ADVERTISEMENT

കുടുംബവുമൊത്തുള്ള യാത്രകളില്‍ ആസൂത്രണങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. ഏറ്റവും മനോഹരമായ ഓര്‍മകള്‍ യാത്രകളില്‍ സമ്മാനിക്കാന്‍ മികച്ച പ്ലാനിങുകള്‍ക്കു സാധിക്കും. എവിടെ പോകണം, എന്നു പോകണം, എത്ര സമയം ചെലവിടണം, എവിടെ താമസിക്കണം, ആകെ എത്ര പണം ചെലവാകും, ആകെ എത്ര ദിവസം വേണം, എങ്ങനെ പോകണം എന്നിങ്ങനെ യാത്രയ്ക്കു മുൻപ് തല പുകയ്ക്കേണ്ട വിഷയങ്ങള്‍ പലതുണ്ട്. 

കുടുംബത്തിന്റെ താല്‍പര്യം

മലകയറ്റവും കാടിനുള്ളിലെ യാത്രകളും ഫൊട്ടോഗ്രാഫിയുമൊക്കെ ഇഷ്ടപ്പെടുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ കുടുംബവുമൊത്തുള്ള യാത്രയില്‍ നിങ്ങള്‍ക്കൊപ്പമുള്ളവരുടെ ഇഷ്ടങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്. ചെറിയ കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ ഒരുപാട് നടക്കുന്നതും സാഹസങ്ങള്‍ക്കു പിന്നാലെ പോവുന്നതുമെല്ലാം അവര്‍ക്കു മടുപ്പുണ്ടാക്കാനിടയുണ്ട്. കുട്ടികളുടെ വിനോദങ്ങള്‍ക്കു കൂടി അവസരമുള്ള പാര്‍ക്കുകളോ അമ്യൂസ്‌മെന്റ് പാര്‍ക്കുകളോ യാത്രയിലുണ്ടാവുമെന്ന് ഉറപ്പിക്കുക. 

നഗരത്തിരക്കില്‍ കഴിയുന്നവരാണ് നിങ്ങളും കുടുംബവുമെങ്കില്‍ ഒരു തടാകത്തിലേക്കോ ഹില്‍സ്‌റ്റേഷനിലേക്കോ ഉള്ള യാത്രകള്‍ വ്യത്യസ്ത അനുഭവം സമ്മാനിക്കും. മ്യൂസിയവും വലിയ നിര്‍മിതികളും പുതിയ റസ്റ്ററന്റുകളുമെല്ലാം കാണണമെങ്കില്‍ നഗരങ്ങളിലെ യാത്രകളായിരിക്കും നല്ലത്. യാത്രയ്ക്കു വരുന്ന കുടുംബത്തിലെ ഓരോ അംഗങ്ങളും അവരുടെ ഇഷ്ടങ്ങളും കൂടി കണക്കിലെടുത്ത് എവിടെ പോകണമെന്നു തീരുമാനിക്കുന്നതാണ് ഉചിതം. 

Image Credit: Arisara_Tongdonnoi/istockphoto
Image Credit: Arisara_Tongdonnoi/istockphoto

ബജറ്റ്

നമ്മുടെ യാത്രയ്ക്കും ഒരു ബജറ്റ് ആവശ്യമാണ്. ചെലവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവുകയും അത് യാത്രയുടെ വേളയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നത് അനാവശ്യ ചെലവുകളെ ഒഴിവാക്കും. യാത്രയുടെ ഓരോ ഘട്ടങ്ങളും വേര്‍തിരിച്ചു കണ്ടുകൊണ്ട് ചെലവ് കണക്കുകൂട്ടാന്‍ ശ്രമിക്കണം. 

Photo : Ground Picture/ shutterstock
Photo : Ground Picture/ shutterstock

വിമാനത്തിലോ ട്രെയിനിലോ ആണ് പോകുന്നതെങ്കില്‍ അതിന്റെ ചെലവുകളും സ്വന്തം വാഹനത്തിലാണെങ്കില്‍ ഇന്ധന ചെലവും കണക്കു കൂട്ടണം. നിങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷമുള്ള യാത്രകളും ഏതു മാര്‍ഗത്തില്‍ എത്ര ചെലവു വരുന്നതാണെന്നു മനസ്സിലാക്കിയിരിക്കണം. താമസം എവിടെയാണെന്നതിനെക്കുറിച്ചും ധാരണ വേണം. അതിനു വേണ്ടി വരുന്ന ചെലവും നോക്കണം. ഹോട്ടല്‍ റൂമുകളാണ് ആദ്യം മനസ്സിലെത്തുകയെങ്കിലും കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോള്‍ അംഗങ്ങള്‍ കൂടുതലുണ്ടെങ്കില്‍ ഗസ്റ്റ് ഹൗസുകളും വീടുകളുമൊക്കെ വാടകയ്ക്കെടുക്കാവുന്ന സാധ്യതയും നോക്കാവുന്നതാണ്. 

Photo : Zigres/ shutterstock
Photo : Zigres/ shutterstock

യാത്രയില്‍ വരുന്ന ചെലവില്‍ മറ്റൊരു പ്രധാന ഘടകമാണ് ഭക്ഷണം. എവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നതും യാത്രയില്‍ പ്രധാനമാണ്. മോശം ഭക്ഷണത്തിന് യാത്രയുടെ മൊത്തം സന്തോഷവും കെടുത്താനാവും. നല്ല ഭക്ഷണം യാത്രയ്ക്കിടെ എങ്ങനെ ലഭിക്കുമെന്നും അതിന് എത്ര ചെലവു വരുമെന്നും കണക്കുകൂട്ടണം. സന്തോഷത്തിനായാണ് നമ്മളെല്ലാം യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടെയുള്ള വിനോദങ്ങള്‍ക്കും സമയവും പണവും കണ്ടെത്തണം. മ്യൂസിയങ്ങളുടേയും പാര്‍ക്കുകളുടെ സമയവും അവധിയും പ്രത്യേകം ഷോകളുണ്ടെങ്കില്‍ അവയുടെ സ്ഥലവും സമയവുമെല്ലാം അറിഞ്ഞിരിക്കണം. 

Image Credit : ProfessionalStudioImages/istockphoto.com
Image Credit : ProfessionalStudioImages/istockphoto.com

എപ്പോള്‍ പോകണം?

സാധാരണ കുടുംബ യാത്രകള്‍ വേനലവധിയിലാണ് സംഭവിക്കാറ്. എന്നാല്‍ എല്ലാ യാത്രകളും അങ്ങനെ തന്നെയാവണമെന്നുമില്ല. സ്‌കൂള്‍ അവധിയും കുടുംബത്തിന്റെ സൗകര്യവും ഒത്തുവരുന്ന സമയങ്ങളില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യാവുന്നതാണ്. ഒന്നോ രണ്ടോ ദിവസം നീളുന്ന യാത്രകള്‍ വലിയ അവധികളില്ലെങ്കില്‍ പോലും നടത്താനാവും.

Image Credit: lechatnoir/istockphoto
Image Credit: lechatnoir/istockphoto

നേരമില്ലാത്ത നേരത്ത് അപരിചിതമായ സ്ഥലങ്ങളിലെത്തി കുടുംബവുമൊത്തു താമസസ്ഥലം തിരഞ്ഞിറങ്ങുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് നേരത്തെ ബുക്കു ചെയ്യുന്നതാണ്. പ്രത്യേകിച്ച് സീസണ്‍ സമയത്ത് യാത്ര ചെയ്യുമ്പോള്‍. ട്രെയിന്‍, വിമാന ടിക്കറ്റുകളും നേരത്തെ ബുക്ക് ചെയ്യുന്നത് അവസാന മണിക്കൂറിലെ ആശങ്കകളെ ഇല്ലാതാക്കും. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏതൊരു യാത്രയേയും ഒരു പരിധി വരെ ടെന്‍ഷന്‍ഫ്രീയാക്കാന്‍ നമുക്കാവും.

English Summary:

Planning a family holiday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com