ADVERTISEMENT

ലോകസഞ്ചാര ഭൂപടത്തിൽ ഇന്ത്യയും കേരളവും എക്കാലവും ഉണ്ടായിരുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് നൂറ്റാണ്ടുകൾക്ക് മുമ്പേ നമ്മുടെ നാട്ടിലേക്ക് എത്തിയ വിദേശീയർ. മനോഹരമായ സംസ്കാരവും പാരമ്പര്യവും കൈമുതലായുള്ള നാടാണ് നമ്മുടേത്. മധ്യകാലഘട്ടത്തിൽ ഇവിടേക്ക് വിദേശികൾ എത്തിയത് ഈ നാട്ടിലെ വിദ്യഭ്യാസ രീതി പഠിക്കാൻ ആയിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അത് വ്യാപാരബന്ധം സ്ഥാപിക്കാനായി മാറി. ഇവിടെ വന്നു പോയവർ അവർ കണ്ടതും കേട്ടതും കുറിച്ചു വെച്ചു. വ്യാപാരബന്ധം സ്ഥാപിക്കാൻ എത്തിയ വിദേശീയർ നാട് കീഴടക്കിയതും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവും സ്വാതന്ത്ര്യം നേടിയതും എല്ലാം ചരിത്രം. ഇന്ന് കഥയാകെ മാറി. മലയാളി ലോകമലയാളിയായി മാറി. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളി എത്തി. ഏതൊക്കെ ദേശത്ത് പോയാലും ഏതൊക്കെ ദേശക്കാരായി മാറിയാലും ഓരോ മലയാളിയുടെ മനസ്സിലും പച്ചപ്പും ഹരിതാഭയും നിറഞ്ഞ കൊച്ചുകേരളം ഉണ്ടാകും.

ലോകടൂറിസം ദിനത്തിന്റെ ഇത്തവണത്തെ ആപ്തവാക്യം ടൂറിസം ആൻ‍ഡ് ഗ്രീൻ ഇൻവെസ്റ്റ്മെന്റ് എന്നതായിരുന്നു. കേരളത്തിലെ വിനോദസഞ്ചാരമേഖല വളർച്ചയുടെ പാതയിലാണെങ്കിലും ഗ്രീൻ ഇൻവെസ്റ്റ്മെന്റ് നമുക്ക് ആവശ്യത്തിന് ഉണ്ട്. കാരണം, പച്ചപ്പും ഹരിതാഭയും തന്നെയാണ് നമ്മുടെ നാടിന്റെ ഹൈലൈറ്റ്. കുന്നും മലകളും സമതലങ്ങളും നെൽപ്പാടങ്ങളും കടലും കായലും കാവുകളും തെയ്യവും തേയില തോട്ടങ്ങളും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വൈവിധ്യവും ഭംഗിയുമാണ് കേരളത്തിന്. ചുരുക്കത്തിൽ പച്ചപ്പിനായി ഒരു ഇൻവെസ്റ്റ്മെന്റ് പ്രത്യേകമായി ആവശ്യമില്ല.

കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം

രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം അത് മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ആണെന്ന്. കുന്നിൻ ചെരുവിൽ ഭംഗിയായി പരിപാലിച്ച് പോരുന്ന തേയിലത്തോട്ടങ്ങളുടെ ഭംഗി ഒന്നു വേറെ തന്നെയാണ്. ഉദയ സമയത്തും അസ്തമയനേരത്തും തേയിലത്തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ചിട്ടുള്ളവർക്ക് അറിയാം അത്രമേൽ മാസ്മരികത നിറഞ്ഞതാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങൾ. കാലാവസ്ഥ ഏതുമാകട്ടെ മഴയോ വെയിലോ തണുപ്പോ മൂന്നാറിലേക്ക് ഒരിക്കൽ എത്തിയിട്ടുണ്ടെങ്കിൽ അത് നിങ്ങളെ ആകർഷിച്ചു കൊണ്ടേയിരിക്കും. മേഘങ്ങളും കോടമഞ്ഞും ഒരു പെയിന്റിങ് പോലെ മനോഹരമായ പർവതനിരകളും മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തി തരുന്ന അന്തരീക്ഷവും മൂന്നാറിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

Read Also : ഒരു സീറ്റിന് 6.5 ലക്ഷം; നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം ഡെക്കാന്‍ ഒഡീസി; ആഡംബരത്തിന്റെ അവസാന വാക്ക്...

