ADVERTISEMENT

സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന കൊല്ലത്തേക്ക് ഒരു യാത്ര പോയാൽ എന്തൊക്കെ കാണാം, മനം നിറയ്ക്കുന്ന ടൂറിസം സ്പോട്ടുകൾ ഇതാ. ബീച്ച്‌ പ്രേമികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ് കൊല്ലം ബീച്ച്‌. നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നു രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ മനോഹരമായ ബീച്ച്. കൊല്ലത്തെ ഏറ്റവും പ്രസിദ്ധമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. സായാഹ്നങ്ങളില്‍ ബീച്ചില്‍ തിരക്കൊഴിയില്ല. അവധിദിവസങ്ങളില്‍ കുട്ടികളുമായെത്തുന്ന കുടുംബങ്ങളും സുഹൃത്തുക്കളുടെ സംഘവുമെല്ലാം ബീച്ചിലെ വര്‍ണക്കാഴ്ചകളാണ്.

Kollam-beach
കൊല്ലം ബീച്ച്. ചിത്രം : അരവിന്ദ് ബാല

മറ്റു പ്രധാന ആകര്‍ഷണങ്ങൾ ഡച്ച് ക്വയിലോൺ, തിരുമുല്ലവാരം ബീച്ച്, കൊല്ലം ബീച്ച്, പാലരുവി വെള്ളച്ചാട്ടം, പറവൂർ, പുനലൂർ, തെന്മല, മയ്യനാട്, മാൻ പാർക്ക്, തേവള്ളി കൊട്ടാരം, ബ്രിട്ടിഷ് റസിഡൻസി, ചവറ, ജടായുപാറ, തങ്കശ്ശേരി, രാമേശ്വര ക്ഷേത്രം, ശാസ്താംകോട്ട, ഓച്ചിറ ക്ഷേത്രം,മുനൂർ ദ്വീപ്, നീണ്ടകര തുറമുഖം. അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 

തെന്മല

ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസം കേന്ദ്രമാണ് തെന്മല. കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരകളിലാണ് തെൻമല സ്ഥിതിചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ തെന്മല; പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന ഒരു സർക്കാര്‍ നിയന്ത്രണ മേഖല കൂടിയാണ്.

Thenmala-eco-tourism-zone-Kollam-JP
തെന്മല, ചിത്രം : ജോസുകുട്ടി പനയ്ക്കൽ

എല്ലാ തരത്തിലുമുള്ള അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരിടമായ ഇവിടത്തെ പ്രധാന ആകർഷണം മനോഹരമായ പച്ച പുൽമേടുകളും, ബട്ടർഫ്ലൈ സഫാരികളുമാണ്. സംഗീത-നൃത്തങ്ങളും, സാഹസിക വിനോദങ്ങളും കൂടാതെ ട്രെക്കിങ്, ഹൈക്കിങ്, രാത്രി ക്യാമ്പിംഗ് എന്നിവയും തെന്മലയില്‍ ആസ്വദിക്കാം.

പാലരുവി, ഫയൽ ചിത്രം
പാലരുവി, ഫയൽ ചിത്രം

പാലരുവി

പാലരുവി വെള്ളച്ചാട്ടം 300 അടി ഉയരത്തിലാണ് പാറകളിൽ നിന്ന് ഒഴുകി വരുന്നത്. മനോഹരമായ ഒരു പിക്നിക് കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്.  പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു. ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. ഈ ഉഷ്ണമേഖലാ പ്രദേശത്ത് തണുത്ത വെള്ളം പതിവാണ്. ഇത് സാധാരണയായി ജനങ്ങളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.

ജടായുപ്പാറ

Jadayupara-JP
ജടായുപ്പാറ. ചിത്രം : ജോസുകുട്ടി പനയ്ക്കൽ

സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തില്‍  ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ജടായുപ്പാറ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാര കേന്ദ്രമാണ്.

