശം 30 കിലോമീറ്റർ നീളുന്ന യാത്രയിൽ സുഗന്ധം വിളയുന്ന എസ്റ്റേറ്റുകളും വെള്ളച്ചാട്ടങ്ങളും കാണാം.
കണ്ടുമടങ്ങുന്ന സഞ്ചാരികളെ തിരികെ വിളിക്കുന്ന അപൂർവ ആകർഷണം യേർക്കാടിനുണ്ട്. എത്തിച്ചേരാനുള്ള എളുപ്പവും എടുത്തുപറയണം. സേലത്തു നിന്നു 23 കിലോമീറ്ററാണ് ദൂരം. യാത്ര ഒരു മണിക്കൂറിൽ താഴെ. ഒക്റ്റോബർ മുതൽ ജൂൺ വരെയാണ് സീസൺ.
Content Summary : Yercaud is a hill station town in the south Indian state of Tamil Nadu.