പൊൻമുടിയും മീശപ്പുലിമലയും അഗസ്ത്യമലയും മലകളുടെ ഒരു നിരയും

ദുൽഖർ സൽമാൻ നായകനായി എത്തിയ ചാ‍ർലി സിനിമ മുഴുവൻ കണ്ടെങ്കിലും യാത്രാപ്രേമികൾ അതിലെ ഒറ്റ ഡയലോഗേ മാത്രമാണ് കേട്ടത്. 'മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ' ചാർലി ചോദിച്ചത് ഡോക്ടർ കനിയോടാണെങ്കിലും ആ ചോദ്യം കേട്ടത് സിനിമ കണ്ട സഞ്ചാരപ്രിയർ ആണ്. സിനിമ കണ്ടിറങ്ങിയതും അവർ അടുത്ത യാത്ര പ്ലാൻ ചെയ്തതും മീശപ്പുലിമലയിലേക്ക് ആയിരുന്നു. മീശപ്പുലിമല മാത്രമല്ല ആനമുടിയും പൊൻമുടിയും പാമ്പാടും ചോലയും ഇരവിമലയും ചെമ്പ്രയും തുടങ്ങി നിരവധി മലകളും കുന്നുകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ട്രക്കിങ് നടത്താൻ ആഗ്രഹിക്കുന്നവർ പുറത്തേക്ക് ഒന്നിറങ്ങിയാൽ മാതി. പശ്ചമഘട്ടത്തിലെ മലകളും കുന്നുകളും നിങ്ങളെ മാടിവിളിക്കുകയാണ്.

ആനയും മാനും മയിലും വന്യജീവിസങ്കേതങ്ങളും

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ ആരെയും ആകർഷിക്കുന്ന ഒന്നാണ്. വിനോദസഞ്ചാരത്തിനായി എത്തുന്നവർ തമ്പടിക്കുന്നത് വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മധ്യ കേരളത്തിലോ ആകട്ടെ കൈ അകലത്തിൽ ഒരു വന്യജീവിസങ്കേതം ഉണ്ടാകും. 14 ജില്ലകൾ ഉള്ള കേരളത്തിൽ 18 വന്യജീവീ സങ്കേതങ്ങൾ ഉണ്ട്. കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ വന്യജീവി സങ്കേതം ഇടുക്കി ജില്ലയിലെ പെരിയാർ വന്യജീവി സങ്കേതം ആണ്. നെയ്യാർ, പേപ്പാറ, ശെന്തുരുണി, ആറളം, പീച്ചി, തോൽപ്പെട്ടി, മുത്തങ്ങ അങ്ങനെ പോകുന്നു നമ്മുടെ നാട്ടിലെ വന്യജീവി സങ്കേതങ്ങൾ. സൈലന്റ് വാലിയും ഇരവികുളവും ഉൾപ്പെടെ അ‍ഞ്ചോളം ദേശീയോദ്യാനങ്ങൾ. കുന്തിപ്പുഴയും തട്ടേക്കാടും പക്ഷിപ്പാതാളവും മംഗളവനവും ഉൾപ്പെടെ പച്ചപ്പിന്റെയും വന്യമൃഗങ്ങളുടെയും ഒരു മഹനീയ ലോകം നമുക്ക് മുന്നിൽ തുറന്നുവെക്കുന്നു.

പുഴകൾ മലകൾ പൂവനങ്ങൾ

മറ്റ് സംസ്ഥാനങ്ങളിലെ നദികളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നദികൾ ചെറുതാണ്. എങ്കിലും പശ്ചിമഘട്ടത്തിൽ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ ചേരുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന കബനി, ഭവാനി, പാമ്പാർ എന്നീ മൂന്നു നദികളുമായി 44 നദികളാണ് നമുക്കുള്ളത്. ഈ നദികൾ പൂർവാധികം ശക്തിയോടെ സംരക്ഷിക്കേണ്ടതായിട്ടുണ്ട്. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് പുഴകൾ മലിനമാക്കുമ്പോൾ നമ്മുടെ വലിയ ജലസമ്പത്തിനെയാണ് നഷ്ടപ്പെടുത്തുന്നത്. അത് മാറണം, മാറണമെന്ന് മാത്രമല്ല നദികൾ സംരക്ഷിക്കുകയും  നദീതീരങ്ങളും നദിയും വിനോദസഞ്ചാരത്തിന് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും കഴിയണം. മലബാർ റിവർ ഫെസ്റ്റിവൽ അത്തരമൊരു മുന്നേറ്റമാണ്. അതുപോലെ കായലുകളും വള്ളംകളി മത്സരങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയും കാഴ്ചക്കാരായി എത്തുന്നവർക്ക് വള്ളംകളി കാണാനും മറ്റും മികച്ച സൗകര്യങ്ങൾ, ഭക്ഷണം ഉൾപ്പെടെ, ഏർപ്പെടുത്തുകയും ചെയ്യണം.

