ADVERTISEMENT

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിരമിഡ് എന്ന പദവിയുള്ളത് ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡിനാണെന്ന് നമുക്കറിയാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഇതല്ല. മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചോളൂലയിലെ ഗ്രേറ്റ് പിരമിഡിനാണ് ആ ബഹുമതിയുള്ളത്. ചോളൂല പിരമിഡിന്‍റെ ഉയരം വെറും 66 മീറ്റർ മാത്രമാണ്, പക്ഷേ ഇത് 300 മുതൽ 315 മീറ്റർ വരെ വിസ്തൃതിയിൽ പരന്നുകിടക്കുന്നു. 4.45 ദശലക്ഷം ക്യുബിക് മീറ്ററാണ് ഇതിന്‍റെ മൊത്തം വ്യാപ്തം. ഇത് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്‍റെ ഇരട്ടി വരും. എന്നാല്‍ ദൂരെ നിന്നു നോക്കുന്ന ഒരാള്‍ക്ക് ഇവിടെ ഒരു പിരമിഡ് ഉള്ളതായി തോന്നില്ല, പരന്നുകിടക്കുന്ന ഒരു പര്‍വ്വതഭാഗം പോലെയാണ് ദൂരക്കാഴ്ചയില്‍ ഇത് തോന്നുക.

Image Credit : Leonid Andronov/istockphoto
Image Credit : Leonid Andronov/istockphoto

ആരെയും ആകര്‍ഷിക്കുന്ന വലിപ്പവും നിർമ്മിക്കാൻ അശ്രാന്ത പരിശ്രമവും ആവശ്യമായി വന്നിട്ടും, പൂർത്തിയാക്കി ഏതാനും നൂറ്റാണ്ടുകൾക്കു ശേഷം ചോളൂലയിലെ ഗ്രേറ്റ് പിരമിഡ് ഉപേക്ഷിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് വീണ്ടും കണ്ടെത്തുകയും പിന്നീടുള്ള ദശാബ്ദങ്ങളിൽ ഒട്ടേറെ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. എന്നിരുന്നാലും ഇതിന്‍റെ മുഴുവന്‍ ഭാഗങ്ങളെക്കുറിച്ചുമുള്ള പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ചോളൂല പിരമിഡിനെ  "കൈകൊണ്ട് നിർമ്മിച്ച പർവ്വതം" എന്നാണു വിളിക്കുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ ഏകദേശം 1,000 വർഷമെടുത്തു എന്ന് ചരിത്രം പറയുന്നു. ഈജിപ്തില്‍ ഉള്ളതുപോലെ, രാജാക്കന്മാരുടെ മമ്മികള്‍ സൂക്ഷിക്കാനല്ല ഇത് നിര്‍മ്മിച്ചത്. കാറ്റിന്‍റെയും മഴയുടെയും ദേവനായ ക്വെറ്റ്സാൽകോട്ടിനായി സമര്‍പ്പിച്ചതാണ് ഈ പിരമിഡ്. ഒരു സഹസ്രാബ്ദത്തിനു മുൻപ്, മെക്സിക്കോയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായിരുന്നു ചോളൂല എന്ന് ആസ്ടെക് ചരിത്രത്തില്‍ പറയുന്നുണ്ട്. മെക്സിക്കോയുടെ കിഴക്കൻ-മധ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ചോളൂല നഗരത്തില്‍ അക്കാലത്ത് 100,000 നിവാസികളുണ്ടായിരുന്നു. 

ചോളൂല പിരമിഡ് നിർമ്മിക്കാൻ നൂറ്റാണ്ടുകൾ എടുത്തു. ബിസിഇ 200 ൽ ആരംഭിച്ച ആദ്യഘട്ടത്തില്‍, അടിത്തറ നിര്‍മ്മിച്ചു. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ബാക്കിയുള്ള ഭാഗങ്ങളും കെട്ടിപ്പൊക്കി. ജോലി ആരംഭിച്ച് ഏകദേശം 1,000 വർഷങ്ങൾക്ക് ശേഷം പിരമിഡിലെ കൂട്ടിച്ചേര്‍ക്കലുകള്‍ നിന്നു. അക്കാലത്ത്, ചോളൂലയിലെ നിവാസികളുടെ ശ്മശാന സ്ഥലമായും പിരമിഡ് പ്രവർത്തിച്ചു. കഴിഞ്ഞ 150 വർഷത്തിനിടയിൽ, നൂറുകണക്കിന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെയുള്ള ഖനനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ബലി കൊടുത്ത ആളുകളുടെ ശരീരങ്ങളും ലഭിച്ചിട്ടുണ്ട്. വരള്‍ച്ചയും വറുതിയും അവസാനിപ്പിക്കാനായി പരലോകത്തേക്ക് സന്ദേശവാഹകരായി അയച്ച കുട്ടികളുടെ ശിരഛേദം ചെയ്യപ്പെട്ട നിരവധി തലയോട്ടികളും ഇക്കൂട്ടത്തിലുണ്ട്. 

