മുഗൾ റോഡിന്റെ ഹൃദയം; പീർ കീ ഗലിയിൽ മഞ്ഞുകാലത്തെ സ്വീകരിച്ച് ടോവിനോ

Mail This Article
മഞ്ഞു പെയ്യുന്ന മലമുകളിൽനിന്ന് മഞ്ഞുകാലത്തെ വരവേറ്റ് നടൻ ടോവിനോ തോമസ്. കശ്മീരിലെ പീർ കീ ഗലിയിൽ നിന്നുള്ള മനോഹരമായ ഒരു ചിത്രവും ടോവിനോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. തണുപ്പുകാലം വരുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫുൾ സ്ലീവ് ഹൈനെക്ക് ടീഷർട്ടും പാന്റ്സുമാണ് വേഷം. വാച്ച് ധരിച്ചിട്ടുണ്ട്. മനോഹരമായി ചിരിച്ച് മുകളിലേക്ക് നോക്കി നിൽക്കുന്ന ചിത്രത്തിന് പശ്ചാലമാകുന്നത് മഞ്ഞുവീണ പാതയും ഇല പൊഴിഞ്ഞ മരച്ചില്ലകളുമാണ്. ഓനിയുടെ ട്വിങ്ക്ളിങ് ലൈറ്റ്സ് എന്ന ഗാനം ചേർത്താണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

തണുപ്പുകാലമായാൽ മഞ്ഞ് പെയ്തിറങ്ങുന്ന മേഖലയാണ് പീർ കീ ഗലി. തെക്കൻ കശ്മീരിൽ രജൗരി - പൂഞ്ച് ജില്ലകളെ ബന്ധിപ്പിക്കുന്ന മുഗൾ റോഡിലാണ് പീർ കീ ഗലി സ്ഥിതി ചെയ്യുന്നത്. മുഗൾ റോഡിന്റെ ഹൃദയമെന്ന് വിളിക്കപ്പെടുന്ന പീർ കീ ഗലിയെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. അതിനപ്പുറം മനോഹരമായ പ്രകൃതിഭംഗിയും പീർ കീ ഗലിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
പീർ കീ ഗലി
1140 അടി ഉയരത്തിലാണ് പീർ കീ ഗലി സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കു ധൈര്യപൂർവം തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് പീർ കീ ഗലി. പൂഞ്ചിന്റെയും ഷോപ്പിയാന്റെയും അതിർത്തിയാണ് പീർ കീ ഗലി. പീർ മാർഗ് എന്നറിയപ്പെടുന്ന പുൽമേട് മഞ്ഞു പുതച്ച കൊടുമുടികൾ കൊണ്ടും തണുത്ത കാറ്റിനാലും വലയം ചെയ്യപ്പെട്ട് കിടക്കുന്നു. ഗോത്രവർഗ രീതിയിലുള്ള ജീവിതവും ഇവിടുത്തെ പ്രത്യേകതയാണ്. പക്ഷേ മഞ്ഞു വീണു തുടങ്ങിയാൽ ഇവിടേക്കുള്ള പാത അടയ്ക്കും. അതിനാൽ, ഏത് കാലാവസ്ഥയിലും തുറന്നിരിക്കുന്ന പാത വേണമെന്ന് ഇവിടുത്തെ നാട്ടുകാർ ആവശ്യപ്പെടാറുണ്ട്.

പീർ പഞ്ചൽ പാസ് അഥവാ പീർ കീ ഗലി
ഒരു മലയോര പാത ആയതുകൊണ്ടുതന്നെ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ പോകാൻ പറ്റുന്ന ഇടമാണ് ഇവിടം. ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മുഗൾ റോഡിലെ ഏറ്റവും ഉയർന്ന സ്ഥലങ്ങളിൽ ഒന്നാണ്. കശ്മീർ താഴ്‌വര കീഴടക്കിയതിനു ശേഷം ലഹോർ മുതൽ കശ്മീർ വരെയുള്ള പാത ബലപ്പെടുത്തുന്നതിന്റെ ഭാഗമായി അക്ബർ ചക്രവർത്തിയാണ് മുഗൾ റോഡ് പണി കഴിപ്പിച്ചത്.

പീർ കീ ഗലി അഥവാ വിശുദ്ധന്റെ ഗലി
ഷെയ്ഖ് അഹമ്മദ് കരീം എന്ന വിശുദ്ധനിൽനിന്നാണ് ഈ സ്ഥലത്തിനു പീർ കീ ഗലി എന്ന പേരു കിട്ടിയതെന്നാണ് വിശ്വാസം. പീർ എന്നാൽ വിശുദ്ധൻ എന്നാണ്. മരണത്തിനു ശേഷവും ഈ പ്രദേശത്തെ ആളുകൾക്കു വേണ്ടി ഈ വിശുദ്ധൻ ഇപ്പോഴും നിലകൊള്ളുന്നു എന്നാണ് വിശ്വാസം. മതപരമായ കാര്യങ്ങൾക്ക് അപ്പുറം പ്രകൃതിസൗന്ദര്യവും സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നു. കുതിര സവാരി ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്. ജമ്മു കശ്മീരിലെ പരമ്പരാഗത ഗോത്രമായ തരാസ് വിഭാഗത്തിന്റെ ജീവിതം അറിയാനും ഇങ്ങോട്ടുള്ള യാത്ര സഹായിക്കും.