ADVERTISEMENT

വർഷാവസാനം എത്തി. യാത്രകൾക്കായി തയാറെടുക്കുന്ന തിരക്കിലായിരിക്കും മിക്കവരും. ജോലി തിരക്കുകളിൽ നിന്നെല്ലാം മാറി ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാനുള്ള തിരക്കിലാണ് എല്ലാവരും. പല പല യാത്രാപ്ലാനുകൾ ആയിരിക്കും മിക്കവരുടെയും മനസ്സിൽ. എന്നാൽ, നോർത്ത് ഈസ്റ്റിലേക്ക് പോകാൻ ആവശ്യമുള്ള തുകയ്ക്ക് ബാങ്കോക്ക് വരെ പോയാലോ ? ബാങ്കോക്കിനു പോകുന്നതു ഭയങ്കര ചെലവാണെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ആ ചിന്ത മാറ്റി വയ്ക്കാനുള്ള ഒരു അവസരം കൂടിയാണ് ഇത്.

Bangkok. Image Credit : mantaphoto/istockphoto
Bangkok. Image Credit : mantaphoto/istockphoto

ബാങ്കോക്കിന് പോകുന്നത് അത്ര ചെലവേറിയതാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഡൽഹിയിൽ നിന്ന് ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിമാനച്ചെലവ് ഒന്നു നോക്കിയാൽ മതി. ആഭ്യന്തര വിമാനസർവീസ് രാജ്യാന്തര വിമാന സർവീസിനേക്കാൾ നിരക്കു കുറവാണെന്ന നിങ്ങളുടെ തെറ്റിദ്ധാരണ മാറിക്കിട്ടും. കാരണം, ബാങ്കോക്കിനുള്ള വിമാനയാത്രാ നിരക്കിനേക്കാൾ കൂടുതലാണ് ഡൽഹിയിൽ നിന്ന് നോർത്ത് ഈസ്റ്റിലേക്കുള്ള വിമാനയാത്രാ നിരക്ക്.

ഡൽഹി ടു ബാങ്കോക്ക് ഓർ ഡൽഹി ടു ഷില്ലോങ്ങ്

ഓൺലൈൻ ആയി വിമാനയാത്രാ നിരക്ക് പരിശോധിക്കുമ്പോഴാണ് ശരിക്കും ഞെട്ടൽ അനുഭവപ്പെടുക. ഡൽഹിയിൽ നിന്നു നോർത്ത് ഈസ്റ്റിലെ ഷില്ലോങ്ങിലേക്കുള്ള യാത്രാനിരക്കിനേക്കാൾ ഡൽഹിയിൽ നിന്നു ബാങ്കോക്കിലേക്കുള്ള യാത്രാനിരക്ക് കുറവാണ്. ഈ വിഷയം മറ്റാരെയും അസ്വസ്ഥരാക്കിയില്ലെങ്കിലും ടൂർ ഓപ്പറേറ്റർമാരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. വിഷയം പരിശോധിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി ഉന്നയിച്ച് ട്രാവൽ കമ്പനീസും ഹോട്ടൽ മുതലാളിമാരും

ടിക്കറ്റ് നിരക്കിലെ വലിയ വ്യത്യാസങ്ങൾ ഉലച്ചു കളഞ്ഞത് ട്രാവൽ കമ്പനികളെയും ഹോട്ടൽ മുതലാളിമാരെയുമാണ്. രാജ്യാന്തര ടൂറിസം മാർട്ടിൽ നടന്ന യോഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്ന് ഇവർ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഷില്ലോങ്ങിലേക്ക് ഒരു ടിക്കറ്റിന് 14,974 രൂപ ഈടാക്കുമ്പോൾ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പോകാനുള്ള ടിക്കറ്റിന് 11, 470 രൂപയാണ് ആകുന്നത്. ആഭ്യന്തര യാത്രാ നിരക്കുകൾക്ക് സർക്കാർ ഇടപെട്ട് നിയന്ത്രണം കൊണ്ടു വരണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ ഒരു പദ്ധതിപ്രകാരം നോർത്ത് ഈസ്റ്റിലെ പതിനഞ്ചോളം വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസനത്തിന്റെ പാതയിലാണ്. 

നോർത്ത് ഈസ്റ്റിലെ വിനോദസഞ്ചാര വികസനത്തിന് തുക വകയിരുത്തി കേന്ദ്ര സർക്കാർ

നോർത്ത് ഈസ്റ്റിലെ വിനോദസഞ്ചാര വികസനം സർക്കാരിന്റെ പ്രധാന അജൻഡകളിൽ ഒന്നാണ്. സോഹ്റ, ഷില്ലോങ്ങ് എന്നീ സ്ഥലങ്ങളിൽ 50 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സംയുക്ത വികസനത്തിനായി ഏകദേശം 256.45 കോടി രൂപ വരുന്ന എട്ട് പദ്ധതികൾക്കു മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

തലസ്ഥാന നഗരയിലെ പഴയ അസംബ്ലി ഹാളിൽ ഒരു ചെറിയ മ്യൂസിയം തുറക്കുന്നതിനെക്കുറിച്ച് മേഘാലയ ആലോചിക്കുന്നുണ്ട്. കൂടാതെ, ഷില്ലോങ്ങിലെയും മറ്റ് സ്ഥലങ്ങളിലെയും പൈതൃകകേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടു വന്ന് ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സന്ദർശകർക്കു ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി 44.44 കോടി രൂപയാണ് ടൂറിസം മന്ത്രാലയം വകയിരുത്തിയിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 16 വിമാനത്താവളങ്ങളാണ് വിവിധ സ്ഥലങ്ങളിലേക്കു പോകാനായി എത്തിച്ചേരുന്ന സഞ്ചാരികളെ സ്വീകരിക്കാനായി സജ്ജമായിരിക്കുന്നത്. പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഇത് വലിയ കുതിപ്പ് നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.

English Summary:

Bangkok is cheaper than North east.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com