ADVERTISEMENT

പൃഥ്വിരാജ് നായകനാകുന്ന, ബെന്യാമിന്റെ കഥയിൽ പിറന്ന ബ്ലസി ചിത്രം ആട് ജീവിതം അടുത്ത വർഷം തിയറ്ററുകളിലെത്തു കയാണല്ലോ. മരുഭൂമിയിൽ അകപ്പെട്ട മനുഷ്യന്റെ കഥ പറയുന്ന ചിത്രമാണ് ആട് ജീവിതം. എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു ആടിന്റെ ജീവിതത്തെ കുറിച്ചാണ്. 

Image Credit : catebattlesart
Image Credit : catebattlesart

സഞ്ചാരിയായ ആട്

നോർത്ത് കാരോലൈനയിലെ ആഷെവില്ലിൽ നിന്നുള്ള ദമ്പതികൾ– കേറ്റ് ബാറ്റിൽസും ഭർത്താവ് ചാഡും– 1976 ലെ ഒരു പഴയ ആർഗോസി കാരവാൻ മോഡിഫൈ ചെയ്തെടുത്ത് യാത്ര ചെയ്യാൻ തീരുമാനിച്ചു. സഹയാത്രികനായി കൂടിയത് അവരുടെ ഫ്രാങ്കി എന്ന ആട് ആയിരുന്നു. തന്റെ ഉടമകൾക്കൊപ്പം ലോകം ചുറ്റുന്ന ഫ്രാങ്കിയുടെ യാത്രാവിശേഷം ഇന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. ഇതിനകം 25 സംസ്ഥാനങ്ങളും 50,000 മൈലും സഞ്ചരിച്ചു കഴിഞ്ഞ യാത്രയിലൂടെ, ഇൻസ്റ്റഗ്രാമിൽ 20,000 ത്തിലധികം ഫോളോവേഴ്‌സിനേയും ഫ്രാങ്കി സമ്പാദിച്ചു കഴിഞ്ഞു. 

ബാറിൽനിന്നു കാരവാനിലേക്ക്

മുഴുവൻ സമയ യാത്രികർ ആവുന്നതിനു മുൻപ് ഫ്രാങ്കിയുടെ ഉടമകളായ കേറ്റും ചാഡും ബാർ നടത്തിപ്പുകാരായിരുന്നു. എന്നാൽ മക്കൾ വലുതായി ജോലി അന്വേഷിച്ച് പലവഴിക്ക് പോയതോടെ ബാറ്റിൽസ് ദമ്പതികൾക്ക് തങ്ങളുടെ ബാർ വിൽക്കേണ്ടി വന്നു. ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിച്ചു കഴിഞ്ഞ ആ മാതാപിതാക്കൾ ഇനി തങ്ങളുടെ ജീവിതത്തിൽ യാത്രയാണ് ഏകലക്ഷ്യമെന്ന് തിരിച്ചറിയുകയും അതിനായി തയാറെടുക്കുകയും ചെയ്തു. ദമ്പതികൾ ഒരു വിന്റേജ് എയർസ്ട്രീം ആർഗോസി സ്വന്തമാക്കി. പുതിയ കാഴ്ചകളിലേക്ക് സഞ്ചരിക്കാൻ അവർ തീരുമാനിച്ചു.

Image Credit : catebattlesart
Image Credit : catebattlesart

ഫ്രാങ്ക് കടന്നു വന്നതോടെയാണ് ബാറ്റിൽസ് ദമ്പതികളുടെ ജീവിതത്തിനും താളം വന്നത്. താൻ വർഷങ്ങളായി ഒരു വളർത്തുമൃഗത്തിനായി കൊതിച്ചിരുന്നെന്നും ഒരു സുഹൃത്ത് ടെന്നസിയിലെ ഒരു ഫാമിലേക്ക് കൊണ്ടുപോയി ഫ്രാങ്കിയെ സമ്മാനിച്ചപ്പോൾ അതിയായ സന്തോഷമുണ്ടായിയെന്നും കേറ്റ് പറയുന്നു. ഫ്രാങ്കി പെട്ടെന്ന് കുടുംബത്തിന്റെ ഭാഗമായി. ബാറ്റിൽസിന്റെ ആദ്യ യാത്രകൾ ഫ്രാങ്കി ഇല്ലാതെയായിരുന്നു അവർ യാത്ര പോകുമ്പോൾ ആടിനെ സുഹൃത്തുക്കളെ ഏൽപിക്കുകയായിരുന്നു പതിവ്. പക്ഷേ അത് സങ്കടകരമാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും ഒടുവിൽ ഫ്രാങ്കിയെയും തങ്ങളുടെ സഞ്ചാരത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ആടിനെ കൂട്ടിയുള്ള യാത്ര എങ്ങനെയായിരിക്കുമെന്ന് ഇവർക്കും വലിയ പിടുത്തമില്ലായിരുന്നു. എങ്കിലും തങ്ങളുടെ പ്രിയ വളർത്തുമൃഗത്തെ ഒറ്റയ്ക്കാക്കി പോകാൻ അവർക്ക് മനസ്സു വന്നില്ല. അവിടെത്തുടങ്ങുന്നു ഫ്രാങ്കിയുടെ യാത്രകൾ. 

