ADVERTISEMENT

കിഴക്കിന്‍റെ അറ്റ്ലാന്റിസ് എന്നാണു ചൈനയിലെ ഷിചെങ് അഥവാ ലയണ്‍ സിറ്റി അറിയപ്പെടുന്നത്. ഷാങ്ഹായിൽ നിന്ന് 400 കിലോമീറ്റർ തെക്ക്, ഷെജിയാങ് പ്രവിശ്യയിലെ ക്വിയാൻ‌ഡോ തടാകത്തിന് കീഴിൽ 400 മീറ്ററോളം ആഴത്തില്‍ വെള്ളത്തിനടിയിലാണ് ഈ പുരാതന നഗരം സ്ഥിതിചെയ്യുന്നത്. 

ക്വിയാൻ‌ഡോ തടാകത്തിലെ വു ഷി പർവതത്തിന്‍റെ പേരില്‍ നിന്നാണ് ഷിചെങിന് 'ലയൺ സിറ്റി' എന്ന് പേര് ലഭിച്ചത്. 'അഞ്ച് സിംഹപര്‍വ്വതങ്ങള്‍' (Five Lion Mountain) എന്നാണു വു ഷി എന്ന പേരിനര്‍ത്ഥം. എഡി 618-907 കാലഘട്ടത്തില്‍, ടാങ്ങ് രാജവംശമാണ് നഗരം സ്ഥാപിച്ചതെന്ന് കരുതുന്നു. പിന്നീട്, പതിനാലാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭകാലം വരെ ചൈന ഭരിച്ച മിങ്, ക്വിങ് രാജവംശങ്ങളുടെ കാലത്ത് നഗരം അഭിവൃദ്ധി പ്രാപിച്ചു.

lion-city-onmanorama

പിന്നീട്, 1959 ൽ, സിനാൻ ജലവൈദ്യുത അണക്കെട്ടിന്‍റെ നിര്‍മ്മാണത്തെത്തുടര്‍ന്ന് നഗരം വെള്ളത്തില്‍ മുങ്ങി. ഈ വെള്ളപ്പൊക്ക സമയത്ത് ഏകദേശം 3,00,000 ആളുകളെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിന്നെയും പതിറ്റാണ്ടുകള്‍ക്ക് ശേഷം, 2001 ൽ നഗരത്തിന്‍റെ അവശിഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ മുന്‍കയ്യെടുത്തു പര്യവേഷണം സംഘടിപ്പിച്ചു. 

2011 ൽ ചൈനീസ് നാഷണൽ ജിയോഗ്രഫി പുറത്തുവിട്ട, സിംഹനഗരത്തിന്‍റെ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള ആളുകളില്‍ കൗതുകമുണര്‍ത്തി. പ്രകാശവും ഓക്സിജനും കുറവായത് കാരണം, നഗരത്തിന്‍റെ ഭാഗങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളൊന്നും ഇന്നും സംഭവിച്ചിട്ടില്ല. 

ഏകദേശം അര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ചെറുനഗരത്തിന്‌ അഞ്ച് പ്രവേശന കവാടങ്ങളുണ്ട്. ഇവയില്‍ രണ്ടെണ്ണം പടിഞ്ഞാറു വശത്തും ഓരോന്ന് വീതം മറ്റു ദിശകളിലും സ്ഥിതിചെയ്യുന്നു. നഗരത്തിന്‍റെ വിശാലമായ തെരുവുകളിൽ 265 കമാനപാതകളുണ്ട്, അതിൽ സിംഹങ്ങൾ, ഡ്രാഗണുകൾ, ഫീനിക്സുകൾ, ചരിത്രപരമായ ലിഖിതങ്ങൾ എന്നിവയുടെ സംരക്ഷിത ശിലാഫലകങ്ങൾ ഉൾപ്പെടുന്നു. ഇവയിൽ ചിലത് എഡി 1777 വരെ പഴക്കമുള്ളതാണ്. പതിനാറാം നൂറ്റാണ്ടിലാണ് നഗരത്തിന്‍റെ മതിലുകള്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

അനുഭവപരിചയമില്ലാത്ത വിനോദസഞ്ചാരികൾക്ക് ഇവിടം സുരക്ഷിതമല്ല. എന്നാല്‍, മുങ്ങല്‍വിദഗ്ധര്‍ക്ക് ഷിചെങ് നഗരം കാണാന്‍ അവസരമുണ്ട്. ബിഗ് ബ്ലൂ , സി ആവോ ഡൈവിങ് ക്ലബ് തുടങ്ങിയ ഓപ്പറേറ്റർമാര്‍ ഇവിടേക്ക് ഡൈവിങ് നടത്തുന്നുണ്ട്. ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയത്താണ് ഡൈവിംഗ് സീസണ്‍. ഈ സമയത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ പുരാതന നഗരത്തിന്‍റെ പ്രതാപം നേരിട്ട് കണ്ടറിയാന്‍ ഇവിടേക്ക് എത്തുന്നു.

English Summary:

Lion City, a real Atlantis in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com