ആൻഡമാനിൽ ഏസി കാരവാനില്‍ താമസിക്കാം; സാഹസിക സഞ്ചാരികളുടെ പറുദീസ

Mail This Article
സാഹസിക സഞ്ചാരികളുടെ പറുദീസയാണ് ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകൾ. ജെറ്റ് സ്കീയിംഗ്, സ്കൂബ ഡൈവിംഗ്, ഗെയിം ഫിഷിംഗ് തുടങ്ങി ആവേശകരമായ ഒട്ടേറെ ജലവിനോദങ്ങളും സ്ഫടികം പോലെ തെളിഞ്ഞ ജലവും അതിശയകരമായ സമുദ്ര ജൈവവൈവിധ്യവും പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ഭൂപ്രകൃതിയുമെല്ലാമുള്ള ഈ സ്വർഗഭൂമിയിലേക്ക്, ഇന്ത്യക്കാരും വിദേശികളുമായ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ വര്‍ഷംതോറും ഒഴുകിയെത്തുന്നു.
ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി, പുതിയ മാർഗങ്ങൾ തേടുകയാണ് ആൻഡമാൻ നിക്കോബാറിലെ ഇൻഫർമേഷൻ, പബ്ലിസിറ്റി ആൻഡ് ടൂറിസം ഡയറക്ടറേറ്റ് (IP&T). അധികം താമസിയാതെ, സഞ്ചാരികൾക്ക് ദ്വീപസമൂഹത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ കാരവാനുകൾ വാടകയ്‌ക്കെടുക്കാനുള്ള സൗകര്യം ലഭിക്കും. എയർകണ്ടീഷൻ ചെയ്ത കാരവാനുകളിൽ ആഡംബര ബങ്ക് കിടക്കകൾ, ആംബിയന്റ് ലൈറ്റിംഗ് കൊണ്ട് അലങ്കരിച്ച ഒരു ലോഞ്ച്, മടക്കാവുന്ന മേശകളും കസേരകളും, അത്യാധുനിക അടുക്കള, ഒരു കുളിമുറി, ബാക്കപ്പ് പവർ സപ്ലൈ എന്നിവ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, സമഗ്രമായ 360 ഡിഗ്രി സുരക്ഷാ ക്യാമറ സംവിധാനവും ജിപിഎസ് നാവിഗേഷനും കാരവാനുകളിൽ സജ്ജീകരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
പദ്ധതിയുടെ രൂപരേഖ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ, പബ്ലിസിറ്റി ആൻഡ് ടൂറിസം തയാറാക്കി. ഇതിനായി ബീച്ചുകൾക്ക് സമീപവും കാടുകൾക്കുള്ളിലും കുന്നുകൾക്കു മുകളിലുമെല്ലാം മനോഹരമായ പ്രദേശങ്ങള്‍ കണ്ടെത്തും. കാരവാനുകൾ വാടകയ്‌ക്കെടുക്കുന്ന സഞ്ചാരികൾക്ക് ഈ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ കഴിയും. സ്വന്തമായി പാചകമൊക്കെ ചെയ്ത് അവധിക്കാലം അടിച്ചുപൊളിക്കാം. വാട്ടര്‍ കണക്ഷന്‍, വൈദ്യുതി, ഔട്ട്ഡോർ ബാർബിക്യൂ സൗകര്യം, മനോഹരമായ പുൽത്തകിടികൾ, സന്ദർശകരെ സഹായിക്കാൻ ഒരു കെയർടേക്കർ-കം-ഗൈഡ് തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഈ സ്ഥലങ്ങളിൽ ലഭ്യമാക്കും. തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ചായിരിക്കും, കാരവനുള്ളിലെ താമസത്തിന്‍റെ ദൈര്‍ഘ്യം.
നിയുക്ത സൈറ്റുകളുടെ ഒക്യുപ്പൻസി ലെവലിന്‍റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ വിവിധ സ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കാൻ അനുവദിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍, ഒരേ പാക്കേജില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാനാകും.
പ്രദേശത്തെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട്, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് 'കാരവൻ' സംരംഭത്തിന്‍റെ പ്രാഥമിക ലക്ഷ്യം.യുവാക്കൾ, കുടുംബങ്ങൾ, മുതിർന്നവർ, രാജ്യാന്തര വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ, വ്യത്യസ്ത വിഭാഗങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കും. കാരവന്‍ ടൂറിസം വരുന്നതോടെ, ആവശ്യമായ ഹോട്ടൽ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ പോലും കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ താമസം ലഭ്യമാക്കാന്‍ കഴിയും. ഗുണനിലവാരത്തിന്‍റെയും സുരക്ഷയുടെയും കാര്യത്തില്‍, കർശനമായ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടായിരിക്കും കാരവന്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് എന്നും പിടിഐ റിപ്പോർട്ട് ചെയ്തു.