ADVERTISEMENT

'ജോലി പോക്കറ്റ് നിറയ്ക്കും, പക്ഷേ സാഹസികത മനസ് നിറയ്ക്കു'മെന്നാണ് പഴമൊഴി. പക്ഷേ, സാഹസിക കാണിനും അനുഭവിക്കാനുമുള്ള കാശ്  വേണമെങ്കിൽ ജോലിക്ക് പോകണമെന്നത് പുതുമൊഴി. യാത്രയ്ക്കുള്ള ബക്കറ്റ് ലിസ്റ്റ് എടുത്തു നോക്കിയാൽ ചുരുങ്ങിയത് ഒരു പത്ത് വിദേശരാജ്യങ്ങളെങ്കിലും ഓരോ യാത്രാപ്രേമിയുടെയും മനസിൽ ഉണ്ടാകും. എന്നാൽ, ആ വിദേശരാജ്യങ്ങളോട് കിട പിടിക്കുന്ന സ്ഥലം നമ്മുടെ നാട്ടിൽ തന്നെയുണ്ടെങ്കിലോ. ആംസ്റ്റർഡാമിലെ ടുലിപ് ഗാർഡനോട് കിടപിടിക്കുന്ന പൂന്തോട്ടം നമ്മുടെ നാട്ടിൽ തന്നെ കാണാൻ കഴിഞ്ഞാലോ.

പിന്നെ മടിച്ചു നിൽക്കേണ്ട കാര്യമുണ്ടോ ? കൊളോണിയൽ കാലത്ത് സായിപ്പ് പോലും മതിമറന്ന് ആസ്വദിച്ച നാടുകളുണ്ട് ഇവിടെ. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നും കൂർഗിനെ ഇന്ത്യയിലെ സ്കോട് ലൻഡ് എന്നുമൊക്കെയാണ് വിദേശികൾ വിശേഷിപ്പിച്ചത്. എന്നാൽ, അതു മാത്രമല്ല ചൈനയിലെ വൻ മതിൽ പോലൊരു വൻമതിലും ആഫ്രിക്കയിലെ മരുഭൂമികളെ അനുസ്മരിപ്പിക്കുന്ന മരുഭൂമികളും നമ്മുടെ നാട്ടിലുണ്ട്. എങ്കിൽ ബാക്ക് പാക്ക് റെഡി ആക്കിക്കോ. സഫാരി ആരംഭിക്കാം.

puthucherry-travel-mm-travel
Image Credit : Manorama Traveller

കിഴക്കിന്റെ ഫ്രഞ്ച് സുഖവാസകേന്ദ്രമായ പുതുച്ചേരി

കൊളോണിയൽ കാലത്ത് ഫ്രഞ്ചുകാർ ഭരിച്ചിരുന്ന സ്ഥലമായിരുന്നു പുതുച്ചേരി. അതുകൊണ്ടു തന്നെ ഫ്രഞ്ച് സ്വാധീനം ഏറെ പ്രകടമാണ് ഇവിടെ. ഫ്രഞ്ച് കടൽത്തീരങ്ങൾ പോലെ മനോഹരമാണ് പുതുച്ചേരിയിലെ കടൽത്തീരങ്ങളും. കൊളോണിയൽ കാലത്തെ കെട്ടിടങ്ങളും ക്വാർട്ടേഴ്സുകളും ഇപ്പോഴും പുതുച്ചേരിയിൽ കാണാൻ കഴിയും. ഇതെല്ലാം ഫ്രാൻസിൽ എത്തിയ ഒരു പ്രതീതിയാണ് സഞ്ചാരികൾക്ക് നൽകുക. കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന ഈ മനോഹരമായ നഗരത്തിന്റെ ഫ്രഞ്ച് സ്വാധീനം വളരെ ശക്തമാണ്. ഫ്രഞ്ച് പേരുകളിലുള്ള റോഡുകളും റെസിഡൻഷ്യൽ ഏരികളും പുതുച്ചേരിയുടെ പ്രത്യേകതയാണ്.

Image Credit : AFZAL KHAN MAHEEN/Shutterstock
Image Credit : AFZAL KHAN MAHEEN/Shutterstock

ഊട്ടി - ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്

എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് കിലുക്കം. മോഹൻലാലും രേവതിയും ജഗതി ശ്രീകുമാറും തകർത്ത് അഭിനയിച്ച സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചത് ഊട്ടിയിൽ ആയിരുന്നു. സിനിമ കണ്ടിറങ്ങുമ്പോൾ ഊട്ടിയുടെ സൗന്ദര്യവും മനസിൽ നിറഞ്ഞു നിൽക്കും. കിലുക്കം മാത്രമല്ല ഒരു കാലത്ത് മലയാളസിനിമയുടെ സ്ഥിരം ലൊക്കേഷൻ ആയിരുന്നു ഊട്ടി. കോടമഞ്ഞും ടോയ് ട്രയിനും പ്രകൃതിസൗന്ദര്യവും ഒക്കെയായി സഞ്ചാരികളെ ഇന്നും മാടിവിളിക്കുകയാണ് ഊട്ടി. ഈ നാടിന്റെ വിന്റേജ് ഫീൽ ആണ് ഓരോ സഞ്ചാരിയെയും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നുണ്ടെങ്കിൽ അതിന് തക്കതായ പ്രകൃതിഭംഗിയും ആകർഷണീയതയും ഈ നാടിനുള്ളതു കൊണ്ടു തന്നെ.

