വീസ ലാഭം, ന്യൂ ഇയറിന് മലേഷ്യയില്‍ പോകാം; കാണാന്‍ ആറ് സൂപ്പർ സ്ഥലങ്ങള്‍!
Mail This Article
ഇന്ത്യക്കാർക്ക് വീസ ഇല്ലാതെ പ്രവേശനം നല്‍കുമെന്ന് മലേഷ്യ ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഡിസംബർ 1 മുതൽ മലേഷ്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യയിലെയും ചൈനയിലെയും പൗരന്മാർക്ക് വീസ ആവശ്യമില്ല എന്നു മാത്രമല്ല 30 ദിവസം വരെ രാജ്യത്ത് തങ്ങുകയും ചെയ്യാം. വീസ ഫീയായി നല്‍കി വന്നിരുന്ന 3,799 രൂപ മാത്രമല്ല, വീസയ്ക്കായുള്ള നെട്ടോട്ടവും ഇതോടെ അവസാനിക്കും.
തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട രാജ്യങ്ങളില്‍ ഒന്നാണ് മലേഷ്യ. വളരെ മനോഹരവും അപൂര്‍വ്വവുമായ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്.
ലങ്കാവി
മലേഷ്യയിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ലങ്കാവി. മനോഹരമായ ബീച്ചുകളും വനപ്രദേശവുമെല്ലാം ലങ്കാവിയെ റൊമാന്റിക് യാത്രകള്‍ക്ക് അനുയോജ്യമാക്കുന്നു. പന്തായ് സെനാംഗ്, തെനാഗ്, തൻജംഗ് റു എന്നിങ്ങനെ സുന്ദരമായ ബീച്ചുകള്‍ ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കു സ്വകാര്യ ബോട്ട് വാടകയ്‌ക്ക് എടുത്തു ലങ്കാവിക്കു ചുറ്റുമുള്ള 99 ദ്വീപുകൾ സന്ദര്‍ശിക്കാം. സൂര്യസ്തമയ സമയത്തു ക്രൂയിസ് യാത്ര നടത്താം. ലങ്കാവി സ്കൈ ബ്രിജ് സ്ഥിതി ചെയ്യുന്ന ഗുനുങ് മാറ്റ് ചിൻചാങ് കൊടുമുടിയിലേക്കുള്ള കേബിള്‍ കാര്‍ യാത്രയും കിലിം കാർസ്റ്റ് ജിയോഫോറസ്റ്റ് പാർക്കുമെല്ലാം മറ്റു കാഴ്ചകളാണ്.
ദ്വീപിലേക്കു കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാനുള്ള ഗവൺമെന്‍റിന്‍റെ ശ്രമങ്ങളുടെ ഭാഗമായി, 1987 മുതൽ ലങ്കാവി ഡ്യൂട്ടി ഫ്രീയാണ് എന്നൊരു പ്രത്യേകതയുമുണ്ട്. നികുതിയില്ലാതെ സാധനങ്ങള്‍ വാങ്ങിക്കാം.
ക്വാലാലംപൂര്‍
മലേഷ്യയുടെ തലസ്ഥാനം മാത്രമല്ല, ഏഷ്യയുടെ ഭക്ഷണ തലസ്ഥാനം എന്നു ക്വാലാലംപൂരിനെ വിളിക്കാറുണ്ട്. തെരുവോരങ്ങളിലെ തട്ടുകടകള്‍ മുതല്‍ ലക്ഷ്വറി ഹോട്ടലുകള്‍ വരെ നീളുന്ന ചൈനീസ്, ഇന്ത്യന്‍, മലയ് രുചികളുടെ വൈവിധ്യം ആസ്വദിക്കാം. അംബരചുംബികളായ കെട്ടിടങ്ങളും മെഗാ ഷോപ്പിങ് മാളുകളും തിരക്കേറിയ മാർക്കറ്റുകളും വര്‍ണ്ണാഭമായ രാത്രിജീവിതവുമായി ഇന്ദ്രിയങ്ങള്‍ക്കു വിരുന്നൊരുക്കുന്ന മായാനഗരമാണിത്. ബുക്കിറ്റ് ബിൻതാങ്, കെഎൽസിസി, ചൈന ടൗൺ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സുവർണ്ണ ത്രികോണമാണ് നഗരത്തിന്‍റെ വിനോദകേന്ദ്രം, നൈറ്റ്ക്ലബ്ബുകൾ, ലോഞ്ചുകൾ, ബാറുകൾ എന്നിങ്ങനെ അടിച്ചുപൊളിക്കാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. കൂടാതെ, 452 മീറ്റര്‍ ഉയരമുള്ള 'പെട്രോണാസ് ട്വിന്‍ ടവേഴ്സ്' ഏറെ പ്രശസ്തമാണ്. ക്വാലാലംപൂര്‍ റെയില്‍വേ സ്റ്റേഷന്‍ പോലെയുള്ള പുരാതന നിര്‍മ്മിതികളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
പെനാങ് സ്നേക്ക് ടെമ്പിൾ
മലേഷ്യയിലെ ബയാൻ ലെപാസിലുള്ള സുംഗൈ ക്ലുവാങ് വിമാനത്താവളത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് പെനാങ് സ്നേക്ക് ടെമ്പിൾ. ഭയവും ഭക്തിയും നിഗൂഢതയും ഇടകലരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം. ഔദ്യോഗികമായി ഹോക്ക് ഹിൻ കിയോങ്, ചെങ് ഹൂൻ ജിയാം എന്നെല്ലാമാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. സോങ് രാജവംശത്തിന്‍റെ (960-1279) കാലത്ത് ചൈനയിൽ ജനിച്ച ബുദ്ധ സന്യാസിയും രോഗശാന്തിക്കാരനുമായിരുന്ന ക്വിംഗ്ഷൂയി അഥവാ ചോർ സൂ കോങ്ങിന്‍റെ ബഹുമാനാര്‍ഥമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പേരുപോലെത്തന്നെ നിറയെ പാമ്പുകളാണ് ഇവിടെയെങ്ങും. വർഷംതോറും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു.
