ADVERTISEMENT

ഇന്ത്യയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ആത്മീയതയും അറിയാനും അനുഭവിക്കാനുമാണ് വരുന്നത്. അതുകൊണ്ട് തന്നെ പാരമ്പര്യത്തനിമ കാത്തുസൂക്ഷിക്കുന്ന നഗരങ്ങളാണ് അവരെ ആകർഷിക്കുന്നതും. ഡൽഹിയിലേക്കും ചെന്നൈയിലേക്കും മുംബൈയിലേക്കും കൊൽക്കത്തയിലേക്കുമാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. അവിടെനിന്നാണ് പിന്നീടുള്ള യാത്രകൾ  തീരുമാനിക്കപ്പെടുന്നതും. അത്തരം നഗരങ്ങളിൽ ആദ്യസ്ഥാനങ്ങളിലൊന്നിലുണ്ട് നമ്മുടെ കൊച്ചിയും. രാജസ്ഥാനിലെ ജയ്പുർ, ഉദയ്പുർ ഗോവ, ഉത്തർപ്രദേശിലെ വാരാണസി, മേഘാലയയിലെ ഷില്ലോങ്, ഹിമാചൽ പ്രദേശിലെ ഷിംല, തെലങ്കാനയിലെ ഹൈദരാബാദ്, കർണാടകയിലെ ബെംഗളൂരു എന്നിവയാണ് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന മറ്റ് ഇന്ത്യൻ നഗരങ്ങൾ.

നമ്മുടെ കൊച്ചു കേരളത്തിലെ ഈ ചെറിയ കൊച്ചിയിലേക്ക് സഞ്ചാരികളെ ഇത്രമാത്രം ആകർഷിക്കുന്നതെന്താണ്? കൊച്ചിയെപ്പറ്റി എന്തെങ്കിലും പറയാനോ എഴുതാനോ തുടങ്ങുമ്പോൾത്തന്നെ ‘കൊച്ചി കണ്ടവന് അച്ചി വേണ്ട’ എന്ന ചൊല്ലാണ് മനസ്സിലേക്കു വരിക. പണ്ടും ഇന്നും കേരളത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്  വികസിതമാണ് കൊച്ചി. കേരളത്തിലെ ഏറ്റവും വലിയ നഗരസമൂഹം വസിക്കുന്ന കൊച്ചി ഒരു തുറമുഖ നഗരവും കൂടിയാണ്. കായൽ വിനോദസഞ്ചാരവും മത്സ്യബന്ധന ഗ്രാമങ്ങളും കലയും സംസ്കാരവും പൈതൃകവും പാരമ്പര്യവും എല്ലാമാണ് കൊച്ചിയെ ഇന്ത്യയിലെ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന നഗരമാക്കി മാറ്റിയത്.

മട്ടാഞ്ചേരിയിലെ ജൂതത്തെരുവ്. ചിത്രം : മനോരമ ആർക്കൈവ്സ്
മട്ടാഞ്ചേരിയിലെ ജൂതത്തെരുവ്. ചിത്രം : മനോരമ ആർക്കൈവ്സ്

മട്ടാഞ്ചേരിയിലെ ജൂതത്തെരുവും സിനഗോഗും

കൊച്ചിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരിയിലെ ജൂതത്തെരുവും സിനഗോഗും. കൊച്ചിയുടെ ജൂതപാരമ്പര്യമറിയാനും സിനഗോഗ് കാണാനും വേണ്ടി നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. 1568 ൽ പണി കഴിപ്പിച്ച സിനഗോഗ് നൂറ്റാണ്ടുകളുടെ ചരിത്രം പേറിയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പഴയ നിയമത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങളായ തോറയുടെ ചുരുളുകളാണ് സിനഗോഗിന്റെ പ്രധാന ആകർഷണം. തേക്ക് തടി കൊണ്ടുള്ള പെട്ടകം, കൈകൊണ്ട് നെയ്ത ഓറിയന്റൽ പരവതാനി, തോറയുടെ ചുരുളുകൾ, പഴയ ചെമ്പ് തകിടുകൾ, വിലപിടിപ്പുള്ള സ്വർണ്ണ, വെള്ളി കിരീടങ്ങൾ എന്നിങ്ങനെയുള്ള പുരാവസ്തുക്കളും കരകൗശല വസ്തുക്കളും സിനഗോഗിലെ പ്രധാന ആകർഷണമാണ്. ഇത് മാത്രമല്ല ഈ സിനഗോഗിനെ കൊച്ചിയിലെ പ്രധാന സഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത് ഇതിന്റെ വാസ്തു വിദ്യയാണ്. ഫോർ ക്ലോക്ക് ടവറും വളരെ പ്രസിദ്ധമാണ്. ഞായർ മുതൽ വെള്ളി വരെ രാവിലെ പത്തു മണി മുതൽ ഒരു മണി വരെയാണ് സന്ദർശന സമയം. ശനിയാഴ്ച സന്ദർശകരെ അനുവദിക്കുന്നതല്ല.