ആലുംകടവ്

കൊല്ലം നഗരത്തില്‍നിന്നും  നിന്നും 26 കിലോമീറ്റര്‍  മാറി കൊല്ലം-ആലപ്പുഴ   ദേശീയ ജലപതക്കരികിലായി   സ്ഥിതി ചെയ്യുന്ന തീരദേശഗ്രാമം ആണ്   ആലുംകടവ് . ശുദ്ധ നീലനിറമാർന്ന കായല്‍പരപ്പും പച്ചപുതച്ച നൂറുകണക്കിന് തെങ്ങിന്‍ തോപ്പുകളും  ഇവിടത്തെ പ്രകൃതിയെ സുന്ദരമാക്കുന്നു. കൊഞ്ചും കരിമീനും കണമ്പും ഉള്‍പ്പടയുള്ള കായല്‍മല്‍സ്യങ്ങളുടെ ലഭ്യത ആഹാര   പ്രേമികളേയും ആലുംകടവിലേക്കാകര്‍ഷിക്കുന്നു. സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം, ബാക്ക് വാട്ടർ ക്രൂയിസ്,ഹൗസ്ബോട്ടുകൾ,  ആയുർവേദ ചികിത്സ, ആയുർവേദപ്രയോഗം, ഗ്രാമീണ ജീവിതമാസ്വദിക്കാനും മത്സ്യബന്ധനം നടത്താനുമുള്ള അവസരങ്ങൾ നല്‍കുന്ന കനാൽ പര്യടനം തുടങ്ങിയവ ആലുംകടവിനെ സഞ്ചാരികള്‍ക്ക്  പ്രിയങ്കരം ആക്കുന്നു. അലുംകടവില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം അകലയുള്ള മാതാ അമൃതാനന്ദമയി ആശ്രമത്തിന്റെ സന്ദർശനം ഇവിടുത്തെ മറ്റൊരു സാധ്യതയാണ്.

മൺറോതുരുത്ത്

അഷ്ടമുടി തടാകം
അഷ്ടമുടി തടാകം . ചിത്രം : ജോസുകുട്ടി പനയ്ക്കൽ

മണ്‍റോ ദ്വീപ്‌ പ്രാദേശികമായി മണ്‍റോ തുരുത്ത്‌ എന്നറിയപ്പെടുന്നു. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌

പുനലൂർ തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്. ബ്രിട്ടീഷ്‌സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.

അച്ചന്‍കോവില്‍

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് അലിമുക്ക് ചെമ്പനരുവി വഴി കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ അച്ചൻകോവിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രം വരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.

Fishing-in-Ashtamudi-lake--Kollam
ചിത്രം : അരവിന്ദ് ബാല

സാമ്പ്രാണിക്കോടി

മനോഹരമായ തടാകങ്ങളാല്‍ ചുറ്റപ്പെട്ട ശാന്തമായ കായലിലൂടെ യാത്ര ചെയ്യാന്‍ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുള്ളവര്‍ ഒരിക്കലും സാമ്പ്രാണിക്കോടി നഷ്ടപ്പെടുത്തരുത്. അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കോടി മനോഹരമായ ഒരു ദ്വീപാണ്. 2 മുതല്‍ 4 കിലോ മീറ്റര്‍ വരെ ആഴം കുറഞ്ഞ തടാകത്തിലൂടെ നടക്കാമെന്നതാണ് ഇവിടുത്തെ സവിശേഷത. ബോട്ടിംഗ് സൗകര്യവുമുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ബോട്ടിംഗിന് അനുവദിച്ചിരിക്കുന്ന സമയം.

തങ്കശ്ശേരി ലൈറ്റ് ഹൗസ്

തങ്കശ്ശേരി ലൈറ്റ് ഹൗസ് കേരളത്തിലെ മുഴുവൻ തീരപ്രദേശങ്ങളിലെയും ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വിളക്കുമാടമാണ്. അതിനാൽ സംസ്ഥാനത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ലൈറ്റ് ഹൗസുകളിൽ ഒന്നാണിത്. ടവറിന് ആകെ 41 മീറ്റർ അല്ലെങ്കിൽ 135 അടി ഉയരമുണ്ട്. 1902 മുതൽ പ്രവർത്തനക്ഷമമാണ്

kollam-sambranikodi-2

കോട്ടുക്കൽ ഗുഹാക്ഷേത്രം

തിരുവനന്തപുരം-കോട്ടയം എംസി റോഡിൽ സ്ഥിതി ചെയ്യുന്നു. മനോഹരവും ശാന്തവുമായ പാറയിൽ നിർമ്മിച്ച ശിവക്ഷേത്രമാണ് ഇത്. കോട്ടുകാൽ എന്ന പേര് കൊത്തിയ പാറയെ സൂചിപ്പിക്കുന്നു. മലയാളത്തിൽ ഈ ക്ഷേത്രം കൽതൃക്കോവിൽ എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന് രണ്ട് ഗുഹകൾ ഉണ്ട്. അതിൽ വലുത് നന്ദി കാളയും ചെറുതും ഹനുമാൻ പ്രതിഷ്ഠിച്ചതുമാണ്. ഈ ഗുഹകൾക്കിടയിൽ ഗണപതിയുടെ വിഗ്രഹം കാണാം. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിൽ നിലനിന്നിരുന്ന റോക്ക് കട്ട് വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. 

