ADVERTISEMENT

റേഡിയോ ജോക്കിയായി വന്ന്, സെലിബ്രിറ്റി ഇന്റർവ്യൂവറും അവതാരകനും നടനുമെല്ലാമായി, മലയാളികളുടെ സ്വീകരണമുറികളില്‍ സ്ഥിരം നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ് അരുണ്‍ മാത്യു എന്ന ആര്‍ ജെ മാത്തുക്കുട്ടി. ജീവിതത്തിലെ മനോഹരനിമിഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം മാത്തുക്കുട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് മാത്തുക്കുട്ടി. അൽമാട്ടിക്ക് സമീപമുള്ള ഒരു സ്കീ റിസോർട്ടായ ഷൈംബുലകില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. 

Image Credit : rjmathukkutty/instagram
Image Credit : rjmathukkutty/instagram

മധ്യേഷ്യയിലെ ഏറ്റവും വലിയ സ്കീ റിസോർട്ടാണിത്. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിൽ, സെയ്‌ലിസ്‌കി അലതാവു പർവതനിരയിലെ മെഡ്യൂ താഴ്‌വരയുടെ മുകൾ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. നവംബര്‍ മുതല്‍ മേയ് വരെയുള്ള തണുപ്പുകാലത്ത് വലിയ അളവില്‍ മഞ്ഞു പെയ്യുന്ന ഇവിടം സഞ്ചാരികള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. മേഡുവിൽ നിന്ന് ഗോണ്ടോള കാറുകളിൽ റിസോർട്ടിൽ എത്തിച്ചേരാം.

Shymbulak ski resort, Almaty.  Image Credit : welovealmaty.com
Shymbulak ski resort, Almaty. Image Credit : welovealmaty.com

റിസോർട്ടിൽ മൂന്ന് സ്കീ ലിഫ്റ്റുകളുണ്ട്, ഏറ്റവും ഉയർന്നത് സമുദ്രനിരപ്പിൽ നിന്ന് 3200 മീറ്റർ ഉയരത്തിലാണ്. ഇത്രയും ഉയരത്തില്‍ ഒരു ഹോട്ടലും ഉണ്ട്, പകൽ സമയത്ത് സ്കീയിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു രാത്രിയിൽ താമസിക്കാൻ ഇവിടെ സൗകര്യമുണ്ട്. സ്നോബോർഡിങ് ആരാധകർക്കായി ഒരു സ്നോ പാർക്കും ഉണ്ട്.

അല്‍മാട്ടിയില്‍ ഷൈംബുലകിനടുത്തായി വേറെയും ടൂറിസ്റ്റ് ആകര്‍ഷണങ്ങളുണ്ട്‌. രാജ്യത്തെ ഏറ്റവും മികച്ച ആർട്ട് ശേഖരമുള്ള കസാക്കിസ്ഥാൻ മ്യൂസിയം ഓഫ് ആർട്സ് ഇവിടെയാണ് ഉള്ളത്. മനോഹരമായ മുന്തിരിത്തോട്ടങ്ങള്‍ക്ക് മുകളിലൂടെ കേബിള്‍ കാര്‍ സവാരി ഒരുക്കുന്ന കോക് ടോബ് കുന്നും സന്ദര്‍ശിക്കേണ്ടതാണ്. ബിഗ്‌ അല്‍മാട്ടി തടാകത്തിലെ പിക്നിക്കും സിബെക് സോളി സ്ട്രീറ്റിലൂടെയുള്ള നടത്തവുമെല്ലാം ആസ്വാദ്യകരമായ അനുഭവങ്ങളാണ്. 

കസാക്കിസ്ഥാനിലെ ആധുനികവും പരമ്പരാഗതവുമായ ജീവിതരീതികൾ ഇടകലർന്ന പ്രമുഖ നഗരങ്ങളിലൊന്നാണ് അൽമാട്ടി. സമുദ്രനിരപ്പിൽ നിന്ന് 560 -1200 മീറ്റർ ഉയരത്തിൽ, സൈലിയസ്കി അല-ടൗ പർവതനിരകൾക്ക് സമീപമാണ് ഇതു സ്ഥിതി ചെയ്യുന്നത്. മൂന്ന് വശവും പർവതങ്ങളാൽ ചുറ്റപ്പെട്ട അൽമാട്ടി പ്രകൃതി സൗന്ദര്യത്തില്‍ ഏറെ മുന്നിലാണ്. ചൂടുള്ള വേനൽക്കാലവും കൊടും ശൈത്യവും വർഷം മുഴുവനും മഴയും ലഭിക്കുന്ന അൽമാട്ടി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, ജൂൺ മുതൽ സെപ്തംബർ വരെയുള്ള വേനൽക്കാല മാസങ്ങളാണ്. ഈ സമയത്ത് മിതമായ കാലാവസ്ഥയായതിനാല്‍ പുറത്തിറങ്ങി കാഴ്ചകള്‍ കാണാന്‍ ബുദ്ധിമുട്ടില്ല.

English Summary:

The mountainous city of Almaty is Kazakhstan's financial and cultural capital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com