മട്ടാഞ്ചേരി പാലസും ഇന്തോ പോർച്ചുഗീസ് മ്യൂസിയവും

കൊച്ചിയിലെ ഏറ്റവും ആകർഷകമായ വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരി പാലസ്. ഡച്ച് പാലസ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. അതിമനോഹരമായ വാസ്തുവിദ്യ കൊണ്ട് പ്രസിദ്ധമായ ഈ പാലസ് കൊച്ചിയിലെ കൊളോണിയൽ സ്വാധീനത്തിന്റെ മാതൃക കൂടിയാണ്. 1545 ലാണ് ഈ കൊട്ടാരം നിർമിക്കപ്പെട്ടത്. കൊച്ചി രാജവംശത്തിലെ വീരകേരളവർമ രാജാവിനുള്ള സമ്മാനമായി നിർമിച്ചതാണ് ഈ കൊട്ടാരം. ഡച്ചുകാർ പിന്നീട് അറ്റകുറ്റപ്പണികളും നവീകരണങ്ങളും കൊട്ടാരത്തിൽ നടത്തി. പാലസ് റോഡിലാണ് മട്ടാഞ്ചേരി പാലസ് സ്ഥിതി ചെയ്യുന്നത്. വാസ്തുവിദ്യ, കല, പെയിന്റിങ്ങുകൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന പലതും ഇവിടെയുണ്ട്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് സന്ദർശനസമയം. മട്ടാഞ്ചേരിയിൽ തന്നെയുള്ള മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇന്തോ - പോർച്ചുഗീസ് മ്യൂസിയം. ഇന്ത്യയിലെ കത്തോലിക്ക സമൂഹത്തിന്റെ പൈതൃകമായി നിലകൊള്ളുന്ന ഈ മ്യൂസിയത്തിൽ പുരോഹിത വസ്ത്രങ്ങളും ബലിപീഠത്തിന്റെ ഭാഗങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും മറ്റ് നിധികളും സംരക്ഷിക്കപ്പെടുന്നു. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളുടെ വലിയ ശേഖരം ഇവിടെയുണ്ട്. വിനോദത്തോടൊപ്പം കേരളത്തിന്റെ സംസ്കാരത്തെയും കലയെയും കുറിച്ച് ആഴത്തിലുള്ള അറിവും പ്രദാനം ചെയ്യുന്ന സ്ഥലം കൂടിയാണ് ഇവിടം. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഒൻപതു മുതൽ അഞ്ചു വരെയാണ് സന്ദർശന സമയം.

Mattancherry Palace, archaeological museum.  Photo : Tony Dominic / Manorama
Mattancherry Palace, archaeological museum. Photo : Tony Dominic / Manorama

ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ചും സാന്താ ക്രൂസ് ബസിലിക്കയും

അതിമനോഹരമായ വാസ്തുവിദ്യയാണ് ഫോർട്ട് കൊച്ചിയിലുള്ള സെന്റ് ഫ്രാൻസിസ് ചർച്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളിൽ ഒന്നാണിത്. പോർച്ചുഗീസ് വാസ്തുവിദ്യയുടെ മികവ് പ്രകടിപ്പിക്കുന്ന ദേവാലയങ്ങളിൽ ഒന്നായ ഇത് ഏഷ്യയിലെ തന്നെ മികച്ച ആകർഷകകേന്ദ്രമാണ്. മനോഹരമായ മേൽക്കൂരയും ഗോപുരവും മാമ്മോദീസ സ്ഥലവും കുമ്പസാരവേദിയും ബുക്കുകൾ സൂക്ഷിക്കുന്ന സ്ഥലവും എല്ലാം ഈ ദേവാലയത്തിന്റെ മനോഹരമായ സവിശേഷതകളാണ്. പ്രതാപവും സംസ്കാരവും ഇണങ്ങിച്ചേർന്ന് നിൽക്കുന്ന ഈ ദേവാലയം അത്ര മനോഹരമായാണ് നിർമിച്ചിരിക്കുന്നത്. ഈ പഴയ ദേവാലയം കാണാൻ വിട്ടുപോയാൽ നിങ്ങളുടെ കൊച്ചിയാത്ര ഒരിക്കലും പൂർണമാകില്ല. പോർച്ചുഗലിൽ നിന്നുള്ള ഫ്രാൻസിസ്കൻ സന്യാസിമാരാണ് 1503ൽ ഈ ദേവാലയം നി‍ർമിച്ചത്. അത് നിർമിച്ച സമയത്ത് സാന്റോ അന്റോണിയോ എന്നായിരുന്നു ദേവാലയത്തിന് നാമകരണം നടത്തിയത്. 1949ൽ ഈ ദേവാലയം ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിൽ വരികയായിരുന്നു.

ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച്. ചിത്രം : മനോരമ ആർക്കൈവ്സ്
ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച്. ചിത്രം : മനോരമ ആർക്കൈവ്സ്

ഇന്ത്യയിലെ എട്ട് ബസിലിക്കകളിൽ ഒന്നായ സാന്താ ക്രൂസ് ബസിലിക്ക കേരളത്തിലെ ഏറ്റവും ആകർഷകമായ പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. ഗോഥിക് ശൈലിയിലാണ് ബസിലിക്ക നിർമിച്ചിരിക്കുന്നത്. പോർച്ചുഗീസ് വാസ്തുവിദ്യാവിസ്മയമായി ഇന്നും ഇത് നിലകൊള്ളുന്നു. ഇന്ത്യയിലെ ആദ്യത്തെ രൂപത സ്ഥാപിക്കപ്പെട്ടത് ഇവിടെയാണ്. അവസാനത്തെ അത്താഴത്തിന്റെ സ്റ്റയിൻഡ് ഗ്ലാസ് പെയിന്റിങ്, ചുമർച്ചിത്രങ്ങൾ എന്നിവ ബസിലിക്കയുടെ സൗന്ദര്യവും ആകർഷണവും വർധിപ്പിക്കുന്നു. രാജ്യത്ത് ക്രിസ്തുമതത്തിന്റെ തുടക്കം കുറിച്ച സ്ഥലമെന്ന നിലയിൽ കൊച്ചിയിലെ ക്രിസ്ത്യാനികൾക്ക് വളരെ വിശേഷപ്പെട്ടതാണ് ഈ ബസിലിക്ക.

തൃപ്പുണ്ണിത്തുറയിലെ ഹിൽ പാലസ്. ചിത്രം : മനോരമ ആർക്കൈവ്സ്
തൃപ്പുണ്ണിത്തുറയിലെ ഹിൽ പാലസ്. ചിത്രം : മനോരമ ആർക്കൈവ്സ്

തൃപ്പുണ്ണിത്തുറയിലെ ഹിൽ പാലസും ഫോക്‌ലോർ മ്യൂസിയവും

കൊച്ചി മഹാരാജാവിന്റെ വാസസ്ഥലമായിരുന്നു ഹിൽ പാലസ്. ഇതാണ് പിന്നീട് ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായി മാറിയത്. പരമ്പരാഗത കേരളീയ ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് ഹിൽ പാലസ് നിർമിച്ചിരിക്കുന്നത്. ഇതു തന്നെയാണ് ഹിൽ പാലസിന്റെ പ്രധാന ആകർഷണവും. അപൂർവമായ പഴയകാല കരകൗശല വസ്തുക്കളും ആഭരണങ്ങളും കൈയെഴുത്തു പ്രതികളും ആഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ നിർബന്ധമായി കണ്ടിരിക്കേണ്ടതാണ്. മാൻ പാർക്കും ഔഷധസസ്യ ഉദ്യാനവും പ്രി ഹിസ്റ്റോറിക് പാർക്കും കുട്ടികളുടെ പാർക്കും മറ്റൊരു ആകർഷണമാണ്. കൊച്ചിയുടെ ചരിത്രവും രാജകീയ പൈതൃകവും അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് ഹിൽ പാലസ്. 

കേരളത്തിന്റെ സംസ്കാരത്തിലും പൈതൃകത്തിലും താൽപര്യമുണ്ടെങ്കിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് ഫോക്‌ലോർ മ്യൂസിയം. നാണയങ്ങൾ, ചുവർച്ചിത്രങ്ങൾ, സ്മാരകങ്ങൾ, ആഭരണങ്ങൾ, പ്രതിമകൾ, പെയിന്റിങ്ങുകൾ, വസ്ത്രങ്ങൾ തുടങ്ങിയ പുരാതനവസ്തുക്കളുടെ  25000 ത്തോളം വരുന്ന ശേഖരം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തിയുടെ ശേഖരമാണ് ഇവിടെയുള്ളത്. പുരാതന മൺപാത്രങ്ങളും നാണയങ്ങളും പരമ്പരാഗത വസ്ത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. സ്വദേശികൾക്ക് 100 രൂപയും വിദേശികൾക്ക് 200 രൂപയുമാണ് പ്രവേശന നിരക്ക്. ക്യാമറ അനുവദനീയമാണ്.