ക്ഷേത്രങ്ങളും ക്ഷേത്രകലകളും

തിരുവനന്തപുരം സന്ദർശിക്കാൻ എത്തുന്ന എല്ലാവരും ജാതിമതഭേദമന്യേ എത്തിച്ചേരുന്ന ഇടമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം. കാരണം, വിശ്വാസികളുടെ കേന്ദ്രം എന്നതിന് അപ്പുറത്തേക്ക് വിനോദസഞ്ചാര ഭൂപടത്തിൽ കൃത്യമായ ഇടം കണ്ടെത്തിയിട്ടുണ്ട് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. കോഴിക്കോട് തളി ക്ഷേത്രം, മണ്ണാറശ്ശാല, വടക്കുന്നാഥ ക്ഷേത്രം, പറശ്ശിനിക്കടവ് എന്നിങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങൾ കൂടുതൽ വിനോദസഞ്ചാര സൗഹൃദമാക്കണം. പ്രാർത്ഥിക്കാനുള്ള ഇടം എന്ന നിലയിൽ മാത്രമല്ല ക്ഷേത്രങ്ങളുടെ വാസ്തുശിൽപകലയെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും കൃത്യമായി സഞ്ചാരികൾക്ക് അറിവ് പകർന്ന് നൽകാൻ കഴിയുന്ന ഗൈഡുമാരെയും നിയോഗിക്കാൻ കഴിയണം. ക്ഷേത്രങ്ങൾക്ക് ഒപ്പം തന്നെ ക്ഷേത്രകലയെയും സഞ്ചാരികൾക്ക് പരിചയപ്പെടുത്തണം. കൂത്ത്, കൂടിയാട്ടം, കഥകളി, രാമനാട്ടം, കൃഷ്ണനാട്ടം, തുള്ളൽ, അഷ്ടപദിയാട്ടം തുടങ്ങിയുള്ള ക്ഷേത്രകലകൾ അവതരിപ്പിക്കുമ്പോൾ അതിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനും അതിനെ സഞ്ചാരികൾക്ക് ആസ്വാദ്യകരമാക്കാനും കഴിയണം. തെയ്യവും തിറയും പടയണിയും അതാത് കാലങ്ങളിൽ ഈ നാട്ടിലെത്തി ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയണം. അനുഷ്ഠാന കലകളാൽ സമ്പന്നമാണ് കേരളം. തിരുവാതിരക്കളി, മാർഗം കളി, ഒപ്പന പോലെയുള്ള അനുഷ്ഠാനകലകൾ ആസ്വദിക്കാനുള്ള അവസരവും നമ്മൾ സഞ്ചാരികൾക്ക് ഒരുക്കണം. കർക്കടക മാസത്തിലെ നാലമ്പല ദർശനം പോലെയുള്ളവ ടൂറിസം പട്ടികയിൽ ഇടം പിടിക്കണം.

