ADVERTISEMENT

‘പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ...’ എന്ന പാട്ടും പാടി വിയന്നയിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.  ‘‘25 വർഷങ്ങൾക്ക് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്, മഴവില്ല് എന്ന സിനിമയുടെ ചിത്രീകരണം നടത്തിയ സ്ഥലം. പ്രേറ്റർ പാർക്കിലെ ഭീമൻ ചക്രവും മനോഹരമായ മരങ്ങളും പ്രിയപ്പെട്ടവരും ചേരുമ്പോൾ ഈ നിമിഷങ്ങൾ കൂടുതൽ മനോഹരമാക്കുന്നു. യഥാർത്ഥ മഴവില്ലു കുറച്ചുകൂടി മാജിക് ചേർക്കുന്നു...’’ എന്നും വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. 1999 ൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിൽ വിനീത്, പ്രവീണ, പ്രീതി തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന താരങ്ങൾ. യൂറോപ്പായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. ഈ സിനിമയുടെ ദൃശ്യ ഭംഗി ഏറെ പ്രശംസ നേടിയിരുന്നു.  ‘‘ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല. എന്നാലും ചോദിക്കുവാ : നിങ്ങൾക്ക് ഒന്നും പ്രായം ആകില്ലേ എപ്പോ കണ്ടാലും ഇങ്ങനെ തന്നെ..." എന്നൊക്കെയുള്ള കമന്റുകളും വിഡിയോയ്ക്കുണ്ട്.

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന

ലോകത്തിലെ ഏറ്റവും ജീവിക്കാന്‍ യോഗ്യമായ നഗരമായി 2023 ൽ തിരഞ്ഞെടുക്കപ്പെട്ടത് വിയന്നയായിരുന്നു. സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം കൊണ്ട് സമ്പന്നമാണ് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന. കാണാനും അറിയാനും ഒട്ടേറെയുണ്ട് ഇവിടെ കാര്യങ്ങള്‍. വൈവിധ്യമാര്‍ന്ന ഭക്ഷണരീതികളും ജീവിതക്രമങ്ങളും കാണാന്‍ ഒട്ടേറെ സ്ഥലങ്ങളും ഉള്ളതിനാല്‍ ഇവിടെയെത്തുന്ന ഒരു സഞ്ചാരിക്കും മനം മടുക്കില്ല എന്ന് ഉറപ്പാണ്. വിയന്ന നഗരത്തിൽ വൈൻയാർഡുകളുണ്ട്.അധികം അകലെയല്ലാതെയാണ് ഈ മുന്തിരിത്തോപ്പ്. ഒരു കുന്നിൻ ചെരുവിലായി പടർന്നു പന്തലിച്ച് കിടക്കുന്ന മുന്തിരിത്തോപ്പിൽ നിന്നാൽ അങ്ങകലെയായി വിയന്ന പട്ടണം കാണാം. 2 കിലോമീറ്ററോളം ട്രെക്ക് ചെയ്ത് വേണം ഈ വൈൻയാർഡിൽ എത്താൻ. വിയന്നയിലെ യാത്ര അവിസ്മരണീയമാക്കാന്‍ അവിടെ പോകുന്നവര്‍ തീര്‍ച്ചയായും കാണേണ്ടതും ചെയ്യേണ്ടതുമായ എട്ടു കാര്യങ്ങൾ ഇതാ...

1. സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍

ഇതിന്‍റെ വര്‍ണ്ണാഭമായ മേല്‍ക്കൂരയാണ് ആദ്യം സഞ്ചാരികളുടെ കണ്ണില്‍പ്പെടുക. വിയന്നയിലെ ഒരു ഗോതിക് കത്തീഡ്രലാണ് സ്റ്റെഫാൻസ്ഡോം. ലോകമഹായുദ്ധത്തിനുശേഷം പുനര്‍നിര്‍മ്മിക്കപ്പെട്ടതാണ് ഈ  കത്തീഡ്രൽ. മുതിര്‍ന്ന ഒരാള്‍ക്ക് ഏകദേശം 855 രൂപയും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 450 രൂപയുമാണ് സന്ദര്‍ശന ഫീസ്‌.

Vienna, Austira. Image Credit : Mustafa Ertugral /shutterstock
Vienna, Austira. Image Credit : Mustafa Ertugral /shutterstock

2. നാഷ്മാര്‍ക്കറ്റ് 

വിയന്നയിലെ ഏറ്റവും വലിയ ഓപ്പൺ എയർ ഫുഡ് മാര്‍ക്കറ്റ് ആണിത്. വൈവിധ്യമാർന്ന റസ്റ്ററന്റുകളും സ്ട്രീറ്റ് സ്റ്റാളുകളും പലചരക്ക് കടകളുമുണ്ട് ഇവിടെ.  ഇത് ഒരു ചെറിയ വിനോദസഞ്ചാരകേന്ദ്രം എന്നു പറയാം. വേനല്‍ക്കാലത്ത് ഇവിടെയെത്തിയാല്‍ നല്ല രുചിയുള്ള ഭക്ഷണവും കയ്യില്‍ ഒരു ഗ്ലാസ് വീഞ്ഞുമായി ഇവിടെ ഇരിക്കുന്നത് മനോഹരമായ അനുഭവമാണ്.