കോട്ട കിനബാലു
ബോർണിയോയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് ദക്ഷിണ ചൈനാ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നഗരമാണിത്. നഗരത്തിനു കിഴക്കുഭാഗത്തായി കിനബാലു പർവ്വതം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ഭാഗത്താവട്ടെ, അഞ്ചു ദ്വീപുകളുടെ കൂട്ടമായ തുങ്കു അബ്ദുൾ റഹ്മാൻ നാഷണൽ പാർക്കുണ്ട്. നഗരത്തിനുള്ളിലും പുറത്തുമായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. കിഴക്കൻ മലേഷ്യയിലെ പ്രധാന വ്യാവസായിക വാണിജ്യ കേന്ദ്രങ്ങളിലൊന്നു കൂടിയാണ് ഇവിടം.
പെക്കൻ
മലേഷ്യയുടെ രാജകീയ തലസ്ഥാനമാണ് പെക്കന്‍ എന്ന പട്ടണം. പഹാങ്ങ് സംസ്ഥാനത്തെ സുൽത്താൻ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള രാജകുടുംബത്തിന്‍റെ വീടാണിവിടം. മലായ് സംസ്കാരത്തില്‍ വളരെ പ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സുൽത്താൻ അബൂബക്കർ മ്യൂസിയം, തടി കൊണ്ട് നിര്‍മ്മിച്ച ചീഫ്സ് റെസ്റ്റ് ഹൗസ്, സുൽത്താൻ അബൂബക്കർ പാലസ്, സുൽത്താൻ ഹാജി അഹമ്മദ് ഷാ മോസ്‌ക് , റോയൽ മസോളിയം, കൊട്ടാരത്തിന് സമീപമുള്ള റോയൽ പഹാങ് പോളോ ഫീൽഡ്, റോയൽ പെക്കൻ ഗോൾഫ് ക്ലബ് തുടങ്ങി ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്.
പെക്കനിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ മലേഷ്യയിലെ ഏറ്റവും വലിയ തടാകമായ ചിനി തടാകത്തിലെത്താം. റസ്റ്ററന്റ്, ജംഗിൾ ട്രക്കിങ് പാതകൾ, ബോട്ട് സ്റ്റേഷൻ എന്നിവയുള്ള ഒരു റിസോർട്ട് ഇവിടെയുണ്ട്. ഇവിടെ സഞ്ചാരികള്‍ക്ക് ബോട്ട് യാത്രയും നടത്താം.
ബട്ടു ഗുഹകൾ
മലേഷ്യയിലെ സെലാങ്കറിൽ സ്ഥിതിചെയ്യുന്ന നാനൂറു ദശലക്ഷം വർഷം പഴക്കമുള്ള ചുണ്ണാമ്പുഗുഹകളാണ് ബട്ടു ഗുഹകൾ. ഇന്ത്യയ്ക്കു പുറത്തു സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ ഹിന്ദു ആരാധനാലയങ്ങളിൽ ഒന്നാണ് ഇവിടം. പുരാണങ്ങള്‍ അനുസരിച്ച്, മുരുകൻ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്ന പത്താമത്തെ ഗുഹയാണ് ബട്ടു ഗുഹ. 1890 ൽ തമ്പുസാമി പിള്ളൈ എന്ന ധനികനായ തമിഴ് വംശജനാണ് മുരുകനെ ഈ ഗുഹയിൽ പ്രതിഷ്ഠിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ ബട്ടു ഗുഹകൾക്കു പുറത്തു സ്ഥിതിചെയ്യുന്നു, 42.7 മീറ്റർ ആണ് ഇതിന്‍റെ ഉയരം. ഏകദേശം 24 ദശലക്ഷം രൂപ വില വരുന്ന ഈ പ്രതിമ അയൽ രാജ്യമായ തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്നതാണ്.
ഗോംബാക്ക് ജില്ലയിൽ ക്വാലാലംപൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ വടക്കായാണ് ബട്ടു ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പുരാണ പ്രാധാന്യമുള്ള വേറെയും വിഗ്രഹങ്ങളുണ്ട് ഇവിടെ. സഞ്ചാരികൾക്കായി ഓഡിയോ ടൂറും ലഭ്യമാണ്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ 3 ദിവസത്തെ ഘോഷയാത്രയോടെ നടക്കുന്ന തൈപ്പൂയം ഉത്സവസമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്.