ADVERTISEMENT

റൈഡേഴ്സ് ക്ലബുകൾ പൊതുവേ സ്ഥിരം ചില റൂട്ടുകളിലൂടെയാകും സഞ്ചരിക്കുക. എല്ലാവരും പോകുന്ന വഴികൾ, ഡെസ്റ്റിനേഷനുകൾ അങ്ങനെ. മറ്റൊരു പ്രവണത റൈഡേഴ്സ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൊതുജനപ്രവർത്തനങ്ങളായിരിക്കും. ഇതൊക്കെ ആർക്കും ചെയ്യാവുന്നതാണ്. എന്നാൽ റെക്കോർഡ് റൈഡുകൾ നടത്താൻ എത്ര പേർക്കറിയാം. ഏതു റൂട്ട് തിരഞ്ഞെടുത്താൽ അത് റെക്കോർഡ് ആകുമെന്നു പറഞ്ഞു തരാനും അതിനു പിന്തുണ നൽകാനും ഒരു ക്ലബുണ്ടെങ്കിലോ? അവിടെയാണ് ഇനി പറയുന്ന റൈഡേഴ്സ് ക്ലബ് വ്യത്യസ്തമാകുന്നത്. അംഗത്വം നൽകുന്നതു മുതൽ, നടത്തുന്ന റൈഡുകളുടെ വിശദാംശങ്ങൾ വരെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തം. അതുകൊണ്ടാകാം ക്ലബിന്റെ നേതൃത്വത്തിലുള്ള ഓരോ റൈഡിനും അംഗബലം വർധിക്കുന്നതും അവ കൂടുതൽ ഗംഭീരമാകുന്നതും. ഇനി ക്ലബിനെ പരിചയപ്പെടാം. കോഴിക്കോട് ആസ്ഥാനമായ മോട്ടർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ. ഇന്ത്യയിൽ ആദ്യമായി കോറമാണ്ടൽ കോസ്റ്റൽ റൂട്ടിൽ റെക്കോർഡ് റൈഡ് പ്രകടനം നടത്തിയിരിക്കുകയാണ് ഈ മോട്ടർ സൈക്കിൾ സംഘം. ഇന്ത്യയിൽ ഇന്നുവരെ ഒരു റൈഡിങ് ക്ലബും സഞ്ചരിക്കാത്ത റൂട്ടാണിത്. 

അനുഭവങ്ങളിലേക്കു വണ്ടിയോടിക്കുന്നവർ 

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 47 റൈഡേഴ്സാണ് ഈ റൈഡിൽ പങ്കെടുത്തത്. മോട്ടർസൈക്കിൾ ടൂറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജാക്‌സൺ ഫെർണാണ്ടസ്, സെക്രട്ടറി വെപ്പാവി, സമർ എന്നിവരാണ് ഈ റെക്കോർഡ് പ്രകടനത്തിനു ചുക്കാൻ പിടിച്ചത്. ദീ‌ർ‌ഘദൂര യാത്രകൾ, സുരക്ഷ, ടൂറിസം പ്രൊമോഷൻ എന്നിവ  ലക്ഷ്യമിട്ടാണ് ക്ലബ് റൈഡുകൾ സംഘടിപ്പിക്കുന്നത്. 2018 ലാണ് ക്ലബ് സ്ഥാപിതമാകുന്നത്. റെക്കോർഡുകൾ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. പലർക്കും എങ്ങനെയാണ് റെക്കോർഡ് റൈഡുകൾ നടത്തേണ്ടത് എന്നറിയില്ല. അതിനുവേണ്ട എല്ലാ സഹായങ്ങളും പിന്തുണയും ക്ലബ് നൽകുന്നു. കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ തെക്കേയറ്റത്തെ പോയിന്റിൽനിന്ന് ജിയോഗ്രഫിക്കൽ സെന്റർ പോയിന്റിലേക്ക് റെക്കോർഡ് പ്രകടനത്തോടെയുള്ള റൈഡ് നടത്തിയത്. ഇന്ത്യ–പാക്ക് വിഭജനത്തിനു മുൻപ് ഇന്ത്യയുടെ സിറോ പോയിന്റ് നാഗ്പുരിലായിരുന്നു. എന്നാൽ വിഭജനത്തിനു ശേഷം അത് മധ്യപ്രദേശിലെ കറൗണ്ടിയിലെ മനോഹർഗാവ് ആയി. ഈ കാറ്റഗറിയിൽ ഇന്ത്യയിൽ വേറെ ആരും ഇത്തരമൊരു റൈഡ് ചെയ്തിട്ടില്ല. അന്ന് ക്ലബിന്റെ നേതൃത്വത്തിൽ 22 പേരാണ് ആ റെക്കോർഡ് പ്രകടനത്തിനായി ക്ലച്ചും ബ്രേക്കും പിടിച്ച് ഫുൾ പവറിൽ നിരത്തിലിറങ്ങിയത്. 