Image Credit : catebattlesart
Image Credit : catebattlesart

ഫ്രാങ്കിയുമൊത്തുള്ള യാത്രയുടെ വെല്ലുവിളികളും സന്തോഷങ്ങളും

ആടിനൊപ്പം ദമ്പതികളുടെ നാടോടി ജീവിതം വെല്ലുവിളികളില്ലാത്തതല്ല. വളർത്തുമൃഗങ്ങളെ പാർപ്പിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുക എന്നതാണ് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്ന്. എന്നിരുന്നാലും വിശാലമായ മരുഭൂമികൾ മുതൽ സമൃദ്ധമായ വനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതികളിലൂടെ സഞ്ചരിക്കുന്നതിന്റെ അനുഭവം അവർ ആസ്വദിച്ചു.

2016 ൽ ആറുമാസം നീണ്ടുനിൽക്കുന്ന യാത്ര നടത്തിയ ബാറ്റിൽസ് ദമ്പതികളുടെ ലക്ഷ്യം വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. അടുത്ത വർഷം, അവർ തങ്ങളുടെ വീട് വിറ്റ്, കിഴക്കുനിന്ന് യുഎസിന്റെ പടിഞ്ഞാറൻ തീരത്തേക്ക് വാഹനമോടിക്കാൻ തീരുമാനിച്ചു, ഇത്തവണ ഫ്രാങ്കിയെ സവാരിക്കായി കൊണ്ടുവന്നു.

മുൻപ് പടിഞ്ഞാറൻ നോർത്ത് കാരോലൈനയ്ക്കു ചുറ്റുമുള്ള ചെറിയ ക്യാംപിങ് യാത്രകൾക്ക് അവർ ഫ്രാങ്കിയെ കൊണ്ടുപോയിരുന്നുവെങ്കിലും ഒരിക്കലും ഒരു ദീർഘദൂര യാത്ര നടത്തിയിട്ടില്ല. ഫ്രാങ്കി യാത്രകൾ എത്രത്തോളം ആസ്വദിക്കുമെന്നു തങ്ങൾക്ക് ആദ്യം അറിയില്ലായിരുന്നുവെന്നും എന്നാൽ അവൻ ഒരു മികച്ച യാത്രാ സുഹൃത്താണിപ്പോൾ എന്നും കേറ്റ് പറഞ്ഞു.

ഫ്രാങ്കിക്ക് ഒറിഗോൺ തീരത്തോട് വളരെ ഇഷ്ടമാണന്നാണു കേറ്റ് പറയുന്നത്. കാരണം അവിടെ ചാടിക്കളിക്കാൻ പാറക്കെട്ടുകളും മലയിടുക്കുകളും ഉണ്ട്. മിഡ്‌വെസ്റ്റ്, മൊണ്ടാന, വ്യോമിങ്, ഐഡഹോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവർ ഒരുമിച്ച് യാത്ര ചെയ്തു. മരുഭൂമികൾ സന്ദർശിക്കാനാണ് ഈ യാത്രികർക്കു കൂടുതൽ ഇഷ്ടം. കാരണം പരന്ന ഭൂമിയായതിനാൽ അത് വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമാണ്. ലോകം കാണാൻ ഫ്രാങ്കി എന്ന ആട് ഇഷ്ടപ്പെടുന്നു, അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

English Summary:

The couple and their goat are touring the United States in an Airstream.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com