ADVERTISEMENT

തണുപ്പുകാലത്ത് മണാലിയും ഊട്ടിയുമൊക്കെ യാത്ര പോയിവരുന്നവരാണ് എല്ലാവരും. കനത്ത വേനല്‍ കഴിഞ്ഞ്, തണുപ്പുകാലം വരുമ്പോഴേ ആഘോഷമാണ്. എന്നാല്‍, എന്നെങ്കിലുമൊരു ദിനം സൂര്യനെ കണ്ടെങ്കിലെന്ന് അത്രമേല്‍ ആഗ്രഹിക്കുന്ന ഒട്ടേറെ ഇടങ്ങള്‍ ഈ ലോകത്തുണ്ട്. അത്തരമൊരു പ്രദേശമാണ് ഒയ്മ്യാകോണ്‍. റഷ്യയിലെ ഫെഡറൽ സംസ്ഥാനമായ സാഖ റിപ്പബ്ലിക്കിൽ ഇൻഡിഗിർക്ക നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമീണ പ്രദേശമാണ് ഒയ്മ്യാകോണ്‍. ആർട്ടിക് തുന്ദ്ര മേഖലയുടെ ഭാഗമായ ഇവിടമാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസകേന്ദ്രം. അഞ്ഞൂറോളം ആളുകൾ മാത്രമാണ് ഈ സ്ഥലത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളത്. 

Oymyakon. Image Credit : Alexandr Berdicevschi/istockphoto
Oymyakon. Image Credit : Alexandr Berdicevschi/istockphoto

ഇവിടേക്കുള്ള റോഡ്‌ തന്നെ 'ദി റോഡ് ഓഫ് ബോൺസ്' എന്നാണ് അറിയപ്പെടുന്നത്. അതിശൈത്യം കൊണ്ട് വീടുകള്‍ മുഴുവനും എപ്പോഴും മഞ്ഞിന്‍റെ പുതപ്പിനുള്ളിലായാണ് കാണുന്നത്. നഗരത്തിനുള്ളില്‍ ചൂടു പകരാനായി ഒരു ഹീറ്റിംഗ് പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നു. കാറുകളാവട്ടെ, എഞ്ചിന്‍ കേടാവാതിരിക്കാന്‍ എപ്പോഴും പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ചൂടുള്ള ഗാരേജില്‍ സൂക്ഷിക്കണം. അതിനാല്‍ ഇവിടെ ഇന്ധന ചെലവ് പൊതുവേ കൂടുതലാണ്. 

Indigirka river. Image Credit : Mikail Sipatov/istockphoto
Indigirka river. Image Credit : Mikail Sipatov/istockphoto

സോവിയറ്റ് കാലഘട്ടത്തിലെ ഉയാസിക് വാനുകളാണ് ഇവിടെ ഏറ്റവും ജനപ്രിയ വാഹനം. ഇവയുടെ പാസഞ്ചർ കമ്പാർട്ട്മെന്റിൽ ചൂട് പുറത്തേക്ക് വിടുന്ന ഫാനുകളുണ്ട്. ശൈത്യകാലത്ത് ദിവസത്തില്‍ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും. ഈ സമയത്ത് ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആളുകളുടെ ജീവിതം.

നഗരത്തിൽ ഒരു സ്കൂൾ മാത്രമേയുള്ളൂ. താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസിനു താഴെയാകുമ്പോൾ ഇതും അടച്ചുപൂട്ടും. കൂടാതെ, ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയും ഇവിടെയുണ്ട്.

ഒയ്മ്യാകോണിലെ മിക്ക ടോയ്‌ലറ്റുകളും വീടുകൾക്കുള്ളിലല്ല തെരുവിലാണ് സ്ഥിതിചെയ്യുന്നത്. തണുത്തുറഞ്ഞ ഭൂമിയിലൂടെ പ്ലംബിംഗ് ചെയ്യുന്നത് ബുദ്ധിമുട്ടായതാണ് ഇതിനു കാരണം. 

കടുത്ത തണുപ്പ് കാരണം ഇവിടെ സസ്യങ്ങള്‍ ഒന്നുമില്ല. ഭക്ഷണത്തിനായി മാംസത്തെത്തന്നെ ആശ്രയിക്കണം. റെയിൻഡിയർ, ആർട്ടിക് മുയലുകൾ, കുതിരകൾ എന്നിവയുടെ മാംസവും മത്സ്യവുമാണ് ആളുകളുടെ പ്രധാന ഭക്ഷണം. കൂടാതെ മാനിന്‍റെ പാലും ഇവര്‍ ഉപയോഗിക്കുന്നു.

1993  ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്. മൈനസ് 67.7 ഡിഗ്രിയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.

ഒയ്മ്യാകോൺ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം 

ജൂൺ മുതൽ ജൂലൈ വരെയാണ് ഒയ്മ്യാകോൺ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് സൂര്യൻ അസ്തമിക്കുന്നില്ല, സ്കീയിംഗ്, ഐസ് സ്കേറ്റിങ്, ഡോഗ് സ്ലെഡിങ് എന്നിവ പോലെയുള്ള ശൈത്യകാല കായിക വിനോദങ്ങൾ ആസ്വദിക്കുകയും ചെയ്യാം.

English Summary:

Coldest inhabited places in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com