motorcycle-tourers-association6
കോറമാണ്ടൽ കോസ്റ്റൽ റൂട്ട് യാത്രയിൽ നിന്നും. ചിത്രം : മോട്ടർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ

പല മേഖലകളിൽ പ്രവർത്തിക്കുന്ന, പല സ്ഥലങ്ങളിലും രാജ്യങ്ങളിലും നിന്നുള്ളവരാണ് ക്ലബിന്റെ കരുത്തും ഊർജവും. റൈഡേഴ്സ് ക്ലബ് എന്നാൽ റൈഡ് മാത്രം ആസ്വദിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം യാത്രാപ്രേമികൾ. യാത്രയെ സ്നേഹിക്കുന്ന, സഞ്ചാരങ്ങളെ നെഞ്ചോട് ചേർത്തു വണ്ടിയോടിക്കാൻ ഇഷ്ടപ്പെടുന്ന മനുഷ്യർ. അവർക്ക് നിർദ്ദേശങ്ങളും സഹായങ്ങളും ഇതുപോലെയുള്ള പ്രകടനങ്ങൾക്ക് പിന്തുണയും നൽകി ഒപ്പമുള്ള വെപ്പാവിയും ജാക്‌സൺ ഫെർണാണ്ടസും സമറുമാണ് മോട്ടർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷന്റെ ജീവനാഡികൾ. വണ്ടിയോടിക്കാൻ അറിയാവുന്ന ആർക്കും ക്ലബിൽ അംഗമാകാം. പക്ഷേ മൂന്നു നിബന്ധനകളുണ്ട്. ഒന്ന്, 21 വയസ്സ് പൂർത്തിയായിരിക്കണം. മൂന്ന് വർഷം ദീർഘദൂരം റൈഡ് ചെയ്ത് എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം. രണ്ട്, അംഗത്വം വേണ്ടവർക്ക് ഫുൾ റൈഡിങ് ഗിയേഴ്സ് നിർബന്ധമാണ്. അതായത് ഒരു റൈഡർക്ക് ആവശ്യമായ റൈഡിങ് ജാക്കറ്റ്, റൈഡിങ് പാന്റ് ബൂട്ട്, ഗ്ലൗസ്, ഹെൽമറ്റ് അങ്ങനെ എല്ലാം. മൂന്ന്, അംഗമാകാൻ ആഗ്രഹിക്കുന്നവർ പഴ്സനൽ ആക്സിഡന്റ് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. ഇതൊന്നും ഇല്ലാതെ ആർക്കും അംഗത്വം നൽകാറില്ല. സംഘടിപ്പിക്കുന്ന യാത്രകൾ പോലെ തന്നെ പലതും വ്യത്യസ്തമാണ് ക്ലബിന്റെ കാര്യത്തിൽ.

motorcycle-tourers-association5
കോറമാണ്ടൽ കോസ്റ്റൽ റൂട്ടിൽ റെക്കോർഡ് റൈഡ് പ്രകടനം നടത്തിയ മോട്ടർ സൈക്കിൾ സംഘാംഗങ്ങൾ. ചിത്രം : മോട്ടർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ‌