Image Credit : TomasSereda /istockphotos
Image Credit : TomasSereda /istockphotos

3. മ്യൂസിയംസ്ക്വാർട്ടിയർ 

മൂന്ന് വ്യത്യസ്ത മ്യൂസിയങ്ങളാണ് ഇവിടെയുള്ളത്: ലിയോപോൾഡ് മ്യൂസിയം, കുൻസ്താലെ വീൻ, മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയാണ് അവ. നിരവധി സഞ്ചാരികള്‍ ദിനംപ്രതി എത്തുന്ന ഇടമാണിത്. വർഷം മുഴുവനും നീണ്ടു നില്‍ക്കുന്ന നിരവധി ഉത്സവങ്ങളുടെ കേന്ദ്രമാണ് മ്യൂസിയംസ്‌ക്വാർട്ടിയർ.

vienna-trip

4. ഹൗസ് ഓഫ് മ്യൂസിക് 

വിയന്നയില്‍ പോയി സ്വന്തമായി സിംഫണി നടത്തണോ? ഹൗസ് ഓഫ് മ്യൂസിക് ആണ് പറ്റിയ സ്ഥലം! പ്രശസ്ത ഓസ്ട്രിയൻ സംഗീതജ്ഞരായ മൊസാർട്ട്, ഷുബർട്ട്, സ്ട്രോസ്, ഷോൻ‌ബെർഗ് എന്നിവരുടെ പ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന ചെറുതും ആകർഷകവുമായ മ്യൂസിയമാണിത്. സംഗീതജ്ഞരുടെ കൈയെഴുത്തുപ്രതികൾ, കരകൌശല വസ്തുക്കൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു.  

5. വിയന്ന സ്റ്റേറ്റ് ഒപ്പെറ 

ഒപറയുടെ പര്യായമായി പറയാന്‍ പറ്റുന്ന പേരാണ് വിയന്ന എന്നത്. വിയന്നീസ് ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഒപ്പെറ. ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രശസ്തവുമായ ഒന്നാണ് ഈ ഓപ്പറ ഹൗസ്. ഷോ കാണാന്‍ ഒരാള്‍ക്ക് ഏകദേശം 800 രൂപയാണ് ചാര്‍ജ്. ഷോ ആരംഭിക്കുന്നതിന് 60-80 മിനിറ്റ് മുമ്പ് ടിക്കറ്റ് വില്‍പ്പന തുടങ്ങും. ഒരാൾക്ക് 1 ടിക്കറ്റ് മാത്രമേ വാങ്ങാൻ കഴിയൂ.

6. മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്ട്

പുരാതന ഈജിപ്തിൽ നിന്ന് പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലേക്കുള്ള യാത്രയാണ് ഇവിടെ സാധ്യമാകുന്നത്.  ഛായാചിത്രങ്ങളും കവചങ്ങളും ഉൾപ്പെടുന്ന ഹാപ്സ്ബര്‍ഗുകളുടെ ശേഖരമാണ് അവയില്‍ എടുത്തു പറയേണ്ട ഒരു കാര്യം. പ്രായപൂര്‍ത്തിയായവര്‍ക്ക് 1,166 രൂപയാണ് പ്രവേശന ഫീസ്‌. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാര്‍ക്കും കിഴിവുകൾ ലഭ്യമാണ്.

7. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സ്റ്റഫ് ചെയ്ത മൃഗങ്ങളടക്കം ധാതുക്കൾ, വിലയേറിയ കല്ലുകൾ, ഉൽക്കാശിലകൾ, ഫോസിലുകൾ എന്നിങ്ങനെയുള്ള പ്രകൃതിദത്ത പുരാവസ്തുക്കളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.  30 ദശലക്ഷത്തിലധികം വസ്തുക്കളുള്ള ഈ മ്യൂസിയത്തിനുള്ളിലെ ശേഖരം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശേഖരമാണ്. ഭൂമിയെയും അതിന്റെ വികസനത്തെയും കുറിച്ചുള്ള സിനിമകൾ കാണാൻ കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാനറ്റോറിയം കൂടി ഈ മ്യൂസിയത്തിലുണ്ട്. 

8. ബ്രാറ്റിസ്ലാവ

വിയന്നയിൽ നിന്ന് ഒരു ഡേ ട്രിപ്പ് നടത്താന്‍ പറ്റിയ സ്ഥലമാണ്‌ ബ്രാറ്റിസ്ലാവ. നഗരമധ്യത്തില്‍ നിന്ന് ഒരു മണിക്കൂർ മാത്രം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കോട്ടകൾ, ഒരു കത്തീഡ്രൽ, ബിയർ ഹാളുകൾ, റെസ്റ്റോറന്റുകൾ, ഡാനൂബിനടുത്തുള്ള പാതകൾ എന്നിവയെല്ലാം ചുറ്റിക്കണ്ടു തിരിച്ചു പോരാം. ബ്രാറ്റിസ്ലാവ താരതമ്യേന ചെറിയ സ്ഥലമായതിനാല്‍ കാൽനടയായിത്തന്നെ ചുറ്റി നടക്കാം. വിയന്നയിൽ നിന്ന് ഇങ്ങോട്ടേക്ക് പതിവായി ട്രെയിനുകൾ ഉണ്ട്. 

English Summary:

After 25 years of filming "Mazhavillu" at the same location in Vienna: Kunchacko Boban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com