ADVERTISEMENT

അഗസ്ത്യാർകൂടം സീസൺ ട്രെക്കിങ് ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. ട്രെക്കിങ് ജനുവരി 24 നു തുടങ്ങി മാർച്ച് രണ്ട് വരെയാണ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ റജിസ്ട്രേഷൻ  അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി ബുക്ക് ചെയ്യാം.
 

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് തിരുവനന്തപുരത്തുള്ള അഗസ്ത്യാർകൂടം. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. ജനുവരി പകുതി മുതല്‍ ഫെബ്രുവരി പകുതി വരെയാണ് ഇവിടേക്ക് ആളുകള്‍ക്ക് പ്രവേശനമുള്ളത്, ഒരു ദിവസം പരമാവധി നൂറു പേര്‍ക്കാണ് യാത്ര അനുവദിക്കുന്നത്. വന്യമൃഗങ്ങളും അട്ടകളും വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം.
 

2500 രൂപയാണ് ട്രെക്കിങ് ഫീസ്
 

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിങ് ജനുവരി 24 മുതല്‍ മാര്‍ച്ച രണ്ടാം തീയതി വരെയാണ് നടക്കുന്നത്. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിങ് അനുവദിക്കൂ. ഒരു ദിവസം 70 പേര്‍ എന്ന കണക്കിലായിരിക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. ദിവസം 30 പേരില്‍ കൂടാതെ ഓഫ് ലൈൻ ബുക്കിങ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുവദിക്കാം. ഓഫ് ലൈന്‍ ബുക്കിങ്, ട്രെക്കിങ് തീയതിക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ സാധിക്കൂ. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിങ് ഫീസ്. 

ഓണ്‍ലൈന്‍ റജിസ്ട്രേഷന് ഫോട്ടോയും സര്‍ക്കാര്‍ അംഗീകരിച്ച ഐഡി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. 14 വയസു മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിങ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇന്‍ഷൂറന്‍സ് എന്നിവ ട്രെക്കിങിനു വരുന്നവര്‍ ഉറപ്പുവരുത്തണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിങ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 

വിശദ വിവരങ്ങള്‍ക്ക്: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം: 0471-2360762.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com