ADVERTISEMENT

രാത്രിയുടെ ഇരുട്ടു മുറ്റിയ യാമങ്ങളില്‍, ശവക്കല്ലറയില്‍ നിന്നിറങ്ങി വന്ന് ആളുകളുടെ രക്തമൂറ്റിക്കുടിക്കുന്ന ഡ്രാക്കുളയുടെ കഥ കേട്ടു പേടിക്കാത്ത കുട്ടിക്കാലമുള്ളവര്‍ ചുരുക്കമായിരിക്കും. ഡ്രാക്കുള വിഹരിച്ചു നടന്നതായി പറയുന്ന കാര്‍പാത്യന്‍ മലനിരകളും അവിടുത്തെ കാടുമൂടിയ വഴികളുമെല്ലാം പിന്നീട് യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി. ഇതേപോലെ നിഗൂഢമായ കാട്ടുപാതകള്‍ക്കും അവയെ ചൂഴ്ന്നുനില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥകള്‍ക്കും പഞ്ഞമില്ലാത്ത മറ്റൊരിടമാണ് അപ്പലാച്ചിയൻ മലനിരകൾ.

Old Rag Mountain. Image Credit : Douglas Rissing/istockphoto
Old Rag Mountain. Image Credit : Douglas Rissing/istockphoto

അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കേ അരികിലായാണ് അപ്പലാച്ചിയന്‍ മലനിരകള്‍. വടക്ക് ന്യൂഫൗണ്ട്‌ലൻഡ് മുതൽ തെക്ക് അലബാമാവരെ ഏകദേശം ഈ പര്‍വ്വതനിരകള്‍ 2,415 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹൈക്കിങ്-ഒൺലി പാത ഇവിടെയാണ്. അറ്റ്ലാന്റിക് തീരത്തിനു സമാന്തരമായി, ബ്ളൂറിഡ്ജ്, ഗ്രേറ്റ്സ്മോക്കി എന്നിങ്ങനെ അറിയപ്പെടുന്ന കിഴക്കേ നിരയും അല്ലിഗെനി എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ നിരയും ചേര്‍ന്നതാണ് അപ്പലാച്ചിയന്‍ മലനിരകള്‍ എന്നറിയപ്പെടുന്നത്.

കിഴക്കേ നിര ഇടതൂര്‍ന്ന വനപ്രദേശമാണ്. അപൂര്‍വങ്ങളായ ഒട്ടേറെ സസ്യജന്തുജാലങ്ങളും ഇവിടെ കാണാം. സഞ്ചാരികള്‍ക്ക് ഹൈക്കിങ്, ട്രെക്കിങ് മുതലായവ നടത്താനുള്ള ഒട്ടേറെ പാതകള്‍ ഈ ഭാഗത്തുണ്ട്. 

പടിഞ്ഞാറന്‍ ഭാഗത്തുള്ള അല്ലിഗെനി പര്‍വതനിരകള്‍ക്കിടയിലായാണ് ഗ്രേറ്റ് അപ്പലാച്ചിയൻ താഴ്​വര. ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായ ഈ താഴ്​വരയുടെ അതിര്‍ത്തിയില്‍ ചെങ്കുത്തായ മലഞ്ചരിവുകളാണ്. ഇതിന്‍റെ കിഴക്കേ അരികിന് 1,215 മീറ്ററോളം ഉയരം വരും. നിബിഡവനങ്ങൾ സമൃദ്ധമായി കാണപ്പെടുന്ന ഈ പ്രദേശത്ത് സാമ്പത്തിക പ്രാധാന്യമുള്ള ഒട്ടേറെ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നുണ്ട്. കൂടാതെ, കല്‍ക്കരി, എണ്ണ തുടങ്ങിയവ ഖനനം ചെയ്യുന്ന ഒട്ടേറെ ഭാഗങ്ങളും ഇവിടെയുണ്ട്. മലമുകളിലേക്കു വളഞ്ഞുപുളഞ്ഞുകയറുന്ന ഒട്ടേറെ തീവണ്ടിപ്പാതകള്‍ ഈ ഭാഗത്തെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്.

പ്രേതബാധയേറ്റ അപ്പലാച്ചിയ?

അപ്പലാച്ചിയയുടെ ഇരുട്ടു മൂടിയ വന്യഭാഗങ്ങളെ ചുറ്റിപ്പറ്റി നൂറായിരം കഥകളുണ്ട്. ഈ വനങ്ങളില്‍ അമാനുഷിക ജീവികളും പ്രേതങ്ങളും അലഞ്ഞുതിരിയുന്നതായി പറയപ്പെടുന്നു. ചെന്നായ മനുഷ്യന്‍, മോത്ത്മാൻ, വാമ്പസ് ക്യാറ്റ്, റേവൻ മോക്കർ, ഗ്രാഫ്റ്റൺ, ഫ്ലാറ്റ്‌വുഡ്സ് മോൺസ്റ്റേഴ്‌സ് എന്നിങ്ങനെ പല പേരുകളുണ്ട് ഇവിടുത്തെ അമാനുഷിക ജീവികള്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ഒട്ടേറെ കഥകള്‍ പ്രചരിച്ചത് കാണാം.  

