ADVERTISEMENT

യുദ്ധം എന്നും എപ്പോഴും എല്ലാകാലത്തും ഹനിച്ചിട്ടുള്ളത് സമാധാനവും സന്തോഷവുമാണ്. കാരണം, യുദ്ധത്തിൽ മരണപ്പെടുന്നവർ മാത്രമാണ് ആ യുദ്ധത്തിന്റെ അവസാനം കാണുന്നത് എന്നതു തന്നെ. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ - ഹമാസ് യുദ്ധം തല്ലിക്കെടുത്തിയത് എത്രയോ പേരുടെ ജീവിത സ്വപ്നങ്ങളായിരുന്നു. ആയിരങ്ങളാണ് യുദ്ധഭൂമിയിൽ മരിച്ചു വീണത്. സ്വപ്നം കണ്ടു തുടങ്ങുന്നതിന് മുമ്പേ ആയിരക്കണക്കിന് കുഞ്ഞുങ്ങളും ഈ യുദ്ധത്തിന്റെ ഇരകളായി. ഏതായാലും യുദ്ധം അവിടങ്ങളിലുള്ള മനുഷ്യരെ മാത്രമല്ല ബാധിച്ചത്. സമീപരാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയെയും യുദ്ധം ബാധിച്ചു.

Jordan Travel. Image Credit : Anastasiia Shavshyna/istockphoto
Jordan Travel. Image Credit : Anastasiia Shavshyna/istockphoto

അയൽരാജ്യങ്ങളായ ഈജിപ്തിലെയും ജോർദാനിലെയും വിനോദസഞ്ചാരമേഖലയെ കാര്യമായി തന്നെ ഇസ്രയേൽ - ഹമാസ് യുദ്ധം ബാധിച്ചു. ഇവിടങ്ങളിലേക്കുള്ള ടൂറുകളും ക്രൂയിസുകളും ബുക്ക് ചെയ്ത വിനോദസഞ്ചാരികൾ അത് റദ്ദു ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിലാണ് ഈ വിഷയം ഉയർന്നു വന്നത്. ബുക്കിങ് കുത്തനെ ഇടിഞ്ഞെന്നു മാത്രമല്ല അടുത്ത വ‌ർഷമാദ്യത്തേക്കു മുൻകൂർ ബുക്ക് ചെയ്തിരുന്ന ടൂറുകളും മറ്റും സഞ്ചാരികൾ റദ്ദു ചെയ്യുകയും ചെയ്തു.

റദ്ദാക്കലുകൾ തുടരുന്നെന്ന് ക്രൂയിസ് കമ്പനി മേധാവി

2024 വർഷത്തിന്റെ ആദ്യപാദത്തിലെ നിരവധി ബുക്കിങുകളാണ് ഇപ്പോൾ തന്നെ റദ്ദു ചെയ്തിരിക്കുന്നത്. ഇത് വിനോദസഞ്ചാര മേഖലയെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടേറിയതാണെന്നു ചാർട്ടേഡ് നൈൽ റിവർ ക്രൂയിസുകൾ കൈകാര്യം ചെയ്യുന്ന അവലോൺ വാട്ടർവേയ്സിന്റെ പ്രസിഡന്റ് പമേല ഹോഫി പറഞ്ഞു. 2024 ന്റെ ആദ്യപകുതിയിൽ പകുതിയോളം അതിഥികൾ ഇതുവരെ ബുക്കിംഗുകൾ റദ്ദ് ചെയ്തതായി അവ‍ർ പറഞ്ഞു. അതിനു ശേഷമുള്ള ബുക്കിങുകൾ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ബാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ യാത്രകൾ റദ്ദു ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് അവരുടെ ഡെപ്പോസിറ്റ് തുകയായ 250 ഡോളർ നഷ്ടപ്പെടും. എന്നാൽ, ഈ നഷ്ടമൊന്നും കണക്കാക്കാതെ തന്നെയാണ് യുദ്ധഭൂമിയുടെ സമീപത്തുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾ വിനോദസഞ്ചാരികൾ റദ്ദു ചെയ്യുന്നത്. അതേസമയം, മുഴുവൻ തുകയും അടയ്ക്കാത്തവരെ സംബന്ധിച്ച് ഇതൊരു വലിയ നഷ്ടമല്ലെന്നും അധികൃതർ അറിയിച്ചു. ട്രാവൽ ഇൻഷുറൻസ് എടുത്തവർക്കും ഈ നഷ്ടം ബാധകമല്ല. 

