ADVERTISEMENT

ഇടുക്കിയിലേക്കുള്ള യാത്രയ്ക്കു തന്നെ ചന്തമേറെ. തൊടുപുഴ– കട്ടപ്പന റൂട്ടിലെ യാത്രയിൽ പുതിയ ചെറുതോണിപ്പാലം നമ്മെ കാത്തിരിക്കുന്നു. തൊട്ടപ്പുറത്ത് ഓർമകളുടെ മഹാപ്രളയം തീർക്കുന്ന, കരുത്തിന്റെ, അതിജീവനത്തിന്റെ പ്രതീകമായി പഴയ ചെറുതോണിപ്പാലം. പാലം കടന്നു പോയിപ്പോയി കട്ടപ്പനയും കടന്ന്, മൂന്നാറിലെത്തിയാൽ റോഡ് തന്നെ ഗംഭീര ഫ്രെയിമുകളാകുന്ന മറ്റൊരു വഴി തുറക്കുന്നു; ഗ്യാപ് റോഡ്. മൂന്നാർ– ബോഡിമെട്ട് പാതയുടെ പണി ഉടൻ തീരുന്നതോടെ ഗ്യാപ് റോഡ് സഞ്ചാരികളുടെ ഇഷ്ടവഴിയാകുമെന്നുറപ്പ്. എന്താണു ചെറുതോണിപ്പാലത്തിന്റെയും ഗ്യാപ് റോഡിന്റെയും പ്രത്യേകതകളെന്നു നോക്കിയാലോ...

പ്രളയത്തെ തോൽപിക്കാൻ പുതിയ ചെറുതോണിപ്പാലം

പ്രളയത്തെയും പ്രകൃതിദുരന്തത്തെയും അതിജീവിക്കാനുള്ള ആധുനിക രൂപകൽപനയും മികച്ച നിർമാണ സംവിധാനവുമാണു പുതിയ ചെറുതോണിപ്പാലത്തിന്റെ പ്രത്യേകത. 40 മീറ്റർ ഉയരത്തിൽ 3 സ്പാനുകളിലായി നിർമിച്ച പാലത്തിനു 120 മീറ്റർ നീളമുണ്ട്. വീതി ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ. ക്രാഷ് ബാരിയറുകളും കൈവരികളും ഭിന്നശേഷിക്കാർക്കു സഞ്ചരിക്കുന്നതിനുള്ള ഭാഗവും പ്രത്യേകതയാണ്. 90 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയുള്ള അപ്രോച്ച് റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. സർവീസ് റോഡുകളിൽനിന്നു പഴയ പാലത്തിലേക്ക് ഇറങ്ങാൻ മൂന്നു മീറ്റർ വീതിയിൽ വഴിയും നിർമിക്കും.  

ചെറുതോണി
ചെറുതോണി പുതിയപാലവും(മുകളിൽ) പഴയപാലവും (താഴെ).

കരുത്തിന്റെ അടയാളം

മഹാപ്രളയത്തിന്റെയും ഉയിർത്തെഴുന്നേൽപിന്റെയും സ്മാരകമായ പഴയപാലം ഇനി ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും മാത്രമായി പരിമിതപ്പെടുത്തും.  ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണത്തിനു സാധനങ്ങൾ എത്തിക്കാൻ കനേഡിയൻ എൻജിനീയറിങ് വൈദഗ്ധ്യത്താൽ നിർമിച്ചതാണ് ഈ പാലം. 2018ലെ മഹാപ്രളയത്തിൽ സെക്കൻഡിൽ 16 ദശലക്ഷം ലീറ്ററിലേറെ വെള്ളം കുത്തിയൊലിച്ചെത്തിയിട്ടും ഒരു പോറൽ പോലുമേറ്റില്ല. ഒഴുകിയെത്തിയ കൂറ്റൻ ഈട്ടിത്തടിയും ആന പിടിച്ചാൽ അനങ്ങാത്ത തേക്കിൻതടിയും വന്നിടിച്ചിട്ടും  ക്ഷതമേറ്റില്ല. സബ്മെഴ്സിബിൾ ബ്രിജ് എന്നാണ് ഇന്ത്യൻ എൻജിനീയർമാർ ചെറുതോണി പാലത്തെ വിശേഷിപ്പിക്കുന്നത്. ഇത്തരം പാലത്തിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളംകയറി ഒഴുകിയാലും ഒന്നും സംഭവിക്കില്ല. പ്രളയകാലത്തു ചെറുതോണിപ്പാലം കവിഞ്ഞ് മൂന്നു മീറ്ററിലേറെ ഉയരത്തിൽ വെള്ളമൊഴുകി.  

ഗ്യാപ് റോഡ്
മൂന്നാർ ഗ്യാപ് റോഡ് . ചിത്രം : റെജു അർനോൾഡ്

ഗ്യാപ്പില്ലാത്ത കാഴ്ചകൾ

കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ മൂന്നാറിലേക്കുള്ള വഴി തന്നെ വശ്യമനോഹര അനുഭവമാകും എന്നുറപ്പ്.  ഇൗ റോഡിൽ മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലാണ് കാഴ്ചകൾക്ക് ഒരു ഗ്യാപ്പും നൽകാത്ത ഗ്യാപ് റോഡ് ഭാഗം. മലയെടുത്തു മടിയിൽ വച്ച മേഘങ്ങളാണ് മുഖ്യ ആകർഷണം. മേഘത്തുണ്ടുകൾക്കിടയിലൂടെയുള്ള മുട്ടുകാട് പാടശേഖരത്തിന്റെ വിദൂരദൃശ്യം പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്. തെളിഞ്ഞ ആകാശമാണെങ്കിൽ ഹൈറേഞ്ചിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണാം. ചാെക്രമുടി മലയുടെ കീഴിലാണ് ഗ്യാപ് റോഡ്.   വാഹനങ്ങൾ പാർക്ക് ചെയ്യാനും ധാരാളം സ്ഥലമുണ്ട്.

English Summary:

New bridge at Cheruthoni, Munnar-Bodimettu road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com