ഹിമാചല്‍ പ്രദേശ്, ഏറ്റവും കുറഞ്ഞ ചെലവില്‍ മഞ്ഞുവീഴുന്നതു കാണാൻ പോകാം
Mail This Article
ഹിമാചല്‍ എന്നാല്‍ 'മഞ്ഞുമല' എന്നാണ് അര്‍ഥം. ഈ വര്‍ഷത്തെ മഞ്ഞു വീഴ്ച ഹിമാചലില്‍ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ പേരിനൊത്ത രൂപത്തിലേക്ക് ഹിമാചല്‍പ്രദേശിലെ പല ഭാഗങ്ങളും മാറുകയാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ മഞ്ഞുകാണാന്‍ പോവാന്‍ പറ്റിയ നാടു കൂടിയാണ് ഹിമാചല്‍ പ്രദേശ്. മഞ്ഞും മലകളും ആസ്വദിക്കാന്‍ പറ്റിയ ഹിമാചല്‍പ്രദേശിലെ അത്രമേല്‍ പ്രസിദ്ധമല്ലെങ്കിലും നിരവധി സവിശേഷതകളുള്ള സ്ഥലങ്ങളെ അറിയാം.
കിന്നോര്‍
ഹിമാചല്‍ പ്രദേശിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള കിന്നോര്‍ മഞ്ഞ് ആസ്വദിക്കാന്‍ പറ്റിയ നാടാണ്. ഈ വര്‍ഷത്തെ ആദ്യ മഞ്ഞു വീഴ്ച തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് കിന്നോര്‍. മഞ്ഞില്‍ വെള്ളപുതച്ചുകിടക്കുന്ന താഴ്‌വരകളും മലകളുമുണ്ടിവിടെ. ഓർക്കിഡുകള്‍ക്കും പൗരാണിക സന്ന്യാസിമഠങ്ങള്‍ക്കും നാട്ടുകാരുടെ ഊഷ്മള സ്വീകരണത്തിനും പേരുകേട്ട നാടാണിത്. സഞ്ചാരികള്‍ക്കിടയില്‍ അത്രമേല്‍ പ്രസിദ്ധമല്ലാത്ത ഹിമാചലിലെ ജില്ലയായ കിന്നോറിലേക്കുള്ള മഞ്ഞ് ആസ്വദിക്കാനുളള യാത്ര വ്യത്യസ്ത അനുഭവമായിരിക്കും.
ലാഹോള്‍ സ്പിതി
വിനോദ സഞ്ചാരത്തിനൊപ്പം മഞ്ഞു പുതച്ച മലനിരകളും തെളിനീരു പോലെ ജലമുള്ള തടാകങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ലാഹോള്‍ സ്പിതി നിങ്ങള്‍ക്കു യോജിച്ച സ്ഥലമാണ്. നേരത്തെ രണ്ടു ജില്ലകളായിരുന്ന ലാഹോളും സ്പിതിയും ഇന്ന് ഒരൊറ്റ ജില്ലയാണ്. ഹിമാലത്തിലെ ഉയരത്തിലുള്ള ചുരങ്ങളും പൗരാണിക ബൗദ്ധ സന്ന്യാസി മഠങ്ങളും ഇവിടെയുണ്ട്. ഈ ഭൂമിയില്‍ തന്നെയോ? എന്നു തോന്നിപ്പിക്കും വിധമുള്ള മനോഹരവും വ്യത്യസ്തവുമായ പ്രകൃതിയാണിവിടുത്തെ സവിശേഷത.
കുളു
മഞ്ഞില്ലാത്ത സമയത്ത് മണാലിയിലേക്കുള്ള പാതയിലെ ചെറു ടൗണ്‍ മാത്രമായ കുളു മഞ്ഞു പെയ്യുന്നതോടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രമായി മാറുന്നു. ചുറ്റും ഹിമാലയവും ബിയാസ് നദിയുമെല്ലാം ചേര്‍ന്നു കുളുവിനെ ലക്ഷണമൊത്ത ഹിമാലയ നഗരമാക്കി മാറ്റുന്നുണ്ട്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കും കുളുവില്‍ തന്നെ.
മാണ്ടി
രാജ്യാന്തര ശിവരാത്രി മേളയുടെ പേരിലും പൗരാണിക ക്ഷേത്രങ്ങളുടെ പേരിലും പ്രസിദ്ധമായ നാട്. ഹിമാചല്‍ പ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നും മാണ്ടി അറിയപ്പെടാറുണ്ട്. മഞ്ഞിനൊപ്പം പരമ്പരാഗത ഹിമാലയന്‍ പട്ടണം കാണണമെങ്കില്‍ മാണ്ടിയിലേക്കു പോവാം. മഞ്ഞു പരലുകള്‍ ആകാശത്തു നിന്നു വീഴുമ്പോള്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിര്‍മിതികള്‍ക്കരികെ നില്‍ക്കുന്നതു പോലും ജീവിതത്തിലെ സവിശേഷ അനുഭവമായി മാറിയേക്കാം.
കാന്‍ഗ്ര
ഹിമാലയത്തിലെ ഏറ്റവും വലിയതും ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ളതുമെന്നും കരുതപ്പെടുന്ന കോട്ട കാന്‍ഗ്രയിലാണ്, കാന്‍ഗ്ര കോട്ട. മസ്‌റൂരിലെ ശിലാക്ഷേത്രം, കാന്‍ഗ്ര കോട്ടയിലെ അംബിക മാത ക്ഷേത്രം എന്നിവയും ഇവിടെ തന്നെ. തേയില തോട്ടങ്ങളില്‍ മഞ്ഞു പെയ്യുന്ന കാഴ്ച്ചയും ഇവിടെ വന്നാല്‍ കാണാനാവും. മൂവായിരത്തിലേറെ വര്‍ഷങ്ങളുടെ അവശേഷിപ്പുകലുള്ള നാട്ടിലേക്ക് ഒരു യാത്ര, അതും മഞ്ഞു പെയ്യുമ്പോള്‍... അങ്ങനെയൊരു സവിശേഷ പാക്കേജാണ് കാന്‍ഗ്ര നല്‍കുന്നത്.