ADVERTISEMENT

അപ്രതീക്ഷിതമായി എത്തിയ മിന്നൽ പ്രളയത്തിന്റെ നടുക്കത്തിൽ നിന്ന് സിക്കിം  മുക്തി നേടി വരുന്നതേയുള്ളൂ. ഒക്ടോബർ നാലിന് ഉണ്ടായ മേഘസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നിരവധി സഞ്ചാരികളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിയത്. വിദേശികളും മലയാളികളും ഉൾപ്പെടെ മൂവായിരത്തിലധികം വിനോദസഞ്ചാരികൾ പ്രളയത്തിന്റെ ആദ്യദിവസങ്ങളിൽ പലയിടങ്ങളിലായി കുടുങ്ങിയെങ്കിലും മിക്കവരെയും രക്ഷപ്പെടുത്തി. നാൽപതോളം പേർ പ്രളയത്തിൽ മരിച്ചപ്പോൾ 76 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏകദേശം 88,000 ത്തോളം ജനങ്ങളെ പ്രളയം ബാധിച്ചു.

അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ മിക്കയിടത്തും റോഡുകൾ തകർന്നു. സ്ഥിതിഗതികൾ താറുമാറായ സാഹചര്യത്തിൽ സിക്കിമിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കണമെന്ന് വിനോദസഞ്ചാരികളോട് സംസ്ഥാന സർക്കാർ നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു. പ്രളയം നാശം വിതച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും അത് ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് സിക്കിം കര കയറി വരുന്നതേയുള്ളൂ. നവരാത്രി അവധി ദിവസങ്ങളിൽ സിക്കിമിലേക്ക് യാത്ര പ്ലാൻ ചെയ്തിരുന്ന സഞ്ചാരികൾ അത് മാറ്റി ബംഗാളിലേക്കും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും യാത്ര ക്രമീകരിച്ചിരിക്കുകയാണ്.

സിക്കിം സംസ്ഥാന ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടത് യാത്രകൾ മാറ്റിവെയ്ക്കണം എന്നായിരുന്നു.  'ടീസ്ത നദി കരകവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്  സംസ്ഥാനത്തെ സ്ഥിതിഗതികൾ താറുമാറായി. സാഹചര്യങ്ങൾ സാധാരണനിലയിലാകുന്നതു വരെ സിക്കിമിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്ന സഞ്ചാരികൾ അത് മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു' - എന്നായിരുന്നു കുറിപ്പ്. സിക്കിമിലെ ജനപ്രിയകേന്ദ്രങ്ങളായ സോംഗോ തടാകം, ബാബ മന്ദിർ, നാഥുല തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദസ‍ഞ്ചാരികൾക്ക് അനുമതി നൽകുന്നത് നിർത്തി വെക്കാൻ മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു അധികൃതർ വിനോദസഞ്ചാരികൾക്കുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.

സിക്കിമിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നും ഇത് താൽക്കാലികമായി മാത്രം സർക്കാരിന്റെ ഒരു നടപടിയാണെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് പ്രതിനിധി പ്രണബ് സർകാർ പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ മാറുകയും സാഹചര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രളയത്തിൽ താറുമാറായ സിക്കിമിനെ സാധാരണനിലയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. തകർന്നു പോയ റോഡുകൾ പുനർനിർമ്മിച്ച് എത്രയും ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. റോഡുകൾ പൂർവസ്ഥിതിയിലേക്ക് എത്തുന്നതോടെ വിനോദസഞ്ചാര മേഖലയും സജീവമാകും.

സിക്കിം വിനോദസഞ്ചാരികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നത്

യാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും കേൾക്കുന്ന പേരാണ് സിൽക് റൂട്ട്. ഇന്ത്യയും ചൈനയും തമ്മിൽ പഴയകാലത്ത് വ്യാപാരബന്ധങ്ങൾ നടന്നിരുന്നത് സിൽക്ക് റൂട്ടിൽ കൂടി ആയിരുന്നു. സിക്കിമിലെ നാഥു ല പാസ് ഇന്ത്യ - ചൈന വ്യാപാരബന്ധത്തിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ഒരിടമാണ്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള മൂന്ന് തുറന്ന വ്യാപാര അതിർത്തി പോസ്റ്റുകളിൽ ഒന്ന് നാഥു ല ആയിരുന്നു. അതുകൊണ്ടു തന്നെ ചരിത്രവും സംസ്കാരവും ഒക്കെ ഇഷ്ടപ്പെടുന്നവർ സിക്കിമിലേക്ക് എത്തുമ്പോൾ നാഥു ല പാസ് അവരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക് ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം. 

ഹിമാലയൻ താഴ്വാരത്തിലെ പ്രകൃതി ഭംഗിയും മൊണാസ്റ്ററികളും

കിഴക്കൻ ഹിമാലയത്തിന്റെ ഭാഗമായ സിക്കിം അതിന്റെ കാലാവസ്ഥ കൊണ്ടും ജൈവവൈവിധ്യം കൊണ്ടും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിമിലാണ്. കാഞ്ചൻജംഗ വെള്ളച്ചാട്ടവും തടാകങ്ങളും തേയിലത്തോട്ടങ്ങളും ഒരു വ്യത്യസ്ത അനുഭവമാണ് യാത്രികർക്ക് നൽകുന്നത്. കഴിഞ്ഞദിവസം മിന്നൽപ്രളയത്തിൽ കര കവിഞ്ഞൊഴുകിയ ടീസ്ത നദിയും വിനോദസഞ്ചാരികൾ എത്തുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ്. ഇതിനെല്ലാമുപരി സിക്കിമിന്റെ പ്രധാന ആകർഷണം സംസ്ഥാനത്തെ മൊണാസ്റ്ററികളാണ്.

English Summary:

Sikkim govt issues travel advisory, urges tourists to postpone travel plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com