ചുവപ്പു നിറത്തിലുള്ള അപൂര്‍വ ധ്രുവദീപ്തി ലഡാക്കിലും

Mail This Article
ധ്രുവപ്രദേശങ്ങളില്‍ മാത്രമല്ല ഇന്ത്യയിലും ധ്രുവദീപ്തി കാണാനാവുമെന്ന് ലഡാക്ക് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ ലഡാക്കിലെ ഹാന്‍ലേയിലേയും മെറകിലേയും വാനനിരീക്ഷണ കേന്ദ്രങ്ങള്‍ ചുവപ്പു നിറത്തിലുള്ള ധ്രുവദീപ്തിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തിരിക്കുന്നു. നവംബറിന്റെ തുടക്കത്തില്‍ രാത്രിദൃശ്യങ്ങള്‍ക്കിടെയാണ് അപൂര്‍വമായ ചുവപ്പു ധ്രുവദീപ്തി ദൃശ്യമായത്.
ഇതേ ദിവസങ്ങളില്‍ തന്നെ യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആകാശം ചുവപ്പു നിറത്തിലായതും വാര്‍ത്തയായിരുന്നു. ബള്‍ഗേറിയ, റഷ്യ, യുക്രെയ്ന്‍, സൈബീരിയ, റൊമാനിയ, ഹംഗറി, ചെക് റിപ്പബ്ലിക്, പോളണ്ട് എന്നിങ്ങനെയുള്ള രാജ്യങ്ങളിലും യൂറാല്‍ പര്‍വത പ്രദേശങ്ങളിലുമാണ് ചുവപ്പു ധ്രുവദീപ്തി കണ്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയില്‍ നിന്നും ചുവപ്പു നിറത്തിലുള്ള ധ്രുവദീപ്തി ദൃശ്യമായിരിക്കുന്നത്.
സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ വെച്ച് വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ഫോട്ടോണുകളെ പുറത്തുവിടുമ്പോഴാണ് ധ്രുവദീപ്തി ദൃശ്യമാവുന്നത്. പ്രധാനമായും ധ്രുവപ്രദേശങ്ങളിലും അതിനോടു ചേര്‍ന്നുള്ള ഭാഗങ്ങളിലുമാണ് കണ്ടുവരുന്നത്. സൗര കണികകള്‍ കൂട്ടിയിടിക്കുന്ന വാതക തന്മാത്രകള്‍ക്കനുസരിച്ചാണ് ധ്രുവദീപ്തിയുടെ നിറം തീരുമാനിക്കപ്പെടുക.
നമ്മുടെ ഹാന്‍ലേ വാനനിരീക്ഷണ കേന്ദ്രത്തിന്റെ വടക്കു ഭാഗത്തു നിന്നാണ് ചുവപ്പുരാശിയുള്ള ധ്രുവദീപ്തി കണ്ടത്. നവംബര്‍ അഞ്ചിന് രാത്രി പത്തു മണി മുതല്‍ പാതിരാത്രി വരെ ഈ ചുവപ്പു നിറം ദൃശ്യമായെന്നാണ് ഹാന്‍ലെ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോര്‍ജെ ആങ്ചുക് പ്രതികരിച്ചത്. ഈ വര്‍ഷം രണ്ടാം തവണയാണ് ധ്രുവദീപ്തി ഹാന്‍ലെ വാന നിരീക്ഷണ കേന്ദ്രം ചിത്രീകരിക്കുന്നത്. നേരത്തെ ഏപ്രില്‍ 23ലും ഹാന്‍ലെയില്‍ ധ്രുവദീപ്തി ചിത്രീകരിച്ചിരുന്നു.
പതിനൊന്നു വര്‍ഷങ്ങളുടെ ഇടവേളയില്‍ സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളുടെ അളവ് കൂടി വരാറുണ്ട്. നിലവില്‍ സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളുടെ വരവ് കുറവാണെങ്കിലും സൂര്യ ചക്രത്തിന് അനുസരിച്ച് ഇത് വര്‍ധിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ധ്രുവദീപ്തിയുടെ ദൃശ്യങ്ങള്‍ ഹാന്‍ലേയില്‍ അടക്കം ദൃശ്യമാവും. 2025ല്‍ ഇത് പരമാവധിയിലെത്തും. പിന്നീട് കുറച്ചു വര്‍ഷങ്ങളില്‍ സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളുടെ വരവ് കുറയും.
ഇന്ത്യയിലെ ഏക ഡാര്‍ക് സ്‌കൈ റിസര്‍വ് കൂടിയാണ് ഹാന്‍ലേ. ഇവിടെയുള്ള ഇന്ത്യന്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രത്തിലെ 360 ഡിഗ്രി ക്യാമറയാണ് ധ്രുവദീപ്തിയുടെ അടക്കമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 4,500 മീറ്റര്‍(ഏകദേശം 14,764 അടി) ഉയരത്തിലുള്ള ഈ വാന നിരീക്ഷണ കേന്ദ്രം ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ളതാണ്. സിന്ധുവിന്റെ പോഷക നദിയായ ഹാന്‍ലെയുടെ തീരത്തുള്ള അതേ പേരിലുള്ള ഗ്രാമത്തിലാണ് ഇന്ത്യയുടെ അഭിമാനമായ ഈ വാന നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ ഏറ്റവും ഉയരത്തിലുള്ള ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയും ഇന്‍ഫാറെഡ് ദൂരദര്‍ശിനിയും ഇവിടെയാണുള്ളത്.