ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്
Mail This Article
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023 ല്‍ ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള സഞ്ചാരികളില്‍ 65 ശതമാനത്തിന്റെ വര്‍ധനവ്. കേപ് ടൗണില്‍ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളിലെ വിനോദ സഞ്ചാര മന്ത്രിമാരുടെ യോഗത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടൂറിസം മന്ത്രി പട്രീഷ്യ ഡി ലില്ലിയുടെ ഈ വെളിപ്പെടുത്തല്‍. ഒറ്റനോട്ടത്തില്‍ മികച്ച നേട്ടമെന്നു തോന്നുമെങ്കിലും ഇപ്പോഴും സഞ്ചാരികളുടെ എണ്ണം കോവിഡിന് മുൻപുള്ള നിലയിലേക്കെത്തിയിട്ടില്ല.
ദക്ഷിണാഫ്രിക്കന്‍ വിനോദ സഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നു സൂചിപ്പിച്ച പട്രീഷ്യ ബ്രിക്‌സ് അംഗരാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ദക്ഷിണാഫ്രിക്കക്ക് നിര്‍ണായകമാണെന്നും പറഞ്ഞു. ഈ വര്‍ഷം ആദ്യത്തെ എട്ടു മാസങ്ങള്‍ക്കകം 55 ലക്ഷം വിനോദ സഞ്ചാരികളാണ് ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചത്. മുന്‍ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ഇന്ത്യന്‍ സഞ്ചാരികളില്‍ 65 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രിക്‌സ് രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്കയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് റഷ്യയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചൈന (247%) വലിയ മുന്നേറ്റം നടത്തി. കൂട്ടത്തില്‍ ഏറ്റവും കുറവ് വര്‍ധന രേഖപ്പെടുത്തിയത് ബ്രസീലാണ് (41%). 2019 നെ അപേക്ഷിച്ച് ഇപ്പോഴും ബ്രസീല്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ദക്ഷിണാഫ്രിക്കയിലെ വിനോദസഞ്ചാര മേഖല മുന്നേറുകയാണെന്ന ആത്മവിശ്വാസവും പട്രീഷ്യ പ്രകടിപ്പിച്ചു.
ടൂറിസം മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ വര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യക്കായി ബ്രിക്‌സ് ടൂറിസം മിനിസ്റ്റേഴ്‌സ് മീറ്റിങില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകളെക്കുറിച്ചും വീസാ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ബ്രിക്‌സ് അംഗ രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന നിര്‍ദേശം വിനോദ സഞ്ചാര മന്ത്രിമാരുടെ യോഗത്തിനിടെ ഉയര്‍ന്നു.
ബ്രസീലില്‍ നിന്നും റഷ്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെത്തുന്ന സഞ്ചാരികള്‍ക്ക് 90 ദിവസം വരെ വീസയില്ലാതെ കഴിയാനാവും. ഇ വീസ സൗകര്യം ഇന്ത്യയും ചൈനയും അടക്കം 34 രാജ്യങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തെത്തുന്ന സഞ്ചാരികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍ ഉറപ്പു നല്‍കുന്നുണ്ട്.