തങ്കശ്ശേരി ലൈറ്റ് ഹൗസ്
തങ്കശ്ശേരി ലൈറ്റ് ഹൗസ്. ചിത്രം : അരവിന്ദ് ബാല

കുംഭാവുരുട്ടി വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലെ ഏറെ അറിയപ്പെടുന്ന വെള്ളച്ചാട്ടങ്ങളിലൊന്നാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. ഉള്‍ക്കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇത് ട്രക്കിങ്ങ് പ്രേമികളുടെയും സാഹസിക സ‍ഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ്.

ശെന്തുരുണി വന്യജീവി സങ്കേതം

കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സംരക്ഷണ കേന്ദ്രമാണ് ശെന്തുരുണി വന്യജീവി സങ്കേതം. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ഇത് 1984 ൽ സ്ഥാപിതമായി. തെന്മലയാണ്‌ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. പുനലൂരിൽനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ തെന്മലയിലെത്താം. കല്ലട-പരപ്പാർ അണക്കെട്ട്‌, തൂക്കുപാലം, ബോട്ടിങ്, ശില്പോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിങ്, സൈക്ലിങ്, ബട്ടർഫ്ലൈ പാർക്ക്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, ഏറുമാടം, ട്രെക്കിങ് എന്നിവയാണ് തെന്മലയിലെ പ്രധാന ആകർഷണങ്ങൾ. കുളത്തൂപ്പുഴ റിസർവ് വനത്തിന്റെ ഭാഗമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം.

മീൻപിടിപ്പാറ

കൊല്ലം ചെങ്കോട്ടായി റോഡിൽ കൊട്ടാരക്കര പുലമൺ ജംക്‌ഷനിലാണ് മീൻപിടിപ്പാറ സെന്റ് ഗ്രിഗോറിയസ് കോളജിനു പിന്നിൽ അര കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലാണ് മീൻപിടിപ്പാറ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത്.മനോഹരമായ പാർക്കുകൾ, ചെറിയ വെള്ളച്ചാട്ടങ്ങൾ, വലിയ മത്സ്യപ്രതിമ, തൂക്കുപാലം, പുലമൺ തോട്ടിൽ കുളിക്കാനുള്ള സൗകര്യം, അരകിലോമീറ്റർ നീളമുള്ള നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു. നീരൊഴുക്ക് കുറവാണെങ്കിലും മീൻപിടിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

way-to-rosemala

കാപ്പില്‍ ബീച്ച്

കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പില്‍ തീരത്തെ മനോഹരമാക്കുന്നത്. പൊഴിമുഖവും വിശാലമായ തീരവും നിശബ്ദ അന്തരീക്ഷവുമാണ് കാപ്പിലിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നത്.തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലാണ് കാപ്പില്‍ തീരം.

പിനാക്കിൾ വ്യൂ പോയിന്റ്

പാവങ്ങളുടെ ഊട്ടി, കൊല്ലംകാരുടെ ഗവി, മിനി മൂന്നാര്‍ എന്നിങ്ങനെ നീളുന്നു പിനാക്കിൾ വ്യൂ പോയിന്റിൻറെ വിശേഷണങ്ങള്‍.മലയോര ഹൈവേയിലെ വലിയകുരുവിക്കോണം-വെഞ്ചേമ്പ്-തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും മധ്യേ, ഏക്കര്‍കണക്കായി പരന്നുകിടക്കുന്ന റബ്ബര്‍ എസ്റ്റേറ്റിന് മധ്യത്തായാണ് പ്രകൃതിയുടെ ഈ വിസ്മയ കാഴ്ച്ച.

ബീച്ച്
ചിത്രം : അരവിന്ദ് ബാല

സായിപ്പിന്റെ ഗുഹയും കുടുക്കത്തുപാറയും

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ തെല്ലൊന്നു പുറകോട്ടു വലിക്കുമെങ്കിലും കുടുക്കത്തുപാറ കാഴ്ചയിൽ അതിസുന്ദരിയാണ്. പ്രകൃതിയെ അടുത്തറിയണമെന്നുള്ളവർ ഉറപ്പായും സന്ദർശിക്കണം ഇവിടം. സസ്യജാലങ്ങളും ചിത്രശലഭങ്ങളും മഞ്ഞിന്റെ ആവരണവും പേരു സൂചിപ്പിക്കുന്നതു പോലെ നിറയെ പാറക്കൂട്ടങ്ങളും ചേരുമ്പോൾ കുടുക്കത്തുപാറയാകും. എവിടെയാണ് കുടുക്കത്തുപാറ? കൊല്ലം ജില്ലയിലെ അലയമൺ എന്ന സ്ഥലത്തെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ. സമുദ്രനിരപ്പിൽ നിന്നും 840 മീറ്റർ മുകളിലായി മൂന്നു പാറകൾ ചേർന്ന കുടുക്കത്തുപാറ. മലമുകളിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കാനായി സഞ്ചാരികൾക്കു 740 മീറ്റർ ഉയരത്തിൽ വരെ കയറാൻ കഴിയും. ആനക്കുളം കാട്ടിലൂടെ ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കുടുക്കത്തുപാറയിൽ എത്തിച്ചേരാം. കെഎസ്ആർടിസിയുടെ ഹരിപ്പാട്, മാവേലിക്കര, ആലപ്പുഴ ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ് സർവീസുകളുണ്ട്.