Representative image. Photo Credits: givaga/ Shutterstock.com
Representative image. Photo Credits: givaga/ Shutterstock.com

സിഇ ഒന്നാം സഹസ്രാബ്ദത്തിന്‍റെ രണ്ടാം പകുതിയിൽ, അജ്ഞാതമായ കാരണങ്ങളാൽ, ചോളൂലയിലെ ജനസംഖ്യ ഗണ്യമായി കുറയുകയും പിരമിഡ് മിക്കവാറും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. കാലക്രമേണ, പിരമിഡ് കാടുമൂടി ഏകദേശം അപ്രത്യക്ഷമായി. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍, ഹെർണൻ കോർട്ടെസിന്‍റെ നേതൃത്വത്തിൽ സ്പാനിഷുകാർ ഈ പ്രദേശത്ത് എത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പിരമിഡ് കണ്ട അവര്‍, അതൊരു  കുന്നാണെന്ന്  തെറ്റിദ്ധരിച്ച്, കൊടുമുടിയുടെ മുകളിലുണ്ടായിരുന്ന ചോളൂലൻ ക്ഷേത്രം നശിപ്പിക്കുകയും ഇഗ്ലേഷ്യ ഡി ന്യൂസ്ട്ര സെനോറ ഡി ലോസ് റെമെഡിയോസ് എന്ന പേരില്‍ പള്ളി പണിയുകയും ചെയ്തു. 

A Bronze Age pyramidal structure found in Kazakhstan.

COURTESY THE L.N. GUMILYOV EURASIAN NATIONAL UNIVERSITY
A Bronze Age pyramidal structure found in Kazakhstan. COURTESY THE L.N. GUMILYOV EURASIAN NATIONAL UNIVERSITY

അങ്ങനെ വളരെക്കാലം ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ഈ പിരമിഡ് മറഞ്ഞിരുന്നു. പത്തൊൻപതാം നൂറ്റാണ്ടില്‍ ചോളൂല പിരമിഡിനെക്കുറിച്ച് സമഗ്രമായ പഠനം നടക്കുകയും, ചോളൂലൻ ജനതയുടെ അവിശ്വസനീയമായ ഈ നിര്‍മ്മിതിയെക്കുറിച്ച് ലോകം പഠിക്കുകയും ചെയ്തു. ഏകദേശം 1881 മുതൽ, അമേരിക്കൻ പുരാവസ്തു ഗവേഷകനായ അഡോൾഫ് ബാൻഡെലിയർ ആണ് ഇവിടെ ആദ്യം ഖനനം നടത്തിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇവിടുത്തെ കൂടുതല്‍ നിഗൂഡതകള്‍ അനാവരണം ചെയ്യപ്പെട്ടു. ഇപ്പോഴും പിരമിഡിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നു.

Representative image. Photo Credits:  Shutterstock.com
Representative image. Photo Credits: Shutterstock.com

ഇന്ന്, ഇവിടം ഒട്ടേറെ സന്ദര്‍ശകര്‍ എത്തുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. പ്രദേശത്തിന്റെ ഭൂരിഭാഗവും പൊതുജനങ്ങൾക്ക് നടന്നുകാണാനാവും. സഞ്ചാരികൾക്ക് മുകളിലെ സ്പാനിഷ്‌ പള്ളി സന്ദർശിക്കാം. പിരമിഡിന് കീഴിലുള്ള തുരങ്കങ്ങളിൽ കയറാം. ഓരോ വർഷവും ഏകദേശം 200,000 സന്ദർശകര്‍ ഇവിടെയെത്തുന്നു.

English Summary:

The Great Pyramid of Cholula, also known as Tlachihualtepetl is a complex located in Cholula, Puebla, Mexico.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com