ADVERTISEMENT

ഏതുകാലത്തും സവിശേഷമായ സൗന്ദര്യമുള്ള നാടാണ് മൂന്നാര്‍. മഞ്ഞുകാലത്ത് മൂന്നാറിന്റെ അഴക് പിന്നെയും കൂടും. രാവിലെയും വൈകുന്നേരവും മൂന്നാറില്‍ മഞ്ഞു പെയ്തു തുടങ്ങിയിട്ടുണ്ട്. തണുപ്പ് ആസ്വദിക്കാനായി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്കായി ആകര്‍ഷകമായ പാക്കേജുകളുമായി എത്തിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ ചെലവില്‍ കേരളത്തിലെ സ്വിറ്റ്‌സര്‍ലൻഡ് കാണാനുള്ള അവസരമാണ് ഇതുവഴി സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. 

ദേവികുളം ലാക്കാട് നിന്നുള്ള പ്രഭാതദൃശ്യം.
ദേവികുളം ലാക്കാട് നിന്നുള്ള പ്രഭാതദൃശ്യം.

മൂന്നാറിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ആറു ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്നിരുന്നു. ലക്കാട്, കുണ്ടല, ചെണ്ടുവറ തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിലാണ് രാവിലെകളില്‍ ആറു ഡിഗ്രി വരെ താപനിലയെത്തിയത്. മാട്ടുപ്പെട്ടി, കണിമല, തെന്മല എന്നിവിടങ്ങളില്‍ ഏഴു ഡിഗ്രിയും മൂന്നാര്‍ ടൗണിലും നല്ല തേനിയിലും ഒമ്പതു ഡിഗ്രി വരെ താപനില എത്തുകയും ചെയ്തിട്ടുണ്ട്. 

മഞ്ഞുകാലത്തിനൊപ്പം ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ ഇപ്പോള്‍ തന്നെ മൂന്നാറിലേക്കു ലക്ഷ്യം വച്ചു പലരും യാത്ര തുടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട റിസോര്‍ട്ടുകളും ഹോട്ടലുകളും ഈ ദിവസങ്ങളിലേക്കുള്ള ബുക്കിങ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നു കേരള ട്രാവല്‍ മാര്‍ട്ട് മാനേജിങ് കമ്മറ്റി അംഗം വിനോദ് വട്ടേക്കാട്ട് പറയുന്നു. വാഗമണിലേയും തേക്കടിയിലേയും ഹോട്ടലുകളിലും സഞ്ചാരികളുടെ വരവും ബുക്കിങും വര്‍ധിച്ചിട്ടുണ്ട്. 

മൂന്നാറില്‍ മഞ്ഞുകാലം ആസ്വദിക്കാന്‍ രണ്ട് യാത്രാ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ചിരിക്കുന്നത്. വാഗമണ്‍- മൂന്നാര്‍, മൂന്നാര്‍ കാന്തല്ലൂര്‍ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി തുടങ്ങിയിരിക്കുന്നത്. ഇതില്‍ വാഗമണ്‍-മൂന്നാര്‍ യാത്ര എല്ലാ വെള്ളിയാഴ്ചകളിലും കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നാണ് ആരംഭിക്കുന്നത്. മൂന്നാറില്‍ ശനിയാഴ്ച രാവിലെ ആറുമണിക്ക് എത്തിച്ചേരും. ഈ പാക്കേജിന്റെ ഭാഗമായുള്ള ആദ്യ ദിവസം പൈന്‍ വാലി ഫോറസ്റ്റ്, വാഗമണ്‍ മെഡോസ്, അഡ്വെഞ്ചര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെത്തും. രണ്ടാം ദിവസം ചതുരങ്കപ്പാറ വ്യൂപോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്കല്‍ ഡാം എന്നിവിടങ്ങളിലേക്കും പോകാം. ഇതിനെല്ലാം ചേര്‍ത്ത് 4,100 രൂപയാണ് ഈടാക്കുന്നത്. 

വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്
വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്

മൂന്നാര്‍ കാന്തല്ലൂര്‍ യാത്രകള്‍ക്കുള്ള ടിക്കറ്റുകളും ലഭ്യമാണ്. ഡിസംബര്‍ എട്ട്, ഡിസംബര്‍ 27 ദിവസങ്ങളില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് രാത്രി ഏഴിനാണ് യാത്ര ആരംഭിക്കുക. ആദ്യ ദിവസം ഇരവികുളം ദേശീയ പാര്‍ക്കും മറയൂരും കണ്ട് ഓഫ്‌റോഡ് സഫാരിയും കഴിഞ്ഞ് ക്യാംപ് ഫയറില്‍ യാത്ര അവസാനിക്കും. അടുത്തദിവസം ഇരച്ചില്‍പാറയും പെരിയകനാല്‍ വെള്ളച്ചാട്ടവും കണ്ട് കാന്തല്ലൂരിലെ വിവിധ പഴത്തോട്ടങ്ങളും സന്ദര്‍ശിക്കുന്നതിന് ഒരാള്‍ക്ക് 2,960 രൂപയാണ് ടിക്കറ്റ് നിരക്ക്.

വാഗമൺ കോലാഹലമേട്ടിലെ ഗ്ലാസ് ബ്രിജ്.
വാഗമൺ കോലാഹലമേട്ടിലെ ഗ്ലാസ് ബ്രിജ്.
English Summary:

Munnar beckons tourists with misty mornings: Check out KSRTC's December packages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com