ഗോവയിലെ ഓളപ്പരപ്പില്‍ സര്‍ഫിങ് ചെയ്ത് കല്‍ക്കി
Mail This Article
വിദേശത്ത് വേരുകളുള്ള പ്രമുഖ ഇന്ത്യന്‍ അഭിനേത്രിയും എഴുത്തുകാരിയുമാണ് കല്‍ക്കി കേക്‌ല. ഇന്ത്യന്‍ സിനിമകളിലും നാടകങ്ങളിലും സ്ഥിരം സാന്നിധ്യമാണ്. ദേശീയ അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശവും മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും കല്‍ക്കിയുടെ നേട്ടത്തിലുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നടി. ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങളെല്ലാം കല്‍ക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഈയിടെ, ഗോവയില്‍ സര്‍ഫിങ് നടത്തുന്ന ചിത്രവും കല്‍ക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. തിരയ്ക്കു മുകളില്‍ സര്‍ഫിങ് ബോര്‍ഡിന് മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് ഇത്.
ഗോവയില്‍ സര്‍ഫിങ് പരിശീലനവും മറ്റു സേവനങ്ങളും നല്‍കുന്ന ഒക്ടോപ്പസ് സര്‍ഫിങ് സ്കൂളിനൊപ്പമാണ് കല്‍ക്കിയുടെ സാഹസികവിനോദം. സഞ്ചാരികള്‍ക്ക് ഇവിടെ ആയിരം രൂപ മുതല്‍ സര്‍ഫിങ് പരിശീലനം ലഭ്യമാണ്. നോര്‍ത്ത് ഗോവയിലെ പെർനെം ബീച്ചിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദസറ ആഘോഷങ്ങള്‍ക്ക് പ്രസിദ്ധമായ ബീച്ചാണ് ഇത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ദസറ ആഘോഷവേളയില്‍ ഗോവയിലെ ഏറ്റവും വലിയ വിരുന്നുകളിലൊന്നാണ് ഇവിടെ സംഘടിപ്പിക്കുന്നത്.
ഗോവയില്‍ സര്‍ഫിങ് പഠിക്കാം
തുടക്കക്കാർക്ക് സർഫിങ് ചെയ്യാൻ വളരെ അനുയോജ്യമാണ് ഗോവ. ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയാണ് സർഫിങ് സീസൺ. ഈ സമയത്തു ബീച്ചുകളില്‍ സര്‍ഫിങ് സേവനങ്ങള്‍ സജീവമായിരിക്കും. അസ്‌വേം ബീച്ചിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന വായു വാട്ടർമാൻസ് വില്ലേജ് സർഫിങ്, സ്റ്റാൻഡ്-അപ് പാഡലിങ്, വേക്ക്ബോർഡിങ്, ക്രൂയിസ് തുടങ്ങിയ ജല സാഹസിക വിനോദങ്ങൾക്കു പേരുകേട്ടതാണ്. മോർജിം ബീച്ചിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള ബനാന സർഫ് സ്കൂൾ തുടക്കക്കാര്‍ക്കു മണിക്കൂറിന് 3,500 രൂപ നിരക്കില്‍ മികച്ച പരിശീലനം നല്‍കുന്നു.
ഗോവയിലെ മറ്റൊരു പ്രശസ്തമായ സർഫിങ് കേന്ദ്രമായ സർഫ് വാല വടക്കൻ ഗോവയിലെ അരംബോൾ ബീച്ചിലാണ് സ്ഥിതി ചെയ്യുന്നത്. സർഫിങ് ഉപകരണങ്ങൾ, ഗിയർ, വസ്ത്രങ്ങൾ എന്നിവ വാടകയ്ക്ക് എടുക്കാനും ഇവിടെ പറ്റും. മനോഹരമായ അഗോണ്ട ബീച്ചില്‍ സ്ഥിതിചെയ്യുന്ന അലോഹ സർഫ് സ്‌കൂൾ, അരംബോൾ ബീച്ചിലുള്ള ഗോവ സർഫ് സ്കൂൾ മുതലായവയും സര്‍ഫിങുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നുണ്ട്.