Coorg. Image Credit : Wirestock/istockphoto
Coorg. Image Credit : Wirestock/istockphoto

ഇന്ത്യയുടെ സ്കോട് ലൻഡ് ആയ കൂർഗ്

കർണാടകയിലെ കൂർഗ് ആണ് ഇന്ത്യയിലെ സ്കോട് ലൻഡ് ആയി അറിയപ്പെടുന്ന സ്ഥലം. അതിമനോഹരമായ കാലാവസ്ഥയ്ക്കും മല നിരകൾക്കും കാപ്പി തോട്ടങ്ങൾക്കും പേരു കേട്ടതാണ് കൂർഗ്. കാലാവസ്ഥ, ഭൂപ്രദേശം, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ കാര്യത്തിൽ സ്കോട്ട് ലൻഡുമായി ഉള്ള സാമ്യമാണ് കൂർഗിന് കിഴക്കിന്റെ സ്കോട് ലൻഡ് എന്ന പേര് നൽകിയത്. ഇന്ത്യയിൽ ഏറ്റവും അധികം കാപ്പി ഉൽപാദിപ്പിക്കുന്ന ജില്ല കൂടിയാണ് കൂർഗ്.

Thar Desert. Image Credit: pinkesh bhati/istockphoto
Thar Desert. Image Credit: pinkesh bhati/istockphoto

ആഫ്രിക്കൻ മരുഭൂമികളെ അനുസ്മരിപ്പിക്കുന്ന രാജസ്ഥാനിലെ ഥാർ മരുഭൂമി

ഇന്ത്യയുടെ സഹാറ മരുഭൂമി എന്നാണ് രാജസ്ഥാനിലെ ഥാർ മരുഭൂമി അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ചൂടേറിയ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ മരുഭൂമി. എന്നാൽ വിസ്തീർണത്തിന്റെ കാര്യത്തിൽ ലോകത്തിൽ പതിനെട്ടാം സ്ഥാനത്താണ് ഥാർ മരുഭൂമി. നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികളും അനന്തമായി കിടക്കുന്ന മണൽപ്പരപ്പുകളും ഏതൊരു സഞ്ചാരിയെയും ഥാർ മരുഭൂമിയിലേക്ക് എത്തിക്കും. 

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ

കായലുകളും ലഗൂണുകളും കനാലുകളും ബീച്ചുകളും  ഒക്കെ നിറഞ്ഞ് സമ്പന്നമാണ് ആലപ്പുഴ. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായ വെനീസിന് ഒരു പകരക്കാരനെ നോക്കുകയാണെങ്കിൽ അത് ആലപ്പുഴ അല്ലാതെ മറ്റൊന്നുമല്ല. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത് തന്നെ. കഴ്സൺ പ്രഭുവാണ് ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് ആദ്യമായി വിളിച്ചത്.

Asia's Largest Tulip Garden In Jammu And Kashmir. Image Credit: Yawar Hamid/istockphoto
Asia's Largest Tulip Garden In Jammu And Kashmir. Image Credit: Yawar Hamid/istockphoto

ആംസ്റ്റർഡാമിനെ അനുസ്മരിപ്പിക്കുന്ന ശ്രീനഗറിലെ ടുലിപ് ഗാർഡൻ

ആംസ്റ്റർഡാമിലെ ടുലിപ് ഗാർഡൻ ഒന്ന് കാണണമെന്ന് കൊതിക്കുന്നവർ ആയിരിക്കും മിക്ക യാത്രാപ്രേമികളും. എന്നാൽ, അത്രയേറെ സുന്ദരമായ ഒരു ടുലിപ് ഗാർഡൻ നമ്മുടെ ഇന്ത്യയിലുമുണ്ട്. ശ്രീനഗറിലെ ടുലിപ് ഗാർഡനാണത്. 12 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ ഗാർഡൻ വ്യത്യസ്ത വർണങ്ങളിലുള്ള ടുലിപ് പൂക്കളാൽ സമ്പന്നമാണ്. 

ചൈനയിലെ വൻമതിലിന് പകരം ഇവിടെ ഒന്നുണ്ട്

ചൈനയുടെ വൻമതിലിനെ പറ്റി കേട്ടിട്ടുള്ളവരോട് ഒരു ചോദ്യം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതിൽ ഇന്ത്യയിലാണെന്ന് അറിയാമോ. രാജസ്ഥാനിലെ കുംഭൽഗർഹിലുള്ള മതിലാണ് ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യ എന്നറിപ്പെടുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ മതിലാണ് ഇത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള സ്ഥലം കൂടിയാണ് ഇത്.

English Summary:

Travel destinations in India that rival those abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com