മോട്ടർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷന്റെ മറ്റൊരു പ്രത്യേകത, പുറപ്പെടുന്നതിന്റെ തലേദിവസം വരെ റൈഡിന്റെ വിശദാംശങ്ങൾ രഹസ്യമായിരിക്കും എന്നതാണ്. ഏതു വഴിയാണ്, എങ്ങനെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും നേരത്തേ പറയില്ല. പോകുന്ന ഇടത്തെക്കുറിച്ച് പോലും സൂചന നൽകില്ല. ആകെ നൽകുന്ന വിവരം തീയതിയും കിലോമീറ്ററും മാത്രമായിരിക്കും. റൈഡിന്റെ തലേ ദിവസം മാത്രമാണ് എങ്ങോട്ടാണ് പോകുന്നത്, എത് വഴിക്കാണ്, എങ്ങനെയായിരിക്കും എന്നൊക്കെയുള്ള വിശദാംശങ്ങൾ നൽകുക. കഴിഞ്ഞ വർഷത്തെ റൈഡ് ഫസ്റ്റ് റെക്കോർഡ് റൈഡ്, ഇത്തവണത്തെ സെക്കൻഡ് റെക്കോർഡ് റൈഡ്– അംഗങ്ങൾക്ക് നൽകുന്ന വിവരം ഇങ്ങനെയാണ്, സെക്കൻഡ് റെക്കോർഡ് റൈഡ്, തീയതി, എത്ര കിലോമീറ്റർ യാത്ര– ഇത്രമാത്രം അറിഞ്ഞുകൊണ്ടാണ് ഇത്തവണ 47 പേരും റൈഡിനെത്തിയത്. അതിന്റെ പ്രധാന കാരണം ക്ലബ് നടത്തുന്ന റൈഡ് റെക്കോർഡ് പ്രകടനങ്ങളായതിനാൽ നേരത്തേ വിവരങ്ങൾ പുറത്തുവിട്ടാൽ അത് മറ്റുള്ളവർ ഏറ്റെടുക്കുകയും അതിലൂടെ റൈഡിന്റെ ഉദ്ദേശ്യം പാടെ ഇല്ലാതാവുകയും ചെയ്യുമെന്നതിനാലാണെന്ന് ഇവർ പറയുന്നു. ഇന്നുവരെ പങ്കെടുത്തവരെല്ലാം തന്നെ ഈയൊരു എക്സൈറ്റ്മെന്റ് ഇഷ്ടപ്പെടുന്നവരാണ്.

motorcycle-tourers-association4
കോറമാണ്ടൽ കോസ്റ്റൽ റൂട്ടിൽ റെക്കോർഡ് റൈഡ് പ്രകടനം നടത്തിയ മോട്ടർ സൈക്കിൾ സംഘാംഗങ്ങൾ. ചിത്രം : മോട്ടർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ

ഇത്തവണത്തെ റെക്കോർഡ് പ്രകടനം കോറമാണ്ടൽ തീരം വഴിയായിരുന്നു. ഇത് ഇന്ത്യയിലെ ഒരു റൈഡരും തിരഞ്ഞെടുക്കാത്ത റൂട്ടാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുകിഴക്കൻ തീരത്തിന് നൽകിയിരിക്കുന്ന പേരാണ് കോറമാണ്ടൽ തീരം. ശ്രീലങ്ക ദ്വീപിന്റെ തെക്കുകിഴക്കൻ തീരവും ഇതിൽ ഉൾപ്പെട്ടേക്കാമെന്നാണ് നിഗമനം. ഈ തീരം പൊതുവെ താഴ്ന്നതാണ്. കാവേരി, പാലാർ, പൊന്നാർ, കൃഷ്ണ എന്നിവയുൾപ്പെടെ നിരവധി വലിയ നദികളുടെ ഡെൽറ്റകളാൽ വിച്ഛേദിക്കപ്പെട്ടിരിക്കുന്ന, ഇത് പശ്ചിമഘട്ടത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഉയർന്ന് ഡെക്കാൻ പീഠഭൂമിയിലൂടെ കടന്ന് ബംഗാൾ ഉൾക്കടലിലേക്ക് ചേരുന്നു. കോറമാണ്ടൽ തീരം അതിന്റെ തുറമുഖങ്ങൾക്കും പേരുകേട്ടതാണ്. പുലിക്കാട്ട്, ചെന്നൈ, പോണ്ടിച്ചേരി, കാരക്കൽ, കടലൂർ, തരംഗമ്പാടി, നാഗൂർ, നാഗപട്ടണം എന്നിവയെല്ലാം തീരത്തിന്റെ ഭാഗമാണ്. 

motorcycle-tourers-association2
കോറമാണ്ടൽ കോസ്റ്റൽ റൂട്ടിൽ റെക്കോർഡ് റൈഡ് പ്രകടനം നടത്തിയ മോട്ടർ സൈക്കിൾ സംഘാംഗങ്ങൾ. ചിത്രം : മോട്ടർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ

കിഴക്ക് കന്യാകുമാരിയിൽനിന്നു ആരംഭിച്ച റൈഡർമാരുടെ യാത്ര ആന്ധ്രയിലെ ഹംസലാദീവിയിലാണ് അവസാനിച്ചത്. ഇവിടെയാണ് കൃഷ്ണ നദി ബംഗാൾ ഉൾക്കടലിൽ ലയിക്കുന്നത്. കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര തിരിച്ചെന്തൂർ, തൂത്തുക്കുടി, രാമേശ്വരം, ധനുഷ്‌കോടി, നാഗപട്ടണം, കാരയ്ക്കൽ, കടലൂർ, ചിദംബരം, പോണ്ടിച്ചേരി, ചെന്നൈ, നെല്ലൂർ, ഓങ്കോൾ, ചിരാല എന്നീ തീരദേശ നഗരങ്ങളിലൂടെ സഞ്ചരിച്ച് ആന്ധ്രാപ്രദേശിലെത്തുകയായിരുന്നു. ഏകദേശം 1600 കിലോമീറ്റർ നീണ്ട യാത്രയായിരുന്നു അത്. റെക്കോർഡ് പ്രകടനം എന്നതിനപ്പുറം ഈ സംഘം ലക്ഷ്യമിടുന്നത് യാത്ര തന്നെയാണ്. അടുത്ത എട്ടുവർഷത്തേക്കുള്ള റെക്കോർഡ് പ്രകടന പ്ലാനിങ് തങ്ങൾ ചെയ്തുവെച്ചിട്ടുണ്ടെന്നു സെക്രട്ടറി വെപ്പാവി പറയുന്നു. പോകുന്നയിടങ്ങൾ നല്ലതുപോലെ ആസ്വദിച്ച്, കാഴ്ചകളും പുത്തൻ സ്ഥലങ്ങളും കണ്ട് നല്ല ഭക്ഷണങ്ങൾ പരീക്ഷിച്ച്, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടാക്കാതെ കടന്നുപോവുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വെപ്പാവി പറയുന്നു. ക്ലബിന്റെ അടുത്ത റൈഡ് ലഡാക്കിലേക്കാണ്. അത് എല്ലാവരും പോകുന്നതുപോലെയല്ല, വളരെ വ്യത്യസ്തമായ വഴികളിലൂടെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്ത വർഷമാണ് റൈഡ് നടത്താൻ ഉദ്ദേശിക്കുന്നത്.

റൈഡിങ് എന്നതുകൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നത് യാത്ര തന്നെയാണെന്ന് ഇവർ പറയുന്നു. മനോഹരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുക, ജീവിതത്തിലെ കുറേ നല്ല ഓർമകളും നിമിഷങ്ങളും ഒപ്പം അനുഭവങ്ങളും സമ്പാദിക്കുക അതാണ് ലക്ഷ്യം. പേരിനും പ്രശസ്തിയ്ക്കും അപ്പുറം യാത്രകളെ ഇഷ്ടപ്പെടുന്ന കുറച്ചുപേരാണ് ഈ ക്ലബിലുള്ളത്. ഇത്തവണത്തെ റൈഡിൽ പങ്കെടുക്കാനായി യുകെയിൽനിന്നും ദുബായിൽനിന്നും വരെ എത്തിയവരുണ്ട്. ദുബായിൽനിന്നു രണ്ടുപേരും യുകെയിൽനിന്ന് ഒരാളുമാണ് സംഘത്തിലുണ്ടായിരുന്നത്. സെപ്റ്റംബറിലാണ് യുകെ, കാനഡ പോലെയുള്ള രാജ്യങ്ങളുടെ ഇൻടേക്ക് നടക്കുന്നത്, ആ സമയത്ത് ഫ്ലൈറ്റ് ചാർജ്ജടക്കം എല്ലാം വർധിച്ചു നിൽക്കുന്ന സമയാണ്, എന്നിട്ടും ഒരു റൈഡർ ഈ യാത്രയുടെ ഭാഗമാകുന്നതിനുവേണ്ടി അധികസമയ ജോലിചെയ്തും മറ്റും സമയം കണ്ടെത്തിയാണ് വന്നത്. അങ്ങനെ പല സാഹചര്യങ്ങളിൽ നിന്നും തങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തിനൊപ്പം സഞ്ചരിക്കാൻ വണ്ടിയെടുത്തിറങ്ങിയവരാണ്. ഇവരുടെ യാത്രകൾ ഇനിയും മനോഹരമാകട്ടെ.

English Summary:

Motorcycle tourers association, record ride to Coromandel coast route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com