ADVERTISEMENT

കൂൾ.. കൂൾ... ആയി യാത്ര ചെയ്യാൻ കൊതിക്കുന്നവരാണ് നമ്മൾ എല്ലാവരും. കാരണം, യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ യാത്രയുടെ മുഴുവൻ രസത്തെയും അത് നശിപ്പിക്കും. രാജ്യാന്തര യാത്രകൾ ആണെങ്കിൽ ഒപ്പം കൊണ്ടു പോകുന്ന ലഗേജുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിമാനയാത്രയ്ക്കിടയിൽ ലഗേജുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ എന്തു ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ടെൻഷനും സമ്മർദ്ദവും കൂട്ടി യാത്രയുടെ രസം ഒരിക്കലും കളയരുത്. ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

Image Credit : nicoletaionescu/istockphoto
Image Credit : nicoletaionescu/istockphoto

വിമാനയാത്രയിൽ കൂടുതൽ ലഗേജുകളും യാതൊരുവിധ കേടുപാടുകളും ഇല്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. എന്നാൽ, ചില സമയങ്ങളിൽ ലഗേജുകൾക്കു കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, വിമാന യാത്രയ്ക്കിടയിൽ ലഗേജിന്  കേടുപാട് പറ്റിയാൽ എന്ത് ചെയ്യണം എന്ന കാര്യം അറിഞ്ഞിരിക്കണം. ലഗേജ് കീറിയതായി കാണപ്പെടുക, പൊട്ടിപ്പോവുക, മറ്റ് എന്തെങ്കിലും തകരാർ സംഭവിക്കുക ഇവയെല്ലാം ലഗേജിന് കേടുപാടുകൾ സംഭവിച്ചു എന്ന വിഷയത്തിൽ  വരുന്ന കാര്യങ്ങളാണ്. അതേസമയം, ലഗേജിൽ വിലപിടിപ്പുള്ള വസ്തുക്കൾ, പണം, ആഭരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ കരുതരുതെന്നു മിക്ക എയർലൈനുകളും അവരുടെ നിർദ്ദേശത്തിൽ പറയാറുണ്ട്. എങ്കിലും ലഗേജിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ചെയ്യേണ്ടത് ഇവയൊക്കെയാണ്.

Image Credit: NeoPhoto/istockphoto
Image Credit: NeoPhoto/istockphoto

ലഗേജിന് കേടുപാടുകൾ സംഭവിച്ചാൽ എയർലൈനിന് ഉത്തരവാദിത്തമുണ്ട്

നിങ്ങളുടെ ലഗേജിന് കേടുപാടുകൾ സംഭവിച്ചാൽ അക്കാര്യത്തിൽ എയർലൈനിന് ഉത്തരവാദിത്തമുണ്ട്. എയർലൈനിന് നിയന്ത്രണത്തിലായിരിക്കുമ്പോൾ ലഗേജിന് കേടുപാടുകൾ സംഭവിച്ചിൽ യാത്രക്കാർക്ക് തക്കതായ നഷ്ടപരിഹാരം നൽകാൻ എയർലൈൻ ബാധ്യസ്ഥമാണ്. കൂടാതെ, എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് നന്നാക്കി കൊടുക്കേണ്ട ഉത്തരവാദിത്തവും എയർലൈനിനുണ്ട്. അതേസമയം, ബാഗിന്റെ കേടുപാടുകൾ നേരത്തെ ഉണ്ടായിരുന്നതാണെങ്കിലും തെറ്റായ  പാക്കിങ് മൂലം സംഭവിച്ച കേടുപാടുകൾ ആണെങ്കിലും അതിന് എയർലൈൻ ഉത്തരവാദി ആയിരിക്കില്ല. ലഗേജ് ബാഗിന്റെ സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ കഴിയാത്ത വിധത്തിലുള്ളതാണെങ്കിൽ അതിന്റെ നഷ്ടപരിഹാരം യാത്രക്കാർക്ക് നൽകാൻ എയർലൈൻ ബാധ്യസ്ഥമായിരിക്കും.

നഷ്ടപരിഹാരം കേടുപാട് സംഭവിച്ച എല്ലാ വസ്തുക്കൾക്കും ലഭിക്കില്ല

ചില വസ്തുക്കൾ ലഗേജിൽ ഉൾപ്പെടുത്തരുതെന്ന് എയർലൈനുകൾ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരം വസ്തുക്കൾ ലഗേജിൽ ഉൾക്കൊള്ളിക്കുകയും അതിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്താൽ അത്തരം വസ്തുക്കൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ഇലക്ട്രോണിക് സാധനങ്ങൾ, പണം, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ എന്നിവയെല്ലാം അവയിൽ ഉൾപ്പെടുന്നു.  അതേസമയം, രാജ്യാന്തര യാത്രകളിൽ ഉൾപ്പെടെ ഇത്തരം വസ്തുക്കൾ ലഗേജിൽ ഉൾപ്പെടുത്താൻ അനുമതി നൽകുന്നുണ്ടെങ്കിൽ, കേടുപാടുകൾ സംഭവിക്കുന്ന പക്ഷം എയർലൈനുകൾ നഷ്ടപരിഹാരം നൽകേണ്ടതാണ്. വില കൂടിയ വസ്തുക്കൾ ഇൻഷുർ ചെയ്യുന്നതും യാത്രക്കാർക്ക് ഉപകരിക്കും. ലഗേജ് ബാഗിന്റെ വീലുകൾ, ഹാൻഡിലുകൾ, സ്ട്രാപ്പുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ എയർലൈനുകൾക്ക് കഴിയില്ല.

ലാൻഡ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പരാതിപ്പെടണം

വിമാനയാത്രയ്ക്ക് പിന്നാലെ ലഗേജിന് കേടുപാടുകൾ സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ പരാതി നൽകിയിരിക്കണം. ആഭ്യന്തര വിമാനം ലാൻഡ് ചെയ്ത് 24 മണിക്കൂറിനുള്ളിലും രാജ്യാന്തര വിമാനമാണെങ്കിൽ ലാൻഡ് ചെയ്ത് ഏഴു ദിവസത്തിനുള്ളിലും പരാതി രജിസ്റ്റർ ചെയ്തിരിക്കണം. പരാതി നൽകുമ്പോൾ പരമാവധി കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. യാത്രയ്ക്ക് മുമ്പും യാത്രയ്ക്ക് ശേഷവും എടുത്ത ലഗേജിന്റെ ചിത്രങ്ങൾ വളരെയധികം ഗുണം ചെയ്യും. 

English Summary:

What to do if an airline damages your checked luggage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com