Marine drive Kochi. Photo : Josekutty Panackal / Manorama
Marine drive Kochi. Photo : Josekutty Panackal / Manorama

മറൈൻ ഡ്രൈവും വെല്ലിങ്ടൻ ഐലൻഡും ബോൾഗാട്ടിയും വൈപ്പിനും

കൊച്ചിയിലെ ഏറ്റവും മികച്ച, ഒപ്പം പ്രകൃതിരമണീയമായ ആകർഷണങ്ങളിൽ ഒന്നാണ് മറൈൻ ഡ്രൈവ്. സൂര്യാസ്തമയം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് മറൈൻ ഡ്രൈവിലേക്ക് എത്തുന്നത്. ചെറിയ തുകയ്ക്ക് ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകളും കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ഇവിടെ കാണാവുന്നതാണ്. തിരമാലകൾ ആസ്വദിച്ച് വെറുതെ കടല കൊറിച്ച് ഇരിക്കാനുള്ള ബെഞ്ചുകളും ഇവിടെയുണ്ട്. ഇവിടെയുള്ള റെയിൻബോ ബ്രിജും ഒരു പ്രധാന ആകർഷണമാണ്. 

മറൈൻ ഡ്രൈവിലെ സായാഹ്ന കാഴ്ച. ചിത്രം: റോബട്ട് വിനോദ് / മനോരമ
മറൈൻ ഡ്രൈവിലെ സായാഹ്ന കാഴ്ച. ചിത്രം: റോബട്ട് വിനോദ് / മനോരമ

കൊച്ചിയിലെ മറ്റൊരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് വെല്ലിങ്ടൻ ദ്വീപ്. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപ് ആണ് ഇത്. അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും മികച്ച ബീച്ച് റിസോർട്ടുകളും ഹോട്ടലുകളും ഇവിടെയുണ്ട്. ഇന്ത്യൻ നാവികസേനയുടെ കൊച്ചി നേവൽ ബസ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി തുറമുഖം തുടങ്ങി നിരവധി ലാൻഡ് മാർക്കുകളും ഇവിടെയുണ്ട്. ഫെറി റൈഡുകൾ ഉൾപ്പെടെയുള്ള ജലവിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്.

കൊച്ചിയിൽ നിന്ന് ഒരു ചെറിയ ബോട്ട് സവാരി നടത്തിയാൽ ബോൾഗാട്ടി ദ്വീപിലേക്ക് എത്താം. ഹോളണ്ടിന് പുറത്ത് നിലവിലുള്ള ഏറ്റവും പഴയ ഡച്ച് കൊട്ടാരങ്ങളിൽ ഒന്നായ ബോൾഗാട്ടി പാലസ് ഇവിടെയാണ്. നിലവിൽ ബോൾഗാട്ടി പാലസ് ഹോട്ടലായി പ്രവർത്തിച്ചു വരികയാണ്. ഗോൾഫ് കോഴ്സും നീന്തൽക്കുളവും കൂടാതെ എല്ലാ ദിവസവും കഥകളിയും ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ് ബോൾഗാട്ടി പാലസ്.

സഞ്ചാരികളുടെ മറ്റൊരു ഇഷ്ടകേന്ദ്രമാണ് വൈപ്പിൻ ഐലൻഡ്. ഏകദേശം 25 കിലോമീറ്ററോളം ചുറ്റളവിലാണ് വൈപ്പിൻ ഐലൻഡ് വ്യാപിച്ചു കിടക്കുന്നത്. പോർച്ചുഗീസുകാരുടെ ചരിത്രം കണ്ടെത്താൻ സന്ദർശിക്കാവുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇടം ആണിത്. പോർച്ചുഗീസ് വാസ്തുവിദ്യ വിളിച്ചോതുന്ന നിരവധി നിർമിതികളും കെട്ടിടങ്ങളും ഇവിടെയുണ്ട്. പഴയ ദേവാലയങ്ങളും ഗോശ്രീ പാലവും ഇതിന് ചില ഉദാഹരണങ്ങൾ മാത്രം. ഗോശ്രീ പാലമാണ് നഗരത്തെ വൈപ്പിനുമായി ബന്ധിപ്പിക്കുന്നത്. 

English Summary:

Interesting tourist destinations in Cochin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com