ADVERTISEMENT

ധാരാവി, ധാരാവി എന്നു കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എങ്കിലും ഭൂരിഭാഗത്തിന്റേയും മനസിലുള്ള ധാരാവിയെക്കുറിച്ചുള്ള ചിത്രം യാഥാര്‍ഥ്യവുമായി ഒത്തു പോവാത്തതാണ്. മുംബൈ എന്ന മഹാനഗരത്തിന്റെ ഹൃദയമിടിപ്പാണ് പത്തുലക്ഷത്തിലേറെ പേര്‍ താമസിക്കുന്ന ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശം. മുംബൈ കാണാനെത്തുന്നവര്‍ മാത്രമല്ല ഇന്ത്യയിലേക്കു വരുന്ന വിദേശികളും ധാരാവി കാണാനിറങ്ങാറുണ്ട്. ദരിദ്രര്‍ മാത്രമല്ല വിദേശത്തേക്കു കയറ്റു മതിയുള്ള കച്ചവടം നടത്തുന്നവരും താമസിക്കുന്ന സ്ഥലമാണ് ധാരാവി. ഇത്രയേറെ വൈവിധ്യമുള്ള ചെറുകിട സംരംഭങ്ങള്‍ സജീവമായുള്ള അധികം സ്ഥലങ്ങള്‍ വേറെയില്ല. കയറ്റുമതി ചെയ്യുന്ന തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മാണം, മണ്‍പാത്രനിര്‍മാണം, സോപ്പ് നിര്‍മാണം, വസ്ത്ര നിര്‍മാണം, റീ സൈക്ലിങ് യൂണിറ്റുകള്‍, ഭക്ഷണശാലകള്‍, മധുരപലഹാരങ്ങളും മറ്റു ഭക്ഷണങ്ങളുടേയും നിര്‍മാണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി സംരംഭങ്ങള്‍ ഇവിടെയുണ്ട്. ധാരാവിക്കു വേണ്ടിയുള്ളതു മാത്രമല്ല മുംബൈ മഹാ നഗരത്തിനു വേണ്ടിയുള്ള ഉത്പന്നങ്ങളില്‍ പലതും ഇവിടെയാണ് ഉടലെടുക്കുന്നത്.

Image Credit:Dynamoland /istockphotos.com
Image Credit:Dynamoland /istockphotos.com

തെക്കന്‍ മുംബൈയില്‍ മാഹിം നദീ തീരത്ത് 1.75 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയിലാണ് ധാരാവിയുള്ളത്. മുംബൈയിലെ മത്സ്യതൊഴിലാളി ഗ്രാമമായിരുന്നു ധാരാവിയെന്ന് 1909 ല്‍ പ്രസിദ്ധീകരിച്ച ഗസറ്റിയര്‍ ഓഫ് ബോംബെ ആന്റ് ഐലന്റില്‍ പറയുന്നു. അന്ന് സമുദ്രത്തിലേക്കു തള്ളി നിന്ന ചതുപ്പു പ്രദേശമായിരുന്നു ധാരാവി. പിന്നീട് സിയോനില്‍ ഒരു അണക്കെട്ടു പണിയുകയും നദി വരണ്ട് കൂടുതല്‍ കരഭാഗങ്ങള്‍ തെളിയുകയും ചെയ്തു. ഇതോടെ സ്വാഭാവിക ജീവിതമാര്‍ഗം കുറഞ്ഞ മത്സ്യതൊഴിലാളികള്‍ ഇവിടം വിടുകയും ധാരാവി കുടിയേറ്റക്കാരുടെ കേന്ദ്രമായി മാറുകയുമായിരുന്നു. ലോകത്തു തന്നെ ഏറ്റവും ഉയര്‍ന്ന വാടകയുള്ള മുംബൈ മഹാ നഗരത്തിലെത്തുന്നവര്‍ക്ക് ഇന്നും ചെറിയ ചെലവിൽ ജീവിക്കാന്‍ അവസരം നല്‍കുന്ന ഇടമാണ് ധാരാവി. 

2019 ല്‍ ട്രാവല്‍ വെബ് സൈറ്റായ ട്രിപ് അഡൈ്വസര്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ യാത്രാനുഭവങ്ങളില്‍ മുന്നിലെത്തിയത് ധാരാവിയായിരുന്നു. താജ്മഹലിനെ വരെ മറികടന്നാണ് ധാരാവി വ്യത്യസ്ത അനുഭവമെന്ന പേരു നേടിയത്. ഇന്ന് ധാരാവി കാണാനായി പല തരത്തിലുള്ള ടൂര്‍ പാക്കേജുകള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാണ്. ധാരാവിയിലേക്കു കടക്കാന്‍ പ്രത്യേകിച്ച് ഫീസൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ ടൂര്‍ പാക്കേജുകളുടെ ഭാഗമായി ധാരാവിയെ വിശദമായും എളുപ്പത്തിലും അറിയാന്‍ ഒരാള്‍ക്ക് 650 രൂപ മുതല്‍ 9,500 രൂപ വരെ ചിലവു വരും. 

ധാരാവിയിലേക്കുള്ള യാത്രക്കു മുമ്പുള്ള സഞ്ചാരികളുടെ പ്രധാന ആശങ്ക സുരക്ഷയെ കുറിച്ചുള്ളതായിരിക്കും. ബഹുഭൂരിഭാഗവും വളരെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശമാണ് ധാരാവി. സാധാരണ ഗതിയില്‍ ഇവിടേക്കുള്ള യാത്രകള്‍ മറ്റേതൊരു സ്ഥലത്തേക്കുള്ള യാത്രയേയും പോലെ സുരക്ഷിതമാണ്. അതുപോലെ അപരിചിതമായ ഏതൊരു സ്ഥലത്തേക്കു പോവുന്നതിനും മുമ്പ് കൈകൊള്ളേണ്ട മുന്‍കരുതലുകള്‍ ധാരാവിയുടെ കാര്യത്തിലും നല്ലതാണ്. 

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ പരിമിതിയുണ്ട് ധാരാവിക്ക്. വെറും 590 ഏക്കര്‍ പ്രദേശത്ത് പത്തുലക്ഷത്തോളം പേര്‍ ഇവിടെ കഴിയുന്നു എന്നതു തന്നെ പ്രധാന കാരണം. ഭൂരിഭാഗം വീടുകളിലും ഒരു മുറി തന്നെ സ്വീകരണമുറിയായും അടുക്കളയായും ഊണുമുറിയായും കിടപ്പുമുറിയായും മാറുകയാണ് പതിവ്. ഗേറ്റ് വേ ഓഫ് മുംബൈ, മറൈന്‍ ഡ്രൈവ്, ഫിലിം സിറ്റി, സഞ്ജയ് ഗാന്ധി പാര്‍ക്ക്, എസ്സെല്‍ വേള്‍ഡ്, ഗ്ലോബല്‍ വിപാസന പഗോഡ എന്നിങ്ങനെ മുംബൈയില്‍ പലതും കാണാനുണ്ട്. എങ്കിലും മുംബൈയുടെ ഹൃദയമിടിപ്പ് അറിയണമെങ്കില്‍ ധാരാവിയിലേക്കു തന്നെ പോകണം. 

English Summary:

Asias largest slum, Dharavi : The heart of Mumbai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com