Jordan Travel .Image Credit : minoandriani/istockphoto
Jordan Travel .Image Credit : minoandriani/istockphoto

യുദ്ധം ടൂറിസം മേഖലയിലെ ബുക്കിങുകളെ മാത്രമല്ല തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിപ്പിച്ചിട്ടുണ്ട്. കാരണം, ആളുകൾ ഭീകരാക്രമണത്തെ ഭയന്നു തുടങ്ങിയിരിക്കുന്നു. ഭീകരാക്രമണവും യുദ്ധവും ഉണ്ടായ രാജ്യങ്ങളേക്കാൾ അതിന് സമീപമുള്ള രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ആളുകൾക്ക് ഭയമായി തുടങ്ങിയിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സർവേ അനുസരിച്ച് സഞ്ചാരികളുടെ മൂന്നാമത്തെ ഏറ്റവും വലിയ ആശങ്കയായി മാറിയിരിക്കുകയാണ് ഭീകരവാദം. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഭീകരവാദം ഇത്തരം ആശങ്കകളിൽ ഏറ്റവും താഴെ ആയിരുന്നു. സാമ്പത്തിക അനിശ്ചിതത്വവും ജീവിതച്ചെലവ് വർദ്ധനവുമാണ് സഞ്ചാരികൾക്ക് ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തുന്ന ആദ്യത്തെ രണ്ട് കാര്യങ്ങൾ.

ഈജിപ്തിലും ജോർദാനിലും സഞ്ചാരികളെ കാത്തിരിക്കുന്നത്

പിരമിഡുകളാണ് ഈജിപ്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന്. ഗ്രേറ്റ് സ്ഫിൻക്സും ലക്സർ ടെമ്പിളും വാലി ഓഫ് കിങ്സും ഗിസയിലെ പിരമിഡും തുടങ്ങി നിരവധി സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. എങ്കിലും ഭീകരാക്രമണത്തിന്റെ നിഴലിൽ ഒരു ഇടത്തേക്കു പോകാൻ സഞ്ചാരികൾ മടിച്ചു നിൽക്കുന്നു എന്നാണ് സമീപകാല സാഹചര്യങ്ങൾ കാണിക്കുന്നത്. ചാവു കടലും ക്രിസ്തു ജ്ഞാനസ്നാനം സ്വീകരിച്ച സ്ഥലവും മൗണ്ട് നെബോയും തുടങ്ങി നിരവധി സ്ഥലങ്ങളാണ് ജോർദാനിലും സഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ, ഇസ്രയേൽ - ഗാസ സംഘർഷം ഒന്നു കെട്ടടങ്ങിയിട്ട് സമീപരാജ്യങ്ങളിലേക്കു യാത്ര പോകാം എന്നു കരുതുകയാണ് സഞ്ചാരികൾ.

2024 ന്റെ ആദ്യപകുതിക്ക് ശേഷം ഈ മേഖലയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ വർദ്ധിക്കുമെന്നു തന്നെയാണ് ടൂർ കമ്പനികൾ പ്രതീക്ഷിക്കുന്നത്. യുദ്ധവും ഭീകരവാദ പ്രവർത്തനങ്ങളും വിനോദസഞ്ചാര മേഖലയെ ബാധിക്കുമ്പോൾ ആ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി സാധാരണക്കാർ കൂടിയാണ് ദുരിതത്തിലാകുന്നത്. സഞ്ചാരികൾക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന സുവനീറുകളും കരുതി വച്ചിരിക്കുന്ന കര കൗശല വസ്തുക്കളും വസ്ത്രങ്ങളും ഒക്കെ വാങ്ങാൻ ആളില്ലാതെ വരുമ്പോൾ പ്രതിസന്ധിയിലായി പോകുന്ന ഒരു വലിയ ജനവിഭാഗം തന്നെയുണ്ട്. അതിന് മാറ്റമുണ്ടാകണമെങ്കിൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് വിനോദസഞ്ചാര മേഖല ശക്തമാകണം. 

English Summary:

The Israel-Hamas war has negatively impacted tourism in Egypt and Jordan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com