pinnacle-view-point

സ്വാഗതം കുടുക്കത്തുപാറയിലെ കാഴ്ചകൾപാറയുടെ മുകളിൽ എത്താനായി 360 കൽപ്പടവുകൾ കയറണം. പല വലുപ്പത്തിലും രൂപത്തിലുമുള്ള പാറകളും വീശിയടിക്കുന്ന കാറ്റും പുകച്ചുരുളുകൾ പോലെ ഉയരുന്ന മഞ്ഞും മുകളിൽ നിന്നുള്ള പ്രധാന കാഴ്ചയാണ്. പാറമുകളിൽ നിന്നുള്ള അസ്തമയ കാഴ്ചയും അവർണനീയം തന്നെയാണ്. 100 പടവുകൾ കയറി ചെല്ലുമ്പോൾ സായിപ്പിന്റെ ഗുഹ കാണാം. അല്പം വിശാലമായ ഉൾഭാഗമാണ് ഗുഹയ്ക്ക്. അഞ്ചുപേർക്ക്‌ വരെ ഇതിനുള്ളിൽ താമസിക്കാവുന്നതാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തു ഒരു സായിപ്പ് വന്നു താമസിച്ചതു കൊണ്ടാണ് സായിപ്പ് ഗുഹ എന്ന പേരു വന്നതെന്നു പറയപ്പെടുന്നു. അടുക്കള പാറ എന്നു വിളിപ്പേരുള്ള ഒരു പാറയും ഇവിടെയുണ്ട്. രണ്ടു പാറകൾ താങ്ങി നിർത്തിയിരിക്കുന്നത് പോലെയാണ് പ്രധാന പാറ നിലകൊള്ളുന്നത്. വന്നെത്തുന്ന സന്ദർശകർ ഇവിടെ ഭക്ഷണം ഉണ്ടാക്കിയിരുന്നതു കൊണ്ടാണ് ഈ പാറയെ അടുക്കള പാറ എന്ന് പേരിട്ടു വിളിക്കുന്നത്. ഗന്ധർവൻ പാല, ആരോഗ്യ പച്ച തുടങ്ങി ധാരാളം ഔഷധ സസ്യങ്ങൾ ഇവിടെ കാണാവുന്നതാണ്.

പാറയുടെ മുകളിലേക്കു നടന്നു കയറുന്നതിനു പടവുകളും അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി സുരക്ഷാവേലികളും സ്ഥാപിച്ചിട്ടുണ്ട്. പടവുകൾ കയറി മുകളിൽ ചെല്ലുമ്പോൾ വിശ്രമിക്കാനായി കോൺക്രീറ്റ് ബെഞ്ചുകളുമുണ്ട്.വികസനം പ്രഖ്യാപനങ്ങളിൽ മാത്രംവികസനം എന്നതു വാക്കുകളിൽ മാത്രം ഒതുങ്ങി പോയതിന്റെ എല്ലാ ലക്ഷണങ്ങളും പേറിയാണ് കുടുക്കത്തുപാറ സഞ്ചാരികളെ വരവേൽക്കുന്നത്. തകർന്നു കിടക്കുന്ന പ്രധാന പാത യാത്ര അല്പം ബുദ്ധിമുട്ടിക്കും. സന്ദർശകർക്കു വിശ്രമിക്കാനോ ഭക്ഷണത്തിനോ അത്യാവശ്യ സന്ദർഭങ്ങളിൽ തുണയാകുന്നതിനു ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല. വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല. സമീപത്തു സ്ഥിതി ചെയ്യുന്ന ചടയമംഗലം- ജടായുപാറ- തെന്മല ഇക്കോ ടൂറിസം പദ്ധതി- പാലരുവി വെള്ളച്ചാട്ടം എന്നിവയെ കുടുക്കത്തുപാറയുമായി ബന്ധിപ്പിച്ചാൽ ധാരാളം സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.

Content Summary:  Here are some tourism destinations in Kollam district, Kerala, India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com