ഏകദേശം 1.2 ബില്യൺ വർഷങ്ങൾക്ക് മുമ്പ് എല്ലാ ഭൂഖണ്ഡങ്ങളും ഒന്നായിരുന്നപ്പോഴാണ് അപ്പലാച്ചിയൻ മലനിരകളിലെ പാറകള്‍ രൂപപ്പെട്ടത് എന്നു പറയപ്പെടുന്നു. പിന്നീട് വിവിധ പ്രകൃതിപ്രതിഭാസങ്ങള്‍ മൂലം ഇവിടം വനങ്ങളും ജലാശയങ്ങളും വന്യമൃഗങ്ങളും കൊണ്ട് നിറഞ്ഞു. അപ്പലാച്ചിയയുടെ ഭൂരിഭാഗവും മനുഷ്യവാസമില്ലാതെ തുടരുന്നതിനാൽ, ആ പുരാതന ജൈവവൈവിധ്യത്തിന്‍റെ ഭൂരിഭാഗവും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

ഇരുണ്ട, മൂടല്‍മഞ്ഞ് ചൂഴ്ന്നു നില്‍ക്കുന്ന ചുവന്ന സ്‌പ്രൂസ് വനങ്ങളും തട്ടുതട്ടായി നിരന്നുകിടക്കുന്ന ഓക്ക് വനങ്ങളും സിൽവർ മേപ്പിൾ ചതുപ്പുകളും പുല്‍മേടുകളുമെല്ലാമായി വ്യത്യസ്തമായ ഭൂപ്രകൃതികളുടെ സമ്മേളനം ഈ മലനിരകളെ കഥകളുടെ കൂടാരമാക്കുന്നു. നിഗൂഢതയുടെ മേമ്പൊടി ചേര്‍ക്കുമ്പോള്‍ ഈ പ്രദേശങ്ങള്‍ എഴുത്തുകാരന്മാര്‍ക്ക് പ്രിയപ്പെട്ട പ്രേതഭവനങ്ങളായി രൂപാന്തരപ്പെടുന്നു. അതീന്ദ്രിയതയിലേക്കുള്ള കവാടമായി ഇവിടം ലോകമെങ്ങും വാഴ്ത്തപ്പെടുന്നു.

അപ്പലാച്ചിയയിലെ കാഴ്ചകള്‍

അപ്പലാച്ചിയൻ പർവത പാത പല സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു, ഈ സ്ഥലങ്ങളിൽ ചിലത് ജനവാസമുള്ളതും മറ്റുള്ളവ വിജനവുമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ പണിത ഡഡ്‌ലി നഗരം സന്ദര്‍ശിക്കേണ്ടതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ പണിത ഈ പട്ടണം 19-ാം നൂറ്റാണ്ടിൽ നിവാസികൾ ഉപേക്ഷിച്ചു പോയി. ഈ ഗ്രാമത്തില്‍ പ്രേതബാധയുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു.

ഷെനാൻഡോ നാഷണൽ പാർക്കിലെ ഓൾഡ് റാഗ്  ലോകത്തിലെ ഏറ്റവും മികച്ച 25 ഹൈക്കിങ് പാതകളില്‍ ഒന്നാണ്. നിരീക്ഷണ ഗോപുരവും കാടിന്‍റെ വിദൂരകാഴ്ചയും കാണുന്ന ക്ലിംഗ്മാൻസ് ഡോം ആണ് മറ്റൊരു ആകര്‍ഷണം. ഗ്രേലോക്ക് പർവതത്തിന് മുകളിലുള്ള വെറ്ററൻസ് വാർ മെമ്മോറിയൽ ടവർ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരിടമാണ്. ആഭ്യന്തരയുദ്ധത്തില്‍ മരണപ്പെട്ട സൈനികരുടെ ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രദേശമാണ് ഇതെന്നാണ് കഥ.

ലോറൽ വെള്ളച്ചാട്ടം, ടോം ബ്രാഞ്ച് വെള്ളച്ചാട്ടം, റോസ് റിവർ വെള്ളച്ചാട്ടം, അമിക്കലോല വെള്ളച്ചാട്ടം, അരെതുസ വെള്ളച്ചാട്ടം, എക്കോ തടാകം, ഇന്ത്യൻ ക്രീക്ക് വെള്ളച്ചാട്ടം, ലോൺസം തടാകം എന്നിവയും 6,288 അടി ഉയരത്തില്‍ വടക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മൗണ്ട് വാഷിങ്ടൺ, ചൊകൊറുവ പർവ്വതം, സ്റ്റോണി മാൻ ലുക്ക്ഔട്ട്, മൗണ്ട് മാൻസ്ഫീൽഡ്, ചാർലീസ് ബനിയൻ, മക്കാഫി നോബ് തുടങ്ങിയ ഹൈക്കിങ് പാതകളും ഇവിടുത്തെ ജനപ്രിയ വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍പ്പെടുന്നു.

English Summary:

The Appalachian Mountains, often called the Appalachians, are a mountain range in eastern to northeastern North America.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com