ADVERTISEMENT

കേരളത്തില്‍ നിന്നുള്ളവര്‍ക്കു പെട്ടെന്നുതന്നെ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലമാണ് ബെംഗളൂരു. പാര്‍ട്ടിയും നഗരക്കാഴ്ചകളുമെല്ലാമുണ്ടെങ്കിലും പ്രകൃതി മനോഹാരിതയ്ക്കും ഇവിടെ കുറവൊട്ടുമില്ല. എത്ര തവണ പോയാലും മതിവരാത്ത സുന്ദരമായ സ്ഥലങ്ങള്‍ ബെംഗളൂരുവിന്‍റെ പ്രാന്തപ്രദേശങ്ങളിലുണ്ട്. മണ്‍സൂണ്‍ കഴിഞ്ഞ് എങ്ങും പച്ചപ്പും ഹരിതാഭയും നിറഞ്ഞുനില്‍ക്കുന്ന സമയമാണിപ്പോള്‍. അതുപോലെതന്നെയാണ് വെള്ളച്ചാട്ടങ്ങളും. സമൃദ്ധമായി ജലം നിറഞ്ഞ് പാല്‍ക്കുടം പൊട്ടിയൊലിച്ച പോലെ ചിതറിത്തുളുമ്പുന്ന വെള്ളച്ചാട്ടങ്ങള്‍ ബെംഗളൂരുവിനു ചുറ്റുമുണ്ട്. ഈ സമയത്ത് ബെംഗളൂരു യാത്ര പോകുമ്പോള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില വെള്ളച്ചാട്ടങ്ങള്‍ ഇതാ...

waterfall-travel
Photo : U__Photo/Shutterstock

ശിവനസമുദ്ര വെള്ളച്ചാട്ടം

മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിർത്തിയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ശിവന്‍റെ തിരുജഡയിൽ നിന്നും വരുന്ന തീർത്ഥമാണ് ഇതെന്നാണ് വിശ്വാസം. ഗഗനചുക്കിയെന്നും ഭാരാചുക്കിയെന്നും അറിയപ്പെടുന്ന രണ്ടു വെള്ളച്ചാട്ടങ്ങൾ ചേർന്നുണ്ടായ ശിവനസമുദ്ര, വലിപ്പത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ബെംഗളൂരുവിൽ നിന്നും കനകപുര വഴി നാഷ്ണൽ ഹൈവേ 209 വഴി 126 കിലോമീറ്റർ സഞ്ചരിച്ചാൽ ഗഗനചുക്കിക്കടുത്തെത്താം. മൈസൂരിൽ നിന്നും 70 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്നും 205 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.  മൺസൂൺ കാലത്താണ് ഇവിടെ സഞ്ചാരികളുടെ തിരക്കേറുന്നത്. ജൂലൈ മുതൽ ഒക്‌ടോബർ വരെ ഉള്ള മാസങ്ങളാണ് ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം.

Hoganakkal. Photo : Sids /shutterstock
Hoganakkal. Photo : Sids /shutterstock

ഹൊഗനക്കൽ വെള്ളച്ചാട്ടം

സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കാഴ്ചയാണ് ഹൊഗനക്കലില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം, കാവേരി നദിയിലാണ്. ബെംഗളൂരുവിൽ നിന്നും ഹൊഗെനെക്കലിലേക്കു 170 കിലോമീറ്റർ ദൂരമുണ്ട്.  കുട്ടവഞ്ചിയില്‍ കയറി വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാം എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

Jog Falls. Image Credit : Tutun Kumar Barui/shutterstock
Jog Falls. Image Credit : Tutun Kumar Barui/shutterstock

ജോഗ് വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ശരാവതി നദിയിൽ നിന്നുത്ഭവിക്കുന്ന ജോഗ് വെള്ളച്ചാട്ടം. കർണാടകത്തിലെ ഷിമോഗ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജോഗിന് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നിങ്ങനെ പല പേരുകളുണ്ട്. 829 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടം ഗംഭീരമായ കാഴ്ചയാണ്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിങ്ങനെ നാലു വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്, ഇതില്‍ രാജയാണ് ഏറ്റവും മുകളിൽ. ബെംഗളൂരുവിൽ നിന്ന് ഇവിടേക്കു നേരിട്ട് ബസ് മാർഗ്ഗം വരാൻ കഴിയും, ഏകദേശം 379 കിലോമീറ്റർ ആണ് ദൂരം. ഓഗസ്റ്റ്‌-ഡിസംബർ മാസങ്ങളാണ്‌ ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

ചുഞ്ചി വെള്ളച്ചാട്ടം

കനകപുര പട്ടണത്തിന് ശേഷമാണ് സുന്ദരമായ ചുഞ്ചി വെള്ളച്ചാട്ടം വരുന്നത്. കനകപുരയിൽ നിന്ന് ഹാലഹള്ളി വഴി, വെറും 30 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. അർക്കാവതി നദിയുടെ ഭാഗമായ വെള്ളച്ചാട്ടം, പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും താഴേക്ക് പതിക്കുന്നത് കാണാന്‍ അതിസുന്ദരമാണ്. താല്പര്യമുള്ളവര്‍ക്ക് ഇവിടെ ട്രെക്കിങ്ങും നടത്താം. ബാംഗ്ലൂരിൽ നിന്നും 90 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

ഇരുപ്പു വെള്ളച്ചാട്ടം

വയനാട് ജില്ലയുടെ അതിർത്തിയോട് ചേർന്ന്, കർണാടകയിലെ കുടക് ജില്ലയിൽ ബ്രഹ്മഗിരി പർവതനിരയിലാണ് ഇരുപ്പു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി, ഒരു തീർത്ഥാടന കേന്ദ്രവുമാണ് ഇവിടം. പ്രസിദ്ധ ശിവക്ഷേത്രമായ രാമേശ്വര ക്ഷേത്രം, വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ലക്ഷ്മണ തീർത്ഥ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ശിവരാത്രി കാലത്ത് ഒട്ടേറെ ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തും. വെള്ളച്ചാട്ടത്തിന് പാപങ്ങള്‍ കഴുകിക്കളഞ്ഞു ശുദ്ധീകരിക്കാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബെംഗളൂരുവിൽ നിന്നു 260 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ശ്രീമംഗലയ്ക്ക് ശേഷം, ഗോണികോപാലിൽ നിന്നു നാഗർഹോൾ നാഷണൽ പാർക്കിലേക്കുള്ള ഹൈവേയിലൂടെ വെള്ളച്ചാട്ടം സന്ദർശിക്കാം.

Abbey waterfall. Photo : PRIYA DARSHAN /shutterstock
Abbey waterfall. Photo : PRIYA DARSHAN /shutterstock

ആബി വെള്ളച്ചാട്ടം

ബെംഗളൂരുവിൽ നിന്നു 268 കിലോമീറ്റര്‍ അകലെ, കുടകിലാണ് ആബി വെള്ളച്ചാട്ടം. കാവേരി നദിയുടെ ആദ്യഘട്ടത്തില്‍, സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടത്തിന് എതിർവശത്തായി ഒരു തൂക്കുപാലം കാണാം. മഴക്കാലത്ത് ഒഴുക്ക് വളരെ കൂടുതലാണ് ഇവിടെ. ഏകദേശം 70 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ തലയെടുപ്പും ഗാംഭീര്യവും കണ്ടുതന്നെ അറിയണം. ജൂലെ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാൻ നല്ലത്.

English Summary:

Waterfalls near Bangalore for a misty weekend getaway from the city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com