ADVERTISEMENT

അപ്രതീക്ഷിതമായി എത്തിയ മിന്നൽ പ്രളയം സിക്കിമിന്റെ വിനോദസഞ്ചാര മേഖലയെ മൊത്തത്തിൽ ബാധിച്ചു. എന്നാൽ, പ്രളയം സംഭവിച്ച് രണ്ടാഴ്ച കഴിയുമ്പോൾ തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് സിക്കിമിലെ വിനോദസഞ്ചാരം. നഥുലയിലേക്കും സോംഗോ തടാകത്തിലേക്കും വിനോദസഞ്ചാരികൾക്ക് പെർമിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചു. ടീസ്ത നദിയോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെ ആയിരുന്നു പ്രളയം കാര്യമായി ബാധിച്ചത്. എന്നാൽ, ഉയർന്ന് കിടക്കുന്ന മേഖലകൾ സഞ്ചാരികൾക്ക് എത്തിപ്പെടാൻ പാകത്തിലാണ്. അതുകൊണ്ടു തന്നെയാണ് നഥുലയിലേക്ക് സഞ്ചാരികൾക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

നഥുല, സോംഗോ തടാകം എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് പെർമിറ്റ് അനുവദിച്ചതിന് പിന്നാലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പെല്ലിംഗ്, നാംചി, റവാംഗ് ല, ദാര, ദക്ഷിണ സിക്കിം എന്നിവിടങ്ങളും സഞ്ചാരികൾക്കായി തുറന്നു നൽകിയിട്ടുണ്ട്. മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സിക്കിമിലേക്ക് യാത്ര പ്ലാൻ ചെയ്തിരുന്നവർ അത് തൽക്കാലത്തേക്ക് മാറ്റി വെക്കണമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, നവരാത്രി അവധിക്ക് മുന്നോടിയായി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നത് സഞ്ചാരികൾക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്.

യാത്രയ്ക്കായി റോഡ് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക

സിക്കിമിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ യാത്രയ്ക്കായി ലാവ - കലിംപോംഗ് റോ‍ഡ് തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു. കാരണം, വെസ്റ്റ് ബംഗാളിലെ സിലിഗുരിയെ ഗാംഗ്ടോക്കുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 10ലെ യാത്ര ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. ഒരു ആഴ്ചയ്ക്കുള്ളിൽ ഈ റോഡ് അറ്റകുറ്റപണികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, എൻ എച്ച് 10ൽ സിംഗ്താം മുതൽ രംഗ്പോ അതിർത്തിവരെയുള്ള റോഡ് നിലവിൽ ഗതാഗതയോഗ്യമാണെന്നും അധികൃതർ അറിയിച്ചു.

Read Also : നാല് ദിവസത്തെ അവധി, യാത്ര പോകാം...ഗോവ മുതൽ കശ്മീർ വരെ...

തണുപ്പ് കാലമെത്തുന്നു, മഞ്ഞുവീഴ്ച സൂക്ഷിക്കണം

പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ പതിയെ കര കയറി വരികയാണ് സിക്കിം. ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തു. എന്നാൽ, സോംഗോ തടാകത്തിലും കുപുപിലും കഴിഞ്ഞദിവസം മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. കാലാവസ്ഥ തണുപ്പിലേക്ക് മാറുന്ന സമയമായതിനാൽ പ്രദേശത്തേക്ക് യാത്ര നടത്താൻ ഉദ്ദേശിക്കുന്ന സഞ്ചാരികകൾ തണുപ്പിനെ കരുതിയിരിക്കണം.

ഹിമതടാകമായ സോംഗോ

സിക്കിമിൽ വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോംഗോ തടാകത്തിന് ചംഗു തടാകമെന്നും വിളിപ്പേരുണ്ട്.  12, 313 അടി ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. പ്രകൃതി വിസ്മയം മാത്രമല്ല ഒപ്പം പ്രദേശവാസികൾക്ക് സാംസ്കാരികമായ പ്രാധാന്യമുള്ളൊരു തടാകം കൂടിയാണ് ഇത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഈ തടാകം മഞ്ഞുകാലത്ത് തണുത്തുറഞ്ഞ് ഒരു ഹിമതടാകമായി മാറും.

ഹിമാലയൻ നിരയിലെ പാതയായ നഥുല

ഹിമാലയൻ മലനിരയിലെ പ്രധാനപാതയായ നഥുല ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലെ സുപ്രധാന വ്യാപര പാതയാണ്. 14, 140 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരാതനമായ സിൽക്ക് റൂട്ടിന്റെ ഭാഗം കൂടിയായിരുന്നു ഈ പാത.  എന്നാൽ ഇപ്പോൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാനകേന്ദ്രമാണ് നഥുല. സാഹസികതയുടെയും ശാന്തതയുടെയും സംഗമവേദിയെന്ന് വേണമെങ്കിൽ നഥുലയെ വിശേഷിപ്പിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com