ഇന്ത്യൻ പൗരൻമാർക്ക് വിയറ്റ്നാം വീസ ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം

Mail This Article
ഏഷ്യൻ രാജ്യമായ വിയറ്റ്നാം സഞ്ചാരികളുടെ ഇഷ്ടയിടമാണ്. പ്രകൃതിഭംഗി നിറഞ്ഞ സ്ഥലങ്ങളും മനോഹരമായ കാഴ്ചകളുമുള്ള വിയറ്റ്നാമിൽ പോകാൻ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വീസ വേണോ എന്നത് പലപ്പോഴും സംശയം ഉണ്ടാക്കുന്ന കാര്യമാണ്. പല രാജ്യങ്ങളും ഇപ്പോൾ ഇന്ത്യക്കാർക്ക് വീസ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായി വിയറ്റ്നാം സന്ദർശിക്കാൻ ഇന്ത്യയിൽനിന്ന് പോകുന്നവർക്ക് വീസ വേണം. വിയറ്റ്നാമിലേക്കു പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾ അറിയേണ്ട കാര്യങ്ങൾ ഇതാ.

ഓൺലൈൻ ആയി വീസ ലഭിക്കും
വിയറ്റ്നാം വീസ ലഭിക്കുന്നത് ഇപ്പോൾ താരതമ്യേന എളുപ്പമാണ്. ഓൺലൈൻ ആയി അപേക്ഷിച്ചതിന് ശേഷം വിയറ്റ്നാമിൽ എത്തുമ്പോൾ വിമാനത്താവളത്തിൽനിന്ന് ‘ഓൺ അറൈവൽ’ ആയി വീസ ലഭിക്കും.
ഇന്ത്യൻ പൗരൻമാർക്ക് വിയറ്റ്നാം വീസ ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നത് തന്നെയാണ് ഇന്ത്യക്കാർക്ക് വിയറ്റ്നാമിലേക്കുള്ള വീസ ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം. അതിനായി www.VietnamVisa.govt.vn എന്ന വിയറ്റ്നാം സർക്കാരിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷാ ഫോം പൂർണമായി പൂരിപ്പിക്കുക. തുടർന്ന് വീസ ഓൺ അറൈവൽ കത്ത് ഓൺലൈനിൽനിന്ന് ലഭിക്കുന്നത് സൂക്ഷിച്ചുവയ്ക്കുക. വിയറ്റ്നാമിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ ഇത് കാണിച്ചാൽ മാത്രമാണ് നമുക്ക് വീസ ഓൺ അറൈവൽ ലഭിക്കുക.

ഇന്ത്യൻ പാസ്പോർട്ട് ആണോ? വീസ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ്?
വിയറ്റ്നാമിലേക്കുള്ള വീസ ലഭിക്കുന്നത് 2015 മുതൽ അൽപം ബുദ്ധിമുട്ടേറിയ കാര്യമായാണ് കണക്കാക്കുന്നത്. വീസയ്ക്ക് അപേക്ഷിക്കുന്നതിന് ഒപ്പം പാസ്പോർട്ടും മടക്കയാത്രയുടെ ടിക്കറ്റും സമർപ്പിക്കേണ്ടതാണ്. കൂടാതെ, താരതമ്യേന ഉയർന്ന ഫീസും ഇന്ത്യൻ പാസ്പോർട്ട് കൈവശം വെയ്ക്കുന്നവർ വീസ ലഭിക്കുന്നതിനായി നൽകണം. അതുകൊണ്ടു തന്നെ യാത്രയ്ക്ക് മുമ്പ് ഓൺലൈൻ വീസയ്ക്കായി അപേക്ഷിക്കുന്നതാണ് നൽകുന്നത്. ഒരു മാസത്തേക്കുള്ള സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് 35 യുഎസ് ഡോളർ ആണ് ചാർജ് ചെയ്യുന്നത്. മൂന്നു മാസത്തെ സിംഗിൾ എൻട്രി വീസയ്ക്ക് 45 യു എസ് ഡോളറും മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് 65 യു എസ് ഡോളറുമാണ് ചാർജ് ചെയ്യുന്നത്.

വിയറ്റ്നാം വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നിങ്ങളുടെ പാസ്പോർട്ടിന് വിയറ്റ്നാമിൽ എത്തിച്ചേരുന്ന അന്നുമുതൽ ആറുമാസത്തേക്ക് എങ്കിലും കാലാവധി ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പുതിയ സ്റ്റാംപ് പതിപ്പിക്കുന്നതിനായി പാസ്പോർട്ടിൽ ഒഴിവുള്ള പേജുകൾ ഉണ്ടായിരിക്കണം. വിമാനമാർഗം വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രമേ വീസ ഓൺ അറൈവൽ ഓപ്ഷൻ ബാധകമാകൂ. ജനനത്തീയതി, മുഴുവൻ പേര്, ഏത് രാജ്യം, പാസ്പോർട്ട് നമ്പർ എന്നിവ പാസ്പോർട്ടിലും വീസ ആപ്ലിക്കേഷനിലും ഒരുപോലെയായിരിക്കണം.

വിയറ്റ്നാമിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഇനി ബാഗ് പാക്ക് ചെയ്തോളൂ. പ്രകൃതിഭംഗി കൊണ്ടും മനോഹാരിത കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന ഈ നാട്ടിൽ നിരവധി സ്ഥലങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. കാറ്റ് ബാ ദ്വീപ്, ബാ ബീ തടാകം, ഫോങ് നാ നാഷനൽ പാർക്ക്, ക്യാറ്റ് ടിയാൻ നാഷനൽ പാർക്ക്, ബ്യൂൺ മാ തൂത്ത്, ലൈ സോൺ ദ്വീപ്, ബെൻ തൻ മാർക്കറ്റ് തുടങ്ങിയവ വിയറ്റ്‌നാമില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.