കളരിപ്പയറ്റും ആയുർവേദവും

ആയോധനകലയുടെ മാതാവ് എന്നറിയപ്പെടുന്ന കളരിപ്പയറ്റ് കേരളത്തിന്റെ ആയോധനകലാരൂപമാണ്. കളരിപ്പയറ്റിലെ അവസാനത്തെ അടവാണ് പൂഴിക്കടകൻ. അതുപോലെ കേരളത്തിലെ വിനോദസഞ്ചാര മേഖല മികച്ചതാക്കാനും ആസ്വാദ്യകരമാക്കാനും ഇവിടുത്തെ വിനോദസഞ്ചാരവകുപ്പ് പൂഴിക്കടകൻ ഉപയോഗിക്കേണ്ട സമയത്താണ് കാലമിപ്പോൾ. മെയ്പ്പയറ്റ്, വടിപ്പയറ്റ്, വെറും കൈപ്രയോഗം എന്ന് തുടങ്ങിയ കളരിപ്പയറ്റിലെ അഭ്യാസമുറകൾ നാട് കാണാനെത്തുന്നവർക്ക് പരിചയപ്പെടുത്താനും ആവശ്യമെങ്കിൽ അവർക്ക് വേണ്ട ക്ലാസുകൾ ലഭ്യമാക്കാനുമുള്ള അവസരം ഉണ്ടാകണം. പണ്ടു കാലത്ത് നമ്മുടെ നാട്ടിൽ കളരികൾ സജീവമായിരുന്നു. എന്നാൽ, യുദ്ധത്തിൽ പഴശ്ശിയോട് ഏറ്റ തിരിച്ചടി കളരികൾക്ക് താഴിടാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. കാരണം, സാമൂതിരിയുടെയും പഴശ്ശിയുടെയും കോലത്തിരിയുടെയും കരുത്ത് ആയോധനകലയായ കളരി അഭ്യസിച്ച വീരൻമാരാണെന്ന് മനസിലാക്കിയ മലബാർ കലക്ടർ റോബർട്ട്‌ റിച്ചാർഡ്‌സ്‌ 1803ലാണ്‌ കളരി നിരോധിച്ചത്. എന്നാൽ, 150 വർഷങ്ങൾക്കിപ്പുറം നമ്മുടെ നാട്ടിൽ കളരികൾ വീണ്ടും ഉണർന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കൂടുതൽ സജീവമായും കളരികൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. കളരിപ്പയറ്റ് മാത്രമല്ല, കളരിമർമ്മ ചികിത്സയും ആയുർവേദവും നമ്മുടെ നാടിന്റെ സമ്പത്താണ്. അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്താനും സത്യസന്ധവും കൃത്യവുമായ ആയുർവേദ ചികിത്സകൾ ലഭ്യമാക്കാനും നമുക്ക് കഴിയണം. ഉഴിച്ചിൽ കേന്ദ്രങ്ങളുടെ പേരിലും മറ്റും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കൂച്ചുവിലങ്ങിടാനും കഴിയണം. വിശ്വാസത്തോടെ ആയുർവേദ കേന്ദ്രങ്ങളിൽ എത്താൻ ഇവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും കഴിയണം. അതിനുള്ള സംവിധാനം സർക്കാർ ഒരുക്കണം.

പച്ചപ്പും ഹരിതാഭയും കൊണ്ട് മാത്രമല്ല  നമ്മുടെ നാടിന്റെ പാരമ്പര്യവും തനിമയും അനുഷ്ഠാനങ്ങളും ചരിത്രവും ഒക്കെ മുറുകെ പിടിച്ചായിരിക്കണം വിനോദസഞ്ചാര മേഖലയിലുള്ള വികസനം. സഞ്ചാരികൾക്കായി നാടിന്റെ വാതിലുകൾ തുറക്കുമ്പോൾ എത്തുന്ന കാറ്റും വെളിച്ചവും നാടിന്റെ ഉന്നതിക്കായി മാറണം. നമ്മുടെ കലകളെയും ഉത്സവങ്ങളെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയിൽ കൊണ്ടുവരണം. എന്തിന് എല്ലാ വർഷവും നടക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവം ലോകശ്രദ്ധയിൽ എത്തിച്ചാൽ അത് വലിയൊരു മാറ്റമായിരിക്കും. കാരണം, കേരളത്തിലെ ഒരുവിധം കലാരൂപങ്ങൾ എല്ലാം യുവജനോത്സവ വേദിയിൽ എത്താറുണ്ട് എന്നതു തന്നെ. തൃശൂർ പൂരവും വള്ളം കളികളും കൽപ്പാത്തി രഥോത്സവും ഓണം വാരാഘോഷവും തെയ്യക്കാലവും കൊച്ചിൻ കാർണിവലും ആറന്മുള വള്ളസദ്യയും സഞ്ചാരികളെ ആകർഷിക്കട്ടെ. വിനോദസഞ്ചാര ഭൂപടത്തിൽ ഈ കൊച്ചു കേരളം ഒരു വമ്പനായി മാറട്ടെ.

Content Summary : Green investment of Kerala tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com