സോപ്പും ചീപ്പും മാത്രമല്ല ഹോട്ടലിൽ എത്തുന്നവർ അടിച്ചുമാറ്റുന്നത്; മോഷ്ടാക്കളിൽ അധികവും ഈ രാജ്യക്കാർ
Mail This Article
ശ്രീലങ്കയ്ക്ക് യാത്ര പോയപ്പോഴാണ് ആദ്യമായി ഹോട്ടലിൽ നിന്ന് ഒരു ‘അടിച്ചു മാറ്റൽ’ നടത്തിയത്. അത് മറ്റൊന്നുമായിരുന്നില്ല ഹോട്ടലുകാർ ഉപയോഗിക്കാൻ തന്ന സോപ്പ്, ബ്രഷ്, പേസ്റ്റ്, മുറിയിൽ ഉപയോഗിക്കാൻ നൽകിയ ചെരുപ്പ് എന്നിവ ആയിരുന്നു. അതിനു കാരണവും ഉണ്ടായിരുന്നു, നമുക്ക് ഉപയോഗിക്കാൻ തന്നതാണല്ലോ. അത് എടുക്കുന്നതിൽ പ്രശ്നമൊന്നുമില്ല. ഇപ്പോഴാണ് മനസ്സിലായത് നമ്മൾ ഒന്നും ചെയ്തത് ഒരു അടിച്ചു മാറ്റലേ അല്ല. ഫൈവ് സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളിൽ നിന്ന് സാധനങ്ങൾ അടിച്ചുമാറ്റുന്ന മറ്റു ചിലരെ വച്ചു നോക്കുമ്പോൾ നമ്മളൊക്കെ എന്ത് മാന്യരാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും ബ്രിട്ടീഷുകാരും ജർമൻകാരുമാണ് ഹോട്ടൽ മുറിയിൽ നിന്ന് സാധനങ്ങൾ അടിച്ചു മാറ്റുന്നതിൽ മുമ്പൻമാർ എന്നാണ് റിപ്പോട്ടുകൾ പറയുന്നത്. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ് ആരും അമ്പരന്നു പോകുന്ന മോഷണങ്ങൾ നടക്കുന്നത്.
സോപ്പ്, ചീപ്പ്, ഷാംപൂ തുടങ്ങിയ ടോയിലറ്ററികളാണ് അടിച്ചു മാറ്റപ്പെടുന്നതിൽ പ്രധാനം. എന്നാൽ, അവിടം കൊണ്ടു തീർന്നില്ല. പേനകളും ടവ്വലുകളും ഈ ഗണത്തിൽപ്പെട്ട മറ്റ് വസ്തുക്കളാണ്. കഴിഞ്ഞയിടെ ഹോട്ടൽ മാനേജർമാരുടെ ഒരു സർവേ നടത്തിയിരുന്നു. അതിലാണ് സ്റ്റാർ ഹോട്ടലുകൾക്ക് തലവേദനയാകുന്ന 'അതിഥിയുടെ മോഷണം' ഒരു തമാശയല്ലെന്ന് മനസ്സിലായത്. വെൽനസ് ഹെവൻ ആണ് ഏഷ്യയിലെയും യൂറോപ്പിലെയും ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ആഡംബര ഹോട്ടലുകളെ ഉൾപ്പെടുത്തി സർവേ നടത്തിയത്. സ്റ്റാർ മാറുന്നതിന് അനുസരിച്ച് മോഷ്ടിക്കപ്പെടുന്ന വസ്തുക്കൾക്കും മാറ്റമുണ്ട്. ഫോർ സ്റ്റാറിൽ നിന്ന് മോഷണം പോകുന്ന വസ്തുക്കൾ ആയിരിക്കില്ല ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് മോഷണം പോകുന്നത്.
ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്നത് ടവ്വലുകളും ബാത്ത്റോബുകളും
ഹോട്ടലുകളിൽ ഏറ്റവും അധികം മോഷണം പോകുന്നത് ടവ്വലുകളും ബാത്ത് റോബുകളുമാണ്. ഇത് രണ്ടും കഴിഞ്ഞാൽ ഹാംഗറുകൾ, പേനകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയാണ് ഏറ്റവും അധികം മോഷ്ടിക്കപ്പെടുന്നത്. എന്നാൽ, ചില അതിഥികൾ ഇതൊന്നുമല്ല ഇതിലും വലിയ അടിച്ചുമാറ്റലാണ് നടത്തുന്നത്. ബാത്ത് റൂമിൽ സ്ഥാപിച്ചിട്ടുള്ള ചില വസ്തുക്കളാണ് ഇത്തരക്കാർ ഇടംവലം നോക്കാതെ എടുത്തു കൊണ്ടു പോകുന്നത്. ഷവർ ഹെഡ്, ഹൈഡ്രോമസാജ് ഷവർ, ടോയിലെറ്റ് സീറ്റ്, സിങ്ക് തുടങ്ങി സാധാരണക്കാരൻ ചിന്തിക്കുക പോലും ചെയ്യാത്ത വസ്തുക്കളാണ് ചില അതിഥികൾ ഒരു മടിയുമില്ലാതെ അടിച്ചു മാറ്റുന്നത്.
മോഷ്ടാക്കളിൽ അധികവും ജർമൻ, ബ്രിട്ടീഷ് അതിഥികൾ
ഹോട്ടലുകളിൽ അതിഥികളായെത്തി താമസിച്ച് ഇത്തരത്തിലുള്ള അടിച്ചു മാറ്റൽ നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ജർമൻ, ബ്രിട്ടീഷ് ആളുകളാണ്. ബാത്ത് ടവ്വലുകളും ബാത്ത് റോബുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ടോയിലറ്ററികളും ആണ് ഇവർ കൂടുതലായും എടുക്കാറുള്ളതെന്നും സർവേയിൽ വെൽനസ് ഹെവൻ കണ്ടെത്തി. യു എസിൽ നിന്നുള്ള അതിഥികൾ തലയണകളും ബാറ്ററികളും ആണ് അടിച്ചുമാറ്റാൻ ഇഷ്ടപ്പെടുന്നത്. ഓസ്ട്രിയൻസിന് കോഫി മെഷിനോടാണ് താൽപര്യം. ഇറ്റാലിയൻ ആളുകൾ താമസിച്ച ഹോട്ടലിന്റെ ഓർമയ്ക്കായി കൊണ്ടു പോകുന്നത് വൈൻ ഗ്ലാസുകളാണ്. സ്വിസ് ആളുകൾക്ക് ഹെയർ ഡ്രയർ ആണ് താൽപര്യം. അതേസമയം, ഫ്രഞ്ചുകാർ ഇതു കൊണ്ടൊന്നും തൃപ്തിപ്പെടുന്നില്ല. ടിവി സെറ്റുകൾ, റിമോട്ട് കൺട്രോൾ എന്നിവയാണ് അവർക്ക് താൽപര്യം. ഡച്ചുകാരുടെ കാര്യം കുറച്ച് രസകരമാണ്. ലൈറ്റ് ബൾബുകളും ടോയിലറ്റ് പേപ്പറുകളുമാണ് അവരുടെ വീക്ക്നെസ്.
സർവേയിൽ പങ്കെടുത്തത് 740 ഫോർ സ്റ്റാർ ഹോട്ടലുകളും 636 ഫൈവ് സ്റ്റാർ ഹോട്ടലുകളുമാണ്. അതിഥികളുടെ വ്യത്യസ്ത തരത്തിലുള്ള സ്വഭാവം നിർണയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വെൽനസ് ഹെവൻ സർവേ നടത്തിയത്. ഫോർ സ്റ്റാർ ഹോട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ആറിരട്ടി ഫൈവ് സ്റ്റാർ ഹോട്ടലിൽ കൂടുതലാണെന്ന് വെൽനെസ് ഹെവൻ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ആഡംബര ഹോട്ടലുകളിൽ എത്തുന്നവരുടെ മറ്റൊരു ബലഹീനതയാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികൾ. അതു മാത്രമല്ല, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ടിവി സെറ്റുകൾ, കോഫി മേക്കേഴ്സ്, മെത്തകൾ എന്നിവയും മോഷണം പോകുന്നത് പതിവാണ്. യൂറോപ്പിൽ നിന്നുള്ള 1376 ഹോട്ടലുകളുടെ മാനേജ്മെന്റ് ആണ് സർവേയിൽ പങ